temple
പയ്യല്ലൂർ തിരുകാച്ചാംകുറുശ്ശി മഹാവിഷ്ണു ക്ഷേത്രം

കൊല്ലങ്കോട്: കാർഷിക സംസ്കൃതിയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന കാഴ്ച സമർപ്പണത്തിനൊരുങ്ങി പയ്യല്ലൂർ തിരുകാച്ചാംകുറിശി മഹാവിഷ്ണു ക്ഷേത്രം. കന്നികൊയ്ത്ത് കഴിഞ്ഞ കർഷകർ വിളവെടുപ്പിലെ ഒരുഭാഗം ഭഗവാന് കാഴ്ച വെയ്ക്കുന്നതാണ് ചടങ്ങ്.

നെല്ല്, നാളികേരം, പച്ചക്കറി, മൺപാത്രം, അടയ്ക്ക, വാഴക്കുല തുടങ്ങിയവ കാഴ്ച സമർപ്പിക്കും. ഒരു വർഷത്തെ വിളവെടുപ്പിൽ ചെറിയൊരു ഭാഗം ഭഗവാന് സമർപ്പിച്ച് അടുത്ത വിളവെടുപ്പിൽ നല്ല വിളവ് ലഭിക്കണേ എന്ന് പ്രാർത്ഥിച്ചാണ് അടുത്ത വിളകൾക്ക് തുടക്കം കുറിക്കുന്നത്. വർഷങ്ങളായി തുലാവർഷത്തിലെ വാവ് ദിവസം കർഷകർ നടത്തി വരുന്ന ഈ ആചാരമാണിത്. പുലർച്ചെ വാവുകുളി എന്ന ആചാരവും നടന്നു വരുന്നു.

ജില്ലയ്ക്ക് അകത്തും പുറത്തും നിന്നും ഭക്തർ ഇവിടെയെത്തും. ക്ഷേത്രക്കുളത്തിൽ കുളിച്ച് ഭഗവാനെ ദർശിച്ചാൽ ദേഹാരിഷ്ടതകൾ മാറുമെന്നും സർവൈശ്വര്യം കൈവരുമെന്നുമാണ് വിശ്വാസം. ഭക്തരെ വരവേൽക്കാൻ പയ്യല്ലൂർ വായനശാല മുതൽ വെളിച്ചവിതാനമടക്കം ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.