 
പാലക്കാട്: കർഷകനെ സേവകനായി അംഗീകരിച്ചു സംരക്ഷിക്കുന്നതിനുള്ള ബില്ല് കർഷക ക്ഷേമനിധി ബോർഡിന്റെ പരിഗണനയിലാണെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. കാർഷിക വിളകളിൽ നിന്നുള്ള മൂല്യ വർദ്ധിത ഉത്പന്നങ്ങളിൽ നിന്നും കർഷകന് ലാഭവിഹിതം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള സംസ്ഥാന യുവജന കമ്മിഷൻ സംഘടിപ്പിച്ച യുവ കർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃഷി മുതൽ സാങ്കേതിക രംഗം വരെ തൊഴിൽപരമായ വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇതിന് ആക്കം കൂട്ടുന്നതാണ് ആർ.സി.ഇ.പി കരാർ ഒപ്പിടാനുള്ള നീക്കം. യുവാക്കൾ ഇത്തരം നീക്കങ്ങൾക്തിരെ ശബ്ദമുയർത്താൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.എം റസിഡൻസിയിൽ നടന്ന പരിപാടിയിൽ യുവജന കമ്മിഷൻ അംഗം അഡ്വ. ടി.മഹേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കോ-ഓർഡിനേറ്റർ അഡ്വ. എം.രൺദീഷ്, ജില്ലാ -കോ ഓർഡിനേറ്റർമാരായ ടി.എം.ശശി, എം.ജാസിർ ഹുസൈൻ എന്നിവർ സംസാരിച്ചു.