പുതുശ്ശേരി: ചെല്ലങ്കാവ് പാടശേഖര സമിതിയിലെ പൂണ്ടിപ്പാറ കുട്ടപ്പൻ, സഹദേവൻ, ജേക്കബ്, മണി എന്നിവരുടെ ഏക്കർകണക്കിന് നെൽകൃഷിയാണ് കഴിഞ്ഞദിവസം രാത്രി കാട്ടാനകൾ നശിപ്പിച്ചത്. വിളവെടുപ്പിന് പാകമായ നെൽകൃഷി മുഴുവനും കാട്ടാനകൾ ചവിട്ടിമെതിച്ചു. കാട്ടുപന്നിയുടെയും മയിലിന്റെയും ശല്യവും രൂക്ഷമാണ്. ഇതോടെ കൃഷിയിൽ നിന്ന് പിന്തിരിയാൻ ഒരുങ്ങുകയാണ് കർഷകർ.
നെൽ കൃഷിക്ക് വനം വകുപ്പ് നൽകുന്ന നഷ്ട പരിഹാരം വണ്ടി കൂലിക്ക് പോലും തികയില്ല. വല്ലടിയിൽ നിന്ന് പൂണ്ടിപ്പാറക്കുള്ള റോഡുപണി അഴിമതി ആരോപണത്തെ തുടർന്ന് നിർത്തിവച്ചിട്ട് പത്ത് വർഷത്തിലേറെയായി. പ്രദേശത്തെ ഒമ്പതോളം എസ്.സി കുടുംബങ്ങളും അമ്പത് ഏക്കറോളം വരുന്ന കൃഷിസ്ഥലത്തെ കർഷകരും വന്യമൃഗശല്യം കാരണം വലയുകയാണ്. പ്രശ്നം പരിഹരിച്ചെങ്കിൽ മാത്രമേ ഇനി കാർഷിക രംഗത്തേക്കുകുള്ളൂ എന്നാണ് കർഷകർ പറയുന്നത്.