കുമരംപുത്തൂർ: മാലിന്യം സുരക്ഷിതമായി സംസ്കരിക്കാത്തതും വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതുമായ ഒമ്പത് സ്ഥാപനങ്ങൾക്കെതിരെ ആരോഗ്യ വകുപ്പ് നടപടിയെടുത്തു. കുമരംപുത്തൂരിലെ മദീന, വട്ടമ്പലത്തെ തനിനാടൻ, അൽഅമീൻ, കല്യാണക്കാപ്പിലെ സുൽഫി, ടുട്ടു എന്നീ ഹോട്ടലുകളും പള്ളിക്കുന്നിലെ ഹണി, കെ.പി.എസ്, അൽഅമീൻ എന്നീ ബേക്കറികൾക്കെതിരെയാണ് നടപടിയെടുത്തത്.
പലയിടങ്ങളിലും മാവുകുഴയ്ക്കുന്ന മേശകളിലും ഭിത്തിയോട് ചേർന്ന് നിൽക്കുന്ന അരികുകളിലും പഴകിയ അവശിഷ്ടം കണ്ടെത്തി. വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന പാചകം ചെയ്ത പഴകിയ മത്സ്യവും മാംസവും പിടിച്ചെടുത്തു നശിപ്പിച്ചു. നിരോധിച്ച പ്ലാസ്റ്റിക് ഉല്പന്നങ്ങളും കണ്ടെടുത്തു.
നിയമ ലംഘനം നടത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി 10000 രൂപ പിഴ ഈടാക്കി. ഹെൽത്ത് ഇൻസ്പെക്ടർ ടോംസ് വർഗീസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെകടർമാരായ കെ.സുരേഷ്, എസ്.ഡാർണർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും ശക്തമായ പരിശോധനയും നടപടിയും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.