വടക്കഞ്ചേരി: പൊതുജനങ്ങളെയും പൊലീസിനെയും ഒരുപോലെ ആശങ്കയിലാക്കിയ കുതിരാനിൽ മലയിടിഞ്ഞ വ്യാജ വാർത്ത സൃഷിടിച്ചവരും പ്രചരിപ്പിച്ചവരും കുടുങ്ങും. കഴിഞ്ഞ ദിവസമാണ് കുതിരാനിൽ മലയിടിഞ്ഞതായി നവ മാധ്യമങ്ങളിൽ വ്യാജപ്രചരണം ഉണ്ടായത്. ഇത് ശരിയല്ലെന്ന് ഔദ്യോഗിക അറിയിപ്പ് വന്നിട്ടും വ്യാജനാണ് വൈറൽ.
പാലക്കാട്- തൃശൂർ റൂട്ടിൽ കുതിരാൻമല ഇടിഞ്ഞു വീണു, മണിക്കൂറുകളായി യാത്ര തടസപ്പെട്ടു നിൽക്കുന്നു, ഏതാനും വണ്ടികൾ മണ്ണിനടിയിൽ പെട്ടു, മല ഇനിയും ഇടിയാവുന്ന തരത്തിൽ ഗുരുതമായ സാഹചര്യമാണുള്ളത് എന്നിങ്ങനെയായിരുന്നു സന്ദേശം വ്യാപകമായി വാട്‌സാപ്പിൽ ചിത്രങ്ങൾ സഹിതം പ്രചരിച്ചത്. കഴിഞ്ഞ വർഷം കുതിരാൻ അമ്പലത്തിന്റെ മുന്നിലായി മലയിടിഞ്ഞ് തിരുവനന്തപുരം വെമ്പായം സ്വദേശി മരിക്കുകയും ഏഴോളം വാഹനങ്ങൾ മണ്ണിനടിയിൽ കുടുങ്ങുകയും ചെയ്തിരുന്നു.
ആ ചിത്രമാണ് വ്യാപകമായി പ്രചരിക്കപ്പെട്ടത്. ശരിയോ തെറ്റോ എന്ന് നോക്കാതെ ചിത്രങ്ങളും വാർത്തയും വാട്‌സാപ്പിൽ കിട്ടിയവർ മറ്റുള്ളവരുമായി ഷെയർ ചെയ്തതോടെ വാർത്ത വലിയ രീതിയിൽ പ്രചരിച്ചു. കുതിരാനിലെ നിലവിലെ ഭീതിജനകമായ സ്ഥിതിയറിയാവുന്ന ആളുകൾ വാർത്ത പൂർണ്ണമായും വിശ്വസിച്ചു. പ്രചരണം വ്യാപകമായതോടെ പണികിട്ടിയത് ഹൈവേ പൊലീസിനും യാത്രക്കാർക്കുമാണ്.
യാത്രയ്ക്ക് തയ്യാറെടുത്തവർ കുതിരാൻ വഴിയുള്ള യാത്ര ഒഴിവാക്കിയപ്പോൾ ഹൈവേ പൊലീസിന് വന്നത് മുന്നൂറോളം കോളുകൾ. കുതിരാനിലെ വൻ ഗതാഗതകുരുക്ക് നിയന്ത്രിക്കുകയായിരുന്ന ഹൈവേ പൊലീസ് ഇതോടെ മറുപടി പറഞ്ഞ് മടുത്തു. പ്രചരണം ശക്തമായതോടെ നടപടിയിടുക്കുവാൻ ഒരുങ്ങിയിരിക്കുകയാണ് പൊലീസ്.