valayar-

പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് പ്രായപൂ‌ർത്തിയാകാത്ത ദളിത് സഹോദരിമാർ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ മൂന്ന് പ്രതികളെ പാലക്കാട് പോക്‌സോ കോടതി വെറുതേവിട്ടു. പാമ്പാംപള്ളം കല്ലങ്കാട് സ്വദേശികളായ എം. മധു (കുട്ടിമധു,​ 29), വി. മധു (29), ഇടുക്കി രാജാക്കാട് നാലുതൈക്കൽ വീട്ടിൽ ഷിബു (45) എന്നിവരെയാണ് സംശയത്തിന്റെ ആനുകൂല്യത്തിൽ പാലക്കാട് അഡിഷണൽ സെഷൻസ് കോടതി ജഡ്ജി എസ്. മുരളീകൃഷ്ണ വെറുതേവിട്ടത്. മതിയായ തെളിവുകൾ ഹാജരാക്കാനും കേസ് തെളിയിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിധിയിൽ പറഞ്ഞു.

അഞ്ച് പ്രതികളുണ്ടായിരുന്ന കേസിൽ മൂന്നാംപ്രതി പ്രദീപ്കുമാറിനെ തെളിവുകളുടെ അഭാവത്തിൽ നേരത്തെ വെറുതേ വിട്ടിരുന്നു. അഞ്ചാം പ്രതിക്ക് പ്രായപൂർത്തിയാകാത്തതിനാൽ കേസ് ജുവനൈൽ കോടതിയിലാണ്. ഇതിന്റെ വിധിയും ഉടൻ വന്നേക്കും.

2017ൽ ആയിരുന്നു പെൺകുട്ടികളുടെ മരണം. 13 വയസുള്ള മൂത്ത കുട്ടിയെ ജനുവരി 13നും ഒമ്പതു വയസുള്ള സഹോദരിയെ മാർച്ച് നാലിനുമാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ ക്രൂരപീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്‌തെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. രണ്ടു കേസുകളിലും പോക്‌സോ, പട്ടികജാതി-വർഗ അതിക്രമം, പീഡനം, വീട്ടിൽ കയറി അതിക്രമം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്.

കേസിൽ തെളിവുകൾ അവഗണിച്ചതിന് അന്നത്തെ വാളയാർ എസ്.ഐയെ സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണ ചുമതലയിലുണ്ടായിരുന്ന സി.ഐ, രണ്ട് ഡിവൈ.എസ്.പിമാർ എന്നിവർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും തൃശൂർ റേഞ്ച് ഐ.ജി ഉത്തരവിട്ടിരുന്നു. ഇതിനിടെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് ജീവനൊടുക്കിയതും വിവാദമായി. തുടർന്ന് എ.എസ്.പി ജി. പൂങ്കുഴലിയുടെയും ഡിവൈ.എസ്.പി എം.ജെ. സോജന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തി കുറ്റപത്രം സമർപ്പിച്ചത്.

ദുരൂഹതകൾ വിട്ടുമാറാതെ

ശെൽവപുരത്ത് ഓടും ഷീറ്റും മേഞ്ഞ വീടിന്റെ കഴുക്കോലിൽ ഒരേ സ്ഥാനത്താണ് രണ്ടുമാസത്തിനിടെ സഹോദരിമാരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എട്ടടി ഉയരത്തിൽ മൃതദേഹങ്ങൾ കണ്ടതും ഈ ഉയരത്തിൽ തൂങ്ങിമരിക്കുന്നതെങ്ങനെ എന്നതുമാണ് സംശയത്തിനിടയാക്കിയത്. എന്നാൽ കയറിലെ കുരുക്കിന്റെ പ്രത്യേകതയും താഴെയുണ്ടായിരുന്ന കട്ടിലും ദുരൂഹത ഇല്ലാതാക്കിയെന്നായിരുന്നു പൊലീസ് ഭാഷ്യം. ഏതു സമയവും അഴിഞ്ഞുവീഴാവുന്ന രീതിയിലാണ് കയർ കുരുക്കിയതെന്നും കൊലപാതകമാണെങ്കിൽ കുരുക്ക് ഇപ്രകാരമായിരിക്കില്ലെന്നും പൊലീസ് ഉറപ്പിച്ചു.

ഇളയ പെൺകുട്ടിയുടെ മരണ സമയത്ത് സംഭവസ്ഥലം പരിശോധിച്ച പൊലീസ് സർജനും ആത്മഹത്യയാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. രണ്ട് പെൺകുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് കണ്ടെത്തിയതിനാൽ പെൺകുട്ടികളുടെ ബന്ധുക്കളും അച്ഛന്റെ സുഹൃത്തും ഉൾപ്പെടെ അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തത്. അയൽവാസിയായ പതിനേഴുകാരനും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

പ്രതികളെ രക്ഷിച്ചത്

പൊലീസ്: അമ്മ

മക്കളെ പീഡിപ്പിച്ചു കൊന്നവരെ വെറുതേവിട്ട കോടതി വിധി താങ്ങാനാവുന്നില്ലെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. പൊലീസ് അന്വേഷണത്തിലെ വീഴ്ച കൊണ്ടാണ് പ്രതികൾ രക്ഷപ്പെട്ടത്. വിധി ഇന്നലെയാണെന്ന കാര്യം പോലും അറിഞ്ഞില്ല. പൊലീസുകാരോ വക്കീലോ അറിയിച്ചില്ല. അന്വേഷണ സംഘം എന്നെ പറഞ്ഞുപറ്റിച്ചു. കോടതിയിൽ എല്ലാം തുറന്ന് പറഞ്ഞിരുന്നു. മൂത്തമകളെ പ്രതികളിലൊരാൾ പീഡിപ്പിക്കുന്നത് നേരിട്ട് കണ്ടെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് അവർ പറഞ്ഞു.