ശ്രീകൃഷ്ണപുരം: കരിമ്പുഴ പഞ്ചായത്തിലെ തോട്ടര 14-ാം വാർഡിൽ നിരാലംബയായ പാലക്കപറമ്പിൽ ആയിഷ എന്ന വൃദ്ധ മാതാവിന് കൈത്താങ്ങുമായി നാട്ടുകാർ. ശ്രീകൃഷ്ണപുരം കെ.എസ്.ഇ.ബി അധികൃതരുടെയും പഞ്ചായത്ത് അംഗം ചന്ദ്രമോഹനന്റെയും നാട്ടുകാരുടെയും സഹായത്തോടെ സൗജന്യമായി വയറിംഗ് നടത്തി വൈദ്യുതി എത്തിച്ചു നൽകി.
വർഷങ്ങളായി ഒറ്റപ്പെട്ടുകിടക്കുന്ന സ്ഥലത്തെ വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്നു ആയിഷ. കെ.എസ്.ഇ.ബി ജീവനക്കാരുടെ സഹായത്താൽ സൗജന്യമായി വയറിംഗ് ചെയ്ത് നൽകുകയും ആവശ്യമായ രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ ഇട്ട് ലൈൻ വലിച്ച് കറന്റ് എത്തിച്ച് നൽകിയതോടൊപ്പം ഫാൻ, ഭക്ഷ്യധാന്യക്കിറ്റ് എന്നിവയും കൈമാറി.
വൈദ്യുതി കണക്ഷൻ സ്വിച്ച് ഓൺ കർമ്മം കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് നിർവഹിച്ചു. പഞ്ചായത്ത് അംഗം ചന്ദ്രമോഹനൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ പ്രസാദ്, ടി.ഉണ്ണികൃഷ്ണൻ, രാജു, സി.സി.പാർവതി സംസാരിച്ചു.