mavoist

അഗളി: കഴിഞ്ഞ ദിവസത്തെ വെടിവയ്പിൽ കൊല്ലപ്പെട്ട മണിവാസകവും ശ്രീമതിയും രണ്ടുമാസം മുമ്പ് പൂതൂർ പഞ്ചായത്തിലെ ഉൾപ്രദേശത്തുള്ള പങ്കനാരിപ്പള്ളം ഊരിൽ പൊലീസും തണ്ടർ ബോൾട്ടും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു.

രാത്രി രണ്ടിനാണ് ഊരിലെ 15ഓളം വീടുകളിലായി പരിശോധന നടന്നത്. അന്നത്തെ അഗളി എ.എസ്.പി നവനീത് ശർമയുടെ നേതൃത്വത്തിൽ ഊരുകൾ കേന്ദ്രീകരിച്ച് സ്കെച്ച് തയ്യാറാക്കിയായിരുന്നു പരിശോധന. പൊലീസെത്തി തെരച്ചിൽ ആരംഭിച്ചെങ്കിലും ഊരിലുള്ളവരിൽ നിന്ന് വിവരമറിഞ്ഞ സംഘം ഉൾക്കാട്ടിലേക്ക് കടന്നു. ഊരിനുള്ളിൽ അവസാനത്തെ വീട്ടിലായിരുന്നു മണിവാസകവും ശ്രീമതിയും സഹായിയായ സുരേഷും ഉണ്ടായിരുന്നത്.

ആഗസ്റ്റിലെ പ്രളയകാലത്ത് വയനാട്ടിലെ ക്യാമ്പിലായിരുന്നു ഇവർ കഴിഞ്ഞത്. സെപ്തംബർ ആദ്യമാണ് ഇവർ പങ്കനാരിപ്പള്ളത്തെ ക്യാമ്പിലേക്ക് മടങ്ങിയത്. അതിന്റെ പിറ്റേന്നായിരുന്നു ഓപ്പറേഷൻ. ഇവിടെ നിന്ന് രക്ഷപ്പെട്ട ശേഷമാണ് ഇവർ മേലെ മഞ്ചക്കണ്ടി ഊരിന് സമീപത്തെ ഉൾവനത്തിലെത്തിയത്.

സംഘത്തിൽ ആകെ ഏഴു പേരാണുള്ളത്. മണിവാസകൻ,​ ശ്രീമതി,​ ഭർത്താവ് അരവിന്ദൻ,​ കാർത്തിക്,​ സുരേഷ്,​ ദീപക്,​ രമ എന്നിവരാണ് സംഘാംഗങ്ങൾ. ഇതിൽ അരവിന്ദും ദീപകും രമയും കഴിഞ്ഞ ദിവസത്തെ ഓപ്പറേഷനിൽ നിന്ന് രക്ഷപ്പെട്ടു. ഇവർ ഭൂതയാർ- കൂട്ടറ ഉൾവനത്തിലെ ദുർഘടമായ ഭാഗത്തേക്ക് പോകാനാണ് സാദ്ധ്യതയെന്ന് പൊലീസ് സംശയിക്കുന്നു. ഇവിടെ നിന്ന് സൈലന്റ് വാലി വഴി നിലമ്പൂർ കാട്ടിലേക്ക് കടക്കാൻ എളുപ്പമാണ്. നീലഗിരി,​ വയനാട് ഭാഗത്തേക്കും പോകാൻ കഴിയും.

നിലവിൽ അട്ടപ്പാടിയിൽ ഏകദേശം 13 മാവോയിസ്റ്റുകളുണ്ട്. ഭവാനി ദളത്തിൽ ഏഴും​ ശിരുവാണി ദളത്തിൽ ആറും.

പതിനെട്ടിൽ നിന്ന് ഏഴായി ചുരുങ്ങി ഭവാനി ദളം

2013 മുതലാണ് ഭവാനി ദളം അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചത്. ആദ്യകാലങ്ങളിൽ 18 പേരെ സായുധ ധാരികളായി കണ്ടതായി ഊരുനിവാസികൾ പറഞ്ഞിരുന്നെങ്കിലും പൊലീസ് അത് ഗൗരവമാക്കിയില്ല.

2015ൽ നടന്ന ആക്രമണങ്ങൾക്ക് ശേഷം ഉൾവലിഞ്ഞ സംഘം മാസങ്ങൾക്ക് ശേഷമാണ് ഉൾക്കാട്ടിലെ ഊരുകളിൽ ആശയ പ്രചാരണവും പോസ്റ്റർ പതിക്കലും തുടങ്ങിയത്. ഈ കാലഘട്ടത്തിൽ ഏഴുപേരായി ചുരുങ്ങി. സ‌ർക്കാരിനെതിരെയും ഭരണഘടനയ്ക്കെതിരെയും ആയുധമെടുത്ത് പോരാടുക എന്നതാണ് പ്രധാന മുദ്രാവാക്യം. രാത്രി ഊരുകളിലെത്തി ആശയ പ്രചാരണം നടത്തി ഭക്ഷ്യസാധനങ്ങൾ ശേഖരിച്ച് പുലർച്ചെ ഉൾക്കാട്ടിലേക്ക് വലിയുകയാണ് രീതി.

മാവോയിസ്റ്റ് സാന്നിദ്ധ്യം ശക്തമായതോടെ ആദിവാസികൾക്ക് വനവിഭവങ്ങൾ ശേഖരിക്കാൻ ഉൾക്കാട്ടിൽ കടക്കാനുള്ള അനുമതി പൊലീസും വനം വകുപ്പും നൽകിയിരുന്നില്ല. പട്രോളിംഗ് സജീവമാക്കുകയും ചെയ്തു. ഇത് പട്ടികജാതി പട്ടിക വർഗക്കാരുടെ അവകാശലംഘനവും നീതി നിഷേധവുമാണെന്ന് ചൂണ്ടിക്കാട്ടി മാവോയിസ്റ്റുകൾ ആദിവാസികൾക്കിടയിൽ പ്രചാരണം നടത്തിയിരുന്നു. എന്നാൽ ഭീഷണികളോ മറ്റ് തരത്തിലുള്ള ഉപദ്രവങ്ങളോ ഇവർ നടത്താറില്ലെന്ന് ഊരുവാസികൾ പറയുന്നു.