പാലക്കാട്: ഇരുചക്രവാഹനം ഒാടിക്കുന്നവർ ഹെൽമറ്റ് നിർബന്ധമാക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന ശക്തം. ഇതിന്റെ ഭാഗമായി ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചവരിൽ നിന്ന് സെപ്തംബർ ഒന്നു മുതൽ ഇന്നലെ വരെ ആകെ രജിസ്റ്റർ ചെയ്തത് 237 കേസുകൾ. പിഴയിനത്തിൽ 237000 രൂപയും ഈടാക്കി.

ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ 1000 രൂപയാണ് പിഴ ഈടാക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ യാത്രക്കാർക്ക് ബോധവത്കരണം നൽകിയിരുന്നു. തുടർന്നാണ് നിയമം ലംഘിക്കുന്നവർക്കെതിരെ സെപ്തംബർ ഒന്നു മുതൽ പിഴ ഈടാക്കി തുടങ്ങിയത്.


 പരിശോധന ശക്തം
പരിശോധന കർശനമാക്കണമെന്ന ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. പലരും വാഹനം ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കാറില്ല. കാറുകളിൽ പിൻ സീറ്റിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്നും ഇതോടൊപ്പം നിർബന്ധമാക്കിയിട്ടുണ്ട്. അപകടങ്ങൾ ഉണ്ടാകുമ്പോൾ മരണങ്ങൾ സംഭവിക്കുന്നതിന്റെ ഏറിയപങ്കും ഇത്തരം നിയമങ്ങൾ പാലിക്കാത്തതുമൂലമാണ്. അപകടങ്ങളിൽ നിന്ന് ഒരു പരിധിവരെ ജീവൻ രക്ഷിക്കാനുള്ള മാർഗങ്ങളാണ് ഡ്രൈവർ ഉൾപ്പെടെയുള്ളവർ ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കുന്നത്. പി.ശിവകുമാർ, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ, പാലക്കാട്.