kuthiran
കുതിരാനിൽ ഇന്നലെ രാവിലെ അനുഭവപ്പെട്ട ഗതാഗതകുരുക്ക്.

വടക്കഞ്ചേരി: നാടിനെ ദുരിതത്തിലാക്കി കുതിരാനിൽ കുരുക്ക് തുടരുമ്പോഴും ഒന്നും ചെയ്യാനാവാതെ അധികാരികൾ. ഒരു മോചനത്തിനായി നിരന്തര സമരവുമായി ജനങ്ങൾ. പക്ഷേ എന്നും സ്ഥിതി പഴയപടി. വെള്ളിയാഴ്ച ഏഴുമണിക്കൂർ നീണ്ട കുരുക്ക് ഒരുവിധം അയഞ്ഞപ്പോൾ ശനിയാഴ്ച രാവിലെ വീണ്ടും കുരുക്കുമുറുകി.

വടക്കഞ്ചേരിയിൽ നിന്ന് മണ്ണുത്തി എത്താൻ 25 മിനിറ്റ് വേണ്ടിടത്ത് നിലവിൽ എത്തിയാലെത്തി എന്ന അവസ്ഥയാണ്. റോഡിന്റെ ദുരവസ്ഥ കൂടി ചേരുന്നതോടെ വലിയ നിര ഇല്ലെങ്കിലും വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്നതുമൂലം മണ്ണുത്തി എത്താൻ രണ്ടുമണിക്കൂർ വേണം. മഴ ശക്തമായി പെയ്ത കഴിഞ്ഞ നാലുമാസത്തിനിടെ കുതിരാൻ ഭാഗത്ത് ദേശീയപാത ഗതാഗതക്കുരുക്കിലായത് 100 ദിവസത്തിലധികമാണ്.

കുരുക്കില്ലാത്ത സമയത്തും കുഴികൾ നിറഞ്ഞ റോഡിലൂടെ കുതിരാൻ കയറ്റം കയറിയിറങ്ങി ഇഴഞ്ഞിഴഞ്ഞാണ് വാഹനങ്ങൾ പോകുന്നത്. ഏതെങ്കിലും വാഹനം വഴിയിൽ അല്പനേരം കേടായി നിന്നാൽ കുരുക്ക് കൂടും. കുരുക്കിന്റെ പ്രധാന കാരണമായ കുഴികൾ അടച്ചാൽ പ്രശ്നത്തിന് വലിയൊരു പരിധി വരെ പരിഹാരമാകുമെങ്കിലും ദേശീയപാതാ അതോറിറ്റി കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് നാട്ടുകാരും യാത്രക്കാരും ആരോപിക്കുന്നു.

പ്രതിദിനം ചുരുങ്ങിയത് 5,000ത്തോളം ചരക്കുവാഹനങ്ങളും 15,000ത്തോളം യാത്രാ വാഹനങ്ങളുമാണ് കുതിരാൻ വഴി പോകുന്നത്. ചെറുവാഹനങ്ങൾ വേറെയും. ഒരാഴ്ചയായി ഇരുമ്പുപാലത്ത് വിവിധ സംഘടനകൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. ഇന്നലെ യൂസ്ഡ് വാഹന ഡീലേഴ്‌സ് ആന്റ് ബ്രോക്കേഴ്‌സ് അസോസിയേഷൻ ജില്ലാ നേതാക്കൾ സമരത്തിന് പിന്തുണ അറിയിച്ചെത്തിയിരുന്നു.