walayar

പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് പീഡനത്തിനിരയായ ദളിത് പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികളെ വെറുതേ വിട്ട പോക്സോ കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് പൊലീസ്. ഇത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചതായി തൃശൂർ റേഞ്ച് ഡി.ഐ.ജി എസ്. സുരേന്ദ്രൻ അറിയിച്ചു. വിധിപ്പകർപ്പ് കിട്ടിയാലുടൻ പൊലീസും നിയമവകുപ്പും ഇതുപരിശോധിച്ച് അപ്പീൽ തയ്യാറാക്കും. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും പാളിച്ചയുണ്ടായിട്ടില്ല. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് പൊലീസ് അപ്പീൽ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.


കേസിൽ പ്രതിചേർക്കപ്പെട്ട വി. മധു, ഷിബു, എം. മധു എന്നിവരെ ഒക്ടോബർ 25നാണ് കോടതി വെറുതേ വിട്ടത്. പെൺകുട്ടികൾ പീഡനത്തിനിരയായെന്ന് കണ്ടെത്തിയെങ്കിലും പ്രതികൾ ഇവരാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ബലാത്സംഗം, ആത്മഹത്യാപ്രേരണ, ബാലപീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പെടെ കേസിൽ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. മൂന്നാം പ്രതി പ്രദീപ് കുമാറിനെ തെളിവില്ലെന്ന് കണ്ട് കോടതി നേരത്തെ വെറുതേ വിട്ടിരുന്നു. കേസിന്റെ തുടക്കത്തിൽ തന്നെ അന്വേഷണം അട്ടിമറിക്കപ്പെടുന്നതായി സ്ഥലം എം.എൽ.എയും ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനുമായ വി.എസ്. അച്യുതാനന്ദൻ ആരോപിച്ചിരുന്നു.

പൊലീസിന്റെ വീഴ്ച അന്വേഷിക്കും: മന്ത്രി എ.കെ.ബാലൻ

പാലക്കാട്: വാളയാർ പീഡനക്കേസ് പ്രതികളെ വെറുതെ വിട്ട സംഭവത്തിൽ വീഴ്ച അന്വേഷിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ. രണ്ടുതലത്തിലുള്ള അന്വേഷണമുണ്ടാകും. പൊലീസിന്റെ വീഴ്ച ഡി.ഐ.ജി അന്വേഷിക്കും. കേസ് നടത്തിപ്പിലെ വീഴ്ച പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അന്വേഷിക്കും. ഡി.ഐ.ജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കിൽ പുനരന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.