niramaya
കുഴൽമന്ദം ആയുർവേദ ഡിസ്‌പെൻസറിയുടെ ആഭിമുഖ്യത്തിൽ തുടങ്ങുന്ന നിരാമയ പദ്ധതിയുടെ ഉദ്ഘാടനം രമ്യ ഹരിദാസ് എം.പി നിർവഹിക്കുന്നു

പാലക്കാട്: കുട്ടികൾക്ക് കൗമാരഘട്ടത്തിലെ ശാരീരിക മാനസിക പ്രശ്‌നങ്ങളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുന്നതിനും അവരെ ലഹരി വസ്തുക്കൾ ഉൾപ്പെടെയുള്ള തിന്മകളിൽ നിന്നും മോചിപ്പിക്കുന്നതിനുമായി കുഴൽമന്ദം ആയുർവേദ ഡിസ്‌പെൻസറിയുടെ ആഭിമുഖ്യത്തിൽ നിരാമയ പദ്ധതിക്ക് തുടക്കമായി. രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തു. കുഴൽമന്ദം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി തുടക്കത്തിൽ കുഴൽമന്ദം മോഡൽ റെസിഡൻഷ്യൽ പോളിടെക്‌നിക് കോളേജ്, കുഴൽമന്ദം ഗവ.ഐ.ടി.ഐ എന്നിവിടങ്ങളിലാണ് ആരംഭിക്കുക.

വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ബോധവത്ക്കരണ ക്ലാസുകളും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് പ്രത്യേക കൗൺസിലിംഗും ജില്ലാ ആയുർവേദ ആശുപത്രിയിൽ ഫോളോ അപ്പും നൽകും. പൊലീസ് നാർക്കോട്ടിക് സെല്ലിന്റേയും എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷൻ പദ്ധതിയടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. മൊബൈൽ ഫോൺ അഡിക്ഷൻ, പഠനവൈകല്യങ്ങൾ എന്നിവയ്ക്കും പ്രത്യേക ചികിത്സയും മരുന്നും ലഭ്യമാക്കും. അടുത്ത വർഷം മുതൽ പദ്ധതി ഹൈസ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കും.

കുഴൽമന്ദം ഗവ.ഐ.ടി.ഐയിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് സി.പ്രകാശ്, ഭാരതീയചികിത്സാ വകുപ്പ് വടക്കഞ്ചേരി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ശ്രീകല, ഡോ.ജയന്തി വിജയൻ, കുഴൽമന്ദം സി.ഐ അബ്ദുൾ മുനീർ, വിമുക്തി മിഷൻ മാനേജർ അസി.എക്‌സൈസ് കമ്മീഷണർ കെ.ജയപാലൻ എന്നിവർ പങ്കെടുത്തു.