subair

ചെർപ്പുളശേരി: റിസർവ് ബാങ്കിന്റെ പേരിൽ വ്യാജ സീലും ഉടമ്പടി കരാറുമുണ്ടാക്കി കോടികളുടെ തട്ടിപ്പു നടത്തിയ മലപ്പുറം വേങ്ങര കണ്ണമംഗലം വല്ലക്കാടൻ വീട്ടിൽ സുബൈർ (39) തൂതയിൽ അറസ്റ്റിലായി.നോട്ട് നിരോധന സമയത്താണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. നിരോധിച്ച നോട്ടുകൾ എണ്ണാനും ആർ.ബി.ഐ.യിൽ എത്തിക്കാനും റിസർവ് ബാങ്ക് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നു വിശ്വസിപ്പിച്ച് കോഴിക്കോട് കേന്ദ്രീകരിച്ച് വെള്ളക്കാടൻ ട്രേഡേഴ്‌സ് എന്ന പേരിൽ സ്ഥാപനം നടത്തിയായിരുന്നു തട്ടിപ്പ്.ആർ.ബി.ഐയുടെ വ്യാജ കരാർ കാണിച്ച് സ്ഥാപനത്തിലേക്ക് 25 ജോലിക്കാരെ ആവശ്യമുണ്ടെന്നും പണം നിക്ഷേപിക്കുന്നവർക്ക് നിക്ഷേപിച്ച തുകയ്ക്കുസരിച്ച് ലാഭം നൽകുമെന്നുമായിരുന്നു വാഗ്ദാനം. ഇതു വിശ്വസിച്ച് അഞ്ചുലക്ഷം രൂപ നൽകിയ സുൽത്താൻ ബത്തേരി സ്വദേശി സണ്ണിയുടെ പരാതിയിലാണ് അറസ്റ്റ്. ഒന്നര വർഷം മുമ്പാണ് സണ്ണി പണം നൽകി ഷെയർ വാങ്ങിയത്. എന്നാൽ ജോലി ലഭിക്കുകയോ നിക്ഷേപം തിരികെ കിട്ടുകയോ ചെയ്തില്ല.

സുബൈറുമായി ബന്ധപ്പെട്ടപ്പോൾ അഞ്ചുലക്ഷം കൂടി നൽകാനായിരുന്നു നിർദ്ദേശം. തട്ടിപ്പ് മനസിലാക്കിയ സണ്ണി തുക നൽകാമെന്നു സമ്മതിക്കുകയും, തൂതയിലെ ഒരു വീട്ടിലെത്തി തുക കൈമാറാനുള്ള സുബൈറിന്റെ നിർദ്ദേശം പൊലീസിനെ അറിയിക്കുകയുമായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്. അഞ്ചു ലക്ഷം മുതൽ 20 ലക്ഷം വരെ രൂപ പലരിൽ നിന്നായി സുബൈർ തട്ടിയതായി പൊലീസ് പറഞ്ഞു. ഇയാൾ പിടിയിലായതറിഞ്ഞ് കൂടുതൽ പേർ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്.പൊന്നാനി, കല്പറ്റ, താമരശേരി, വടകര, മൈസൂർ എന്നിവിടങ്ങളിലും തട്ടിപ്പ് നടന്നതായി സൂചനയുണ്ട്. ഇടപാട് സംബന്ധിച്ച വിവിധ രേഖകൾ കാറിൽ നിന്ന് കണ്ടെത്തി. സി.ഐ പി.പ്രമോദ്, എസ്.ഐ തോംസൻ ആന്റണി, എ.എസ്.ഐ സി.ടി.ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം. ഒറ്റപ്പാലം ഒന്നാം ക്ലാസ് മജിസ്‌ടേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.