കൊല്ലങ്കോട്: പട്ടികജാതി വികസനവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൊല്ലങ്കോട് പ്രീ-മെട്രിക് ഹോസ്റ്റൽ (ആൺകുട്ടികളുടെ) ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വർഷമായിട്ടും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ വീർപ്പുമുട്ടുകയാണ് വിദ്യാർത്ഥികൾ.
പഴയ കെട്ടിടത്തിൽ നിന്നും മാറിവരുമ്പോൾ കൊണ്ടുവന്ന കേടായ കിടക്കയാണ് ഇപ്പോഴും വിദ്യാർത്ഥികൾ ഉപയോഗിക്കുന്നത്. കട്ടിൽ നൽകാമെന്ന് പറഞ്ഞെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല. വസ്ത്രം, പുസ്തകങ്ങൾ എന്നിവ വയ്ക്കാനുള്ള അലമാരകളോ മറ്റു സംവിധാനങ്ങളോ ഇതുവരെ സജ്ജീകരിച്ചിട്ടില്ല. ആവശ്യത്തിന് ഫണ്ടില്ലെന്നാണ് ബന്ധപ്പെട്ട അധികൃതർ നൽകുന്ന വിശദീകരണം.
വസ്ത്രം അലക്കാനുള്ള അലക്കുകല്ല് ഇല്ലാത്തതിനാൽ ഏറെ പാടുപെടുകയാണ് വിദ്യാർത്ഥികൾ. കഴിഞ്ഞയാഴ്ച പുതിയതായി ചാർജെടുത്ത ബ്ലോക്ക് പട്ടികജാതി വികസന ഓഫീസറോട് വിഷയങ്ങൾ അവതരിച്ചപ്പോൾ ഉടൻ പരിഹരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.
ഇടുക്കി, മൂന്നാർ മുതൽ കൊല്ലങ്കോട് ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള 30 ഓളം പട്ടികജാതി - ഒ.ബി.സി വിദ്യാർത്ഥികളാണ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നത്. പല്ലശ്ശന പാതയിൽ മുതലിയാർ കുളത്തിന് സമീപം വാടക കെട്ടിടത്തിൽ വീഴാറായ നിലയിൽ പ്രവർത്തിച്ചിരുന്ന ഹോസ്റ്റലിന് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്താണ് സ്ഥലം ഏറ്റെടുത്ത് നൽകിയത്. തുടർന്ന് പട്ടികജാതി വികസന ഫണ്ടുപയോഗിച്ചാണ് മൂന്ന് നിലകളുള്ള കെട്ടിടം പണികഴിപ്പിച്ചത്. 2018 ഒക്ടോബർ 29ന് മന്ത്രി എ.കെ.ബാലനാണ് ഉദ്ഘാടനം ചെയ്തത്.