അഗളി:അട്ടപ്പാടി വനത്തിൽ തണ്ടർബോൾട്ട് സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ സി.പി.ഐ (എം.എൽ) കേന്ദ്ര കമ്മിറ്റി അംഗവും ഭവാനി ദളത്തിന്റെ തലവനുമായ സേലം സ്വദേശി മണിവാസകവും (56) കൊല്ലപ്പെട്ടു. ഇതോടെ രണ്ടുദിവസങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ നാലു മാവോയിസ്റ്റുകളാണ് വധിക്കപ്പെട്ടത്.
തിങ്കളാഴ്‌ച ഒരു സ്‌ത്രീ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടെന്നായിരുന്നു റിപ്പോർട്ട്.
ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങൾ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
മരിച്ച സ്ത്രീയുടെ തലയുടെ പിൻഭാഗത്തും ഒരാളുടെ നെറ്റിയിലുമാണ് വെടിയേറ്റത്. മറ്റു രണ്ടുപേർക്ക് ശരീരത്തിൽ രണ്ടുവീതം വെടിയേറ്റതായി ഇൻക്വസ്റ്റ് സാക്ഷികളായ ഊരുനിവാസികൾ വെളിപ്പെടുത്തി. ഇവരുടെ കൈകളിലും പരിക്കുണ്ട്. സംഘത്തിന്റെ അഞ്ച് തോക്കുകൾ കണ്ടെടുത്തതായാണ് വിവരം.
ഇന്നലെ രാവിലെ ഇൻക്വസ്റ്റിനായി വനത്തിലെത്തിയ സംഘത്തിനുനേരെ മാവോയിസ്റ്റുകൾ മറഞ്ഞിരുന്ന് വെടിവച്ചെന്നും പ്രത്യാക്രമണത്തിൽ മണിവാസകം കൊല്ലപ്പെട്ടെന്നുമാണ് പൊലീസ് ഭാഷ്യം.
മേലേമഞ്ചക്കണ്ടി ഊരിന് രണ്ടര കിലോമീറ്റർ അകലെ വനമേഖലയിലെ കോഴിക്കല്ല് ഭാഗത്താണ് ഏറ്റുമുട്ടൽ നടന്നത്. തിങ്കളാഴ്ച മരിച്ചവരുടെ ഇൻക്വസ്റ്റ് വൈകിയതിനാൽ ചൊവ്വാഴ്ച രാവിലെയും മൃതദേഹങ്ങൾ കാട്ടിൽ നിന്ന് മാറ്റിയിരുന്നില്ല. ഇന്നലെ രാവിലെ ഫോറൻസിക്, വിരലടയാള, ബാലസ്റ്റിക് വിദഗ്ദ്ധരും മെഡിക്കൽ സംഘവും റവന്യൂ, വനം ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം കടന്നുപോയി ഒരു മണിക്കൂറിന് ശേഷമാണ് വെടിവയ്‌പ്പുണ്ടായത്. സംഘത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് മേലേമഞ്ചക്കണ്ടി ഊരിലേക്ക് തിരിച്ചിറങ്ങി വെടിവയ്പ്പ് നടന്ന വിവരം ആദ്യം അറിയിച്ചത്.ഈ വെടിവയ്പ്പിൽ മണിവാസകം കൊല്ലപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ തിങ്കളാഴ്ചത്തെ വെടിവയ്പ്പിൽ തന്നെ മണിവാസകത്തിന് പരിക്കേറ്റതായി സൂചനയുണ്ടായിരുന്നു.
ഇതിനിടെ, തിങ്കളാഴ്ച കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ പേരുവിവരങ്ങളിൽ മാറ്റമുള്ളതായി സൂചനയുണ്ട്. കർണാടക സ്വദേശി ശ്രീമതി, തമിഴ്‌നാട് സ്വദേശി സുരേഷ് എന്നിവർ തമിഴ്‌നാട് സ്വദേശികളായ അരവിന്ദും രമയുമാണെന്ന് സ്ഥലത്തെത്തിയ കർണാടക ആന്റി നക്സൽ സ്‌ക്വാഡ് സംശയം പ്രകടിപ്പിച്ചു. തമിഴ്‌നാട് സ്വദേശി കാർത്തിയാണ് കൊല്ലപ്പെട്ട മറ്റൊരാൾ.
ഏഴുപേരാണ് മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ മൂന്നുപേർ രക്ഷപ്പെട്ടെന്നാണ് അറിയുന്നത്. മരിച്ചവരെയെല്ലാം തിരിച്ചറിഞ്ഞാൽ ബന്ധുക്കളെ വിവരമറിയിക്കും. മൃതദേഹങ്ങൾ ഏറ്റെടുക്കുമെങ്കിൽ കൈമാറും. അല്ലെങ്കിൽ സർക്കാർ തന്നെ സംസ്‌കരിക്കും. മരിച്ചത് കാർത്തിയാണെന്ന് സ്ഥിരീകരിച്ചാൽ മൃതദേഹം വിട്ടുനൽകണമെന്ന് അമ്മ ജില്ലാ പൊലീസ് മേധാവിക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
മണിവാസകം
കുപ്പുദേവരാജിന്റെ മരണശേഷമാണ് മണിവാസകം ഭവാനി ദളത്തിന്റെ തലവനായത്. അരവിന്ദായിരുന്നു അംഗരക്ഷകൻ. അസുഖം കാരണം കീഴടങ്ങാനുള്ള ഒരുക്കത്തിലായിരുന്നെന്നും സൂചനയുണ്ട്.
അടിമുടി ദുരൂഹത.
തണ്ടർബോൾട്ടിന്റെ വെടിവയ്‌പിൽ ആറംഗ മാവോയിസ്റ്റ് സംഘത്തിലെ മൂന്നുപേർ കൊല്ലപ്പെട്ടെന്നും മറ്റുള്ളവർ രക്ഷപ്പെട്ടെന്നുമാണ് തിങ്കളാഴ്ച പൊലീസ് പറഞ്ഞത്.
ചൊവ്വാഴ്ച രാവിലെ ഇൻക്വസ്റ്റിനായി സംഘം വനത്തിലേക്ക് പോകുമ്പോൾ മൃതദേഹങ്ങൾ പൊതിയാൻ നാലു കവറുകൾ കൊണ്ടുപോയി.
മൂന്നു മൃതദേഹങ്ങൾക്ക് നാലു കവറുകൾ എന്തിന് ?
തിങ്കളാഴ്ച തന്നെ മണിവാസകവും കൊല്ലപ്പെട്ടിരുന്നോ ?
മൃതദേഹങ്ങൾ തിങ്കളാഴ്ച രാത്രി കാട്ടിൽ തന്നെയാണ് പൊലീസ് സൂക്ഷിച്ചത്. അതിന് സമീപം രാവിലെ വരെ മണിവാസകവും മറ്റ് രണ്ടുപേരും തോക്കുമായി മറഞ്ഞിരുന്നെന്ന് പൊലീസ് പറയുന്നു. രാത്രി മുഴുവൻ വെടി വയ്ക്കാതിരുന്ന അവർ പട്ടാപ്പകൽ വൻപൊലീസ് സംഘത്തിന് നേരെ നിറയൊഴിക്കുമോ?.
ഓടാൻ പോലും വയ്യാത്ത മണിവാസകം പ്രത്യേകിച്ചും?