padam
കൊയ്ത്തിന് പാകമായി നിൽക്കുന്ന വടക്കഞ്ചേരിയിലെ പാടശേഖരം.

വടക്കഞ്ചേരി: ഒന്നാംവിള നെൽകൃഷി കൊയ്‌തെടുക്കേണ്ട സമയത്ത് തൊഴിലാളികളെ ലഭിക്കാത്തതും കൊയ്ത്ത് യന്ത്രങ്ങളുടെ കുറവും മൂലം നെൽ കർഷകർ ദുരിതത്തിൽ. സാധാരണ ഓണം കഴിഞ്ഞതും കൊയ്ത്ത് സജീവമാകുന്നതാണ്. എന്നാൽ ഇത്തവണ കൃഷി ഇറക്കാൻ തന്നെ വൈകിയിരുന്നു. ആരംഭത്തിൽ ഉണ്ടായ മഴക്കുറവു മൂലം നടീലും വിതയും നടത്തിയ കർഷകർ കുഴൽകിണറിൽ നിന്നും മറ്റും വെള്ള് പമ്പ് ചെയ്താണ് കൃഷിയിറക്കിയത്.

പിന്നീട് മഴ ശക്തമായതോടെ കൃത്യസമയത്ത് വളപ്രയോഗവും കളപറിയും നടത്താനും കഴിഞ്ഞില്ല. ഇതോടെ വിളവെടുപ്പിന്റെ സമയം താളം തെറ്റുകയായിരുന്നു. ജില്ലയിലെ മിക്ക ഭാഗങ്ങളിലും സാധാരണ ഒരേ സമയത്താണ് വിളവെടുപ്പ് നടക്കുക. എന്നാൽ ഇത്തവണ കൃഷി ഇറക്കാനുണ്ടായ കാലതാമസം വിളവെടുപ്പിനെയും ബാധിച്ചു. ഓണം കഴിഞ്ഞതും ആലത്തൂർ മേഖലയിൽ കൊയ്ത്ത് സജീവമായതോടെ നിറ പദ്ധതിയിലും അല്ലാതെയും കൊയ്ത്ത് യന്ത്രങ്ങൾ സജീവമായി ലഭിച്ചിരുന്നു. ഇതിനാൽ ഈ ഭാഗത്തുള്ള കർഷകർ കൊയ്ത്ത് പൂർത്തിയാക്കി.

വടക്കഞ്ചേരി മേഖലയിലുള്ള കർഷകരുടെ പാടശേഖരങ്ങൾ ഇപ്പോഴാണ് കൊയ്ത്തിന് പാകമായത്. ഈ സമയത്ത് ആന്ധ്രയിൽ കൊയ്ത്ത് സജീവമായതോടെ തമിഴ്‌നാട്ടിൽ നിന്നുവരുന്ന കൊയ്ത്ത് യന്ത്രങ്ങൾ കൂട്ടത്തോടെ അങ്ങോട്ട് പോയതിനാൽ യന്ത്രങ്ങൾ കിട്ടാത്ത സ്ഥിതിയാണ്. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തികളും സജീവമായതോടെ തൊഴിലാളികളെയും കിട്ടാൻ വഴിയില്ല. കഴിഞ്ഞ ദിവസങ്ങളിൽ മഴ മാറിയതോടെ കൊയ്ത്ത് ആരംഭിക്കാമെന്ന് കരുതിയ കർഷകർക്കാണ് ഇതോടെ ദുരിതത്തിലായത്. എങ്ങിനെയെങ്കിലും കൊയ്‌തെടുക്കാനുള്ള നെട്ടോട്ടത്തിലാണ് പ്രദേശത്തെ കർഷകർ.