പാലക്കാട്: വാളയാർ പെൺകുട്ടികളുടെ കേസ് പരാജയപ്പെടാൻ കാരണം ശാസ്ത്രീയ തെളിവുകളുടെ അഭാവമാണെന്ന് മുൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജലജ മാധവൻ പറഞ്ഞു. സാഹചര്യ തെളിവുകൾ മാത്രമാണുണ്ടായിരുന്നത്. മൂത്തമകളെ പീഡിപ്പിക്കുന്നത് നേരിട്ട് കണ്ടെന്ന് എന്നോട് പറഞ്ഞ പെൺകുട്ടിയുടെ അച്ഛൻ, പ്രതി ചേർക്കപ്പെട്ട മധു പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നു മാത്രമാണ് കോടതിയിൽ പറഞ്ഞത്. പ്രോസിക്യൂഷൻ ആവർത്തിച്ച് ചോദിച്ചപ്പോഴും അതിനപ്പുറം ഒന്നും പറയാൻ തയ്യാറായില്ല. ഇത് കേസ് ദുർബലപ്പെടാൻ പ്രധാന കാരണമായി.
കുട്ടികളുടെ മരണം കൊലപാതകമാണെന്ന് ആദ്യം മുതലേ സംശയമുണ്ടായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും കൊലപാതക സാദ്ധ്യത പരിശോധിക്കണമെന്ന് പറയുന്നുണ്ട്. അന്വേഷണ സംഘം അത് കാര്യമാക്കിയില്ല. ആത്മഹത്യയെന്ന നിഗമനത്തിൽ തുടരന്വേഷണം നടത്തി. പൊലീസിന് കൂടുതൽ ജാഗ്രത വേണമായിരുന്നു.
പെൺകുട്ടികളുടെ മരണത്തിൽ വ്യത്യസ്തമായ വിവിധ കേസുകൾ ചാർജ് ചെയ്തിരുന്നു. ഇതിൽ പലതിലും സീൻ മഹസർ പോലുമില്ല. പൊലീസിനോട് ചോദിച്ചപ്പോൾ കൃത്യമായ മറുപടി ലഭിച്ചില്ല. മൂത്തകുട്ടിയുടെ മരണത്തിൽ ഇളയ കുട്ടിയുടെ മൊഴി തെളിവായി പോലും വന്നിരുന്നില്ല. മധുവിനെ വീട്ടിൽ കണ്ടെന്നായിരുന്നു ഇളയ കുട്ടിയുടെ മൊഴി.
മാനഭംഗ കേസിൽ 48 മണിക്കൂറിനുള്ളിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയാലേ ശാസ്ത്രീയ തെളിവ് ശേഖരിക്കാനാവൂ. അതിനുള്ള സാദ്ധ്യത ഈ കേസുകളിൽ ഉണ്ടായിരുന്നില്ല. ഇനി അപ്പീൽ പോയാലും പുതിയ തെളിവുകൾ കണ്ടെത്തുക പ്രയാസമാവുമെന്നും അവർ പറഞ്ഞു.