ഒറ്റപ്പാലം: സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ 340 പോയിന്റുകളോടെ മലപ്പുറം ജില്ല ഓവറോൾ ചാമ്പ്യൻമാർ. 310 പോയിന്റ് നേടി കോഴിക്കോടാണ് രണ്ടാംസ്ഥാനത്ത്. 301 പോയന്റുമായി ആതിഥേയരായ പാലക്കാട് മൂന്നാംസ്ഥാനം മൂന്നാമതെത്തി.
സ്വർണക്കപ്പിനെ ചൊല്ലി ഉടലെടുത്ത തർക്കം പരിഹരിക്കാൻ മൂന്ന് വിഭാഗങ്ങളിലും കൂടുതൽ പോയിന്റുനേടിയ ജില്ലയേതെന്ന് നോക്കി ജേതാക്കളെ പ്രഖ്യാപിക്കുകയായിരുന്നു. കേൾവി പരിമിതരുടെ വിഭാഗത്തിനുള്ളതാണ് സ്വർണക്കപ്പെന്ന വാദമാണ് തർക്കത്തിന് കാരണമായത്. സംഘാടകർക്ക് തന്നെ ജേതാക്കളെ പ്രഖ്യാപിക്കുന്നതിൽ പിഴവ് പറ്റുകയായിരുന്നു.
കേൾവി പരിമിതിയുള്ള 5 മുതൽ 10 വരെയുള്ള ക്ലാസുകളുടെ വിഭാഗത്തിൽ പത്തനംതിട്ട 70 പോയിന്റു നേടി ജേതാക്കളായി. മലപ്പുറം ജില്ല 64 പോയിന്റുമായി രണ്ടാം സ്ഥാനവും, എറണാകുളം, കോഴിക്കോട് ജില്ലകൾ 60 പോയിന്റ് വീതം നേടി മൂന്നാം സ്ഥാനവും നേടി.
കാഴ്ച പരിമിതിയുള്ള 1 മുതൽ 7 ക്ലാസുകളിലെ വിദ്യാർത്ഥികൾ മത്സരിച്ച ഇനങ്ങളിൽ കോട്ടയം ജില്ല 63 പോയിന്റുമായി ഒന്നാമതെത്തി. രണ്ടാംസ്ഥാനം 61 പോയിന്റുമായി കോഴിക്കോടും, 56 പോയിന്റുമായി തിരുവനന്തപുരം മൂന്നാംസ്ഥാനവും നേടി. കാഴ്ച പരിമിതിയുള്ള 8 മുതൽ 10 വരെയുള്ള ക്ലാസുകളിൽ മലപ്പുറം ജില്ല 68 പോയിന്റുമായി ജേതാക്കളായി. കോട്ടയം ജില്ല 53 പോയന്റുമായി രണ്ടാം സ്ഥാനത്തും തൃശൂർ ജില്ല 52 പോയിന്റുമായി മൂന്നാം സ്ഥാനത്തുമെത്തി. കാഴ്ച പരിമിതിയുള്ള ഹയർസെക്കൻഡറി വിഭാഗത്തിൽ തിരുവനന്തപുരം 68 ജേതാക്കളായി. കോഴിക്കോട് 53 പോയിന്റ് നേടി രണ്ടാം സ്ഥാനവും, പാലക്കാട് 40 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി. കേൾവി പരിമിതിയുള്ളവരുടെ ഹയർസെക്കൻഡറി വിഭാഗത്തിൽ പാലക്കാട് ജില്ല 68 പോയന്റ് നേടി ജേതാക്കളായി പത്തനംതിട്ട ജില്ല 63 പോയിന്റ് നേടി രണ്ടാം സ്ഥാനവും, കോഴിക്കോട് ജില്ല 54 പോയന്റു മായി മൂന്നാം സ്ഥാനവും നേടി.
സമാപന സമ്മേളനം വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എൻ.എം.നാരായണൻ നമ്പൂതിരി അധ്യക്ഷനായി. പി.ഉണ്ണി എം.എൽ.എ സമ്മാനവിതരണം നടത്തി. എ.ഡി.പി.ഐ സി.എ.സന്തോഷ് ജേതാക്കളെ പ്രഖ്യാപിച്ചു. നഗരസഭ ഉപാധ്യക്ഷ കെ.രത്‌നമ്മ, കൗൺസിലർമാരായ സത്യൻ പെരുമ്പറക്കോട്, എൽ.ആർ.ഹേമ, വി.സുകുമാരൻ സംസാരിച്ചു. ഡി.ഡി.ഇ പി.കൃഷ്ണൻ സ്വാഗതവും, യു.എ.മജീദ് നന്ദിയും പറഞ്ഞു.