maoist-

പാലക്കാട്: അട്ടപ്പാടി വനമേഖലയിൽ തണ്ടർ ബോൾട്ട് സേനയുമായി ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ സ്ത്രീ ഉൾപ്പെടെ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കാർത്തിക്, സുരേഷ്, ശ്രീമതി എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. മരിച്ചത് ഇവർ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മാവോയിസ്റ്റ് സംഘടനയിൽ അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭവാനി ദളം പ്രവർത്തകരാണ് ഇവരെന്നു കരുതപ്പെടുന്നു. വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി.ജലീലിനൊപ്പം പ്രവർത്തിച്ചയാളും ഇന്നലത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

ആക്രമണത്തിൽ പരിക്കേറ്റ രണ്ട് മാവോയിസ്റ്റുകളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. അട്ടപ്പാടി മേഖലയിൽ സുപരിചിതനായ മണിവാസകൻ ആണ് ഒരാൾ. രോഗബാധിതനായ മണിവാസകത്തിന് ഓടി രക്ഷപ്പെടുക പ്രയാസമാണെന്ന് ഊരുനിവാസികൾ പറയുന്നു.

അട്ടപ്പാടി മേലെ മഞ്ചക്കണ്ടി ഊരിൽ നിന്ന് നാലു കിലോമീറ്റർ മാറി ഉൾവനത്തിൽ മാവോയിസ്റ്റുകൾ തമ്പടിച്ചിട്ടുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് മലപ്പുറം അരീക്കോട് ക്യാമ്പിൽ നിന്ന് ഡെപ്യൂട്ടി കമൻഡാന്റ് സോളമന്റെ നേതൃത്വത്തിലെത്തിയ തണ്ടർബോൾട്ട് സംഘമാണ് ആസൂത്രിത ആക്രമണം നടത്തിയത്.

രാവിലെ 11ന് തണ്ടർ ബോൾട്ട് ക്യാമ്പ് വളയുമ്പോൾ അഞ്ചു പേരുൾപ്പെട്ട സംഘം ഭക്ഷണം കഴിച്ച് വിശ്രമിക്കുകയായിരുന്നു. വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ മാവോയിസ്റ്റുകൾക്കെതിരെ മുൻകരുതൽ സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈയിടെ കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു.

ആക്രമണ വിവരമറിഞ്ഞ മാദ്ധ്യമ പ്രവർത്തകരെ പൊലീസ് പാടവയലിൽ തടഞ്ഞു. രാത്രി വൈകി ജില്ലാ പൊലീസ് മേധാവി മാദ്ധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും വാർത്താസമ്മേളനം പിന്നീട് ഇന്നത്തേക്കു മാറ്റി. മൃതദേഹങ്ങൾ രാത്രി വൈകിയും അഗളിയിൽ എത്തിച്ചിട്ടില്ല.

മേലെ മഞ്ചക്കണ്ടി ഊരു വഴി പോകുന്ന വാഹനങ്ങൾ പാടവയലിലും മറ്റിടങ്ങളിലുമായി പരിശോധിച്ചാണ് കടത്തി വിടുന്നത്. ജില്ലാ പൊലീസ് മേധാവി ശിവവിക്രം, തണ്ടർബോൾട്ട് മേധാവി ചൈത്ര തെരേസ ജോൺ, അഗളി സബ് ഡിവിഷന്റെ ചുമതലയുള്ള ഷൊർണൂർ ഡിവൈ.എസ്.പി മുരളീധരൻ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഹരിദാസൻ, സുന്ദരൻ എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുണ്ട്.