അലനല്ലൂർ: സ്വകാര്യ കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നുള്ള വെള്ളം മുഴുവൻ റോഡിലേക്ക് ഒഴുക്കിവിടുന്നതിനാൽ ചെറിയ മഴയിലും കണ്ണംകുണ്ട് റോഡ് തോടാകും. മൂന്ന് നിലകളുള്ള വലിയ കോംപ്ലക്‌സിന്റെ മേൽക്കൂരയിൽ വീഴുന്ന മഴവെള്ളം വലിയ പൈപ്പിലൂടെയാണ് റോഡിലേക്ക് ഒഴുക്കിവിടുന്നത്. ഇത് റോഡിന്റെ തകർച്ചയ്ക്ക് കാരണമാകുന്നതായി പരിസരവാസികൾ പറയുന്നു.
കെ.എസ്.ഇ.ബി.യുടെ അനുമതിയില്ലാതെയാണ് ഇലക്ട്രിക്ക് പോസ്റ്റിൽ പൈപ്പ് കെട്ടി വെള്ളം ഒഴുക്കിവിടുന്നത്. റോഡിലൂടെ വാഹനങ്ങൾ കടന്ന് പോകുമ്പോൾ സമീപത്തെ കടകളിലേക്ക് വെള്ളം കയറുന്നതും പതിവായിട്ടുണ്ട്.
ഈ കെട്ടിടത്തിന്റെ മറ്റൊരുഭാഗത്തും ഷീറ്റിറക്കികെട്ടി അതിനുമുകളിലേക്ക് പൈപ്പിൽ വെള്ളം ഒഴുക്കി വിടുന്നുണ്ട്. മഴ തോർന്നാലും ഈ വെള്ളം റോഡിലേക്ക് പതിച്ചു കൊണ്ടിരിക്കും. ഇത് വഴി പോകുന്ന ബൈക്ക് യാത്രികർക്ക് ഇത് വലിയ തലവേദനയാണ്.
തുടർച്ചയായി വെള്ളം കുത്തിയൊഴുകുന്നതോടെ സംസ്ഥാനത്തെ ആദ്യ ഗ്രാമീണ റബറൈസ്ഡ് റോഡ് തകർച്ചയുടെ വക്കിലാണ്. ഇതിനെതിരെ നാട്ടുകാരും കച്ചവടക്കാരും ചേർന്ന് വകുപ്പ് മന്ത്രിക്കും മറ്റും പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ്.