അഗളി: കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ കീഴടങ്ങാൻ വന്നവരല്ലെന്നും തണ്ടർ ബോൾട്ട് സേന വനത്തിനുള്ളിൽ പ്രവേശിച്ചപ്പോൾ ആദ്യം വെടിയുതിർത്തത് അവരാണെന്നും ജില്ലാ പൊലീസ് മേധാവി ശിവവിക്രം പറഞ്ഞു. ഭവാനി ദളം തലവൻ മണിവാസകം, കാർത്തി, അരവിന്ദ്, രമ എന്നിവരാണ് കൊല്ലപ്പെട്ടത്.
സാധാരണ കോമ്പിംഗിന്റെ ഭാഗമായാണ് തിങ്കളാഴ്ച തണ്ടർ ബോൾട്ട് വനത്തിൽ കയറിയത്. സേനയെ കണ്ടതും മാവോയിസ്റ്റുകൾ അപ്രതീക്ഷിതമായി വെടിവച്ചു. ചൊവ്വാഴ്ച ഇൻക്വസ്റ്റ് നടപടികൾക്കായി പോയപ്പോഴും സമാന രീതിയിലായിരുന്നു ആക്രമണം. വനം, റവന്യൂ ഉദ്യോഗസ്ഥർക്ക് പുറമേ പ്രദേശവാസികളും പഞ്ചായത്തംഗങ്ങളും ആക്രമണത്തിന് ദൃക്‌സാക്ഷികളാണ്.
രമയും മണിവാസകവും ഉൾപ്പെടെയുള്ള മാവോയിസ്റ്റുകൾ കീഴടങ്ങാൻ തയ്യാറായിരുന്നെന്നും വ്യാജ ഏറ്റുമുട്ടലിലൂടെ നാലുപേരെയും കൊലപ്പെടുത്തിയെന്നുമുള്ള തായ്‌കുല സംഘം പ്രവർത്തക ശിവാനിയുടെ ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റ് ക്യാമ്പിൽ കണ്ടെത്തിയത്
ഒരു എ.കെ 47, 40,700 രൂപ, മൂന്ന് 303 വിഭാഗം റൈഫിളുകൾ, മൂന്ന് നാടൻ തോക്കുകൾ, ലാപ്ടോപ്പുകളും ടാബും, മൊബൈൽ, റേഡിയോ, നെറ്റ്സെറ്റർ, പെൻഡ്രൈവുകൾ, അരിവാൾ ചുറ്റികയ്ക്ക് കുറുകെ തോക്കിന്റെ ചിഹ്നമുള്ള കൊടി, ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും.