mavoist

പാലക്കാട്: മേലെ മഞ്ചക്കണ്ടി ഊരിനു സമീപം ഉൾവനത്തിൽ മാവോയിസ്റ്റുകളുടെ ക്യാമ്പുണ്ടായിരുന്നിടത്ത്, പൊലീസ് പറയുന്നതുപോലെ, മണിക്കൂറുകൾ നീണ്ട വെടിവയ്പു നടന്നതിന്റെ യാതൊരു ലക്ഷണങ്ങളുമില്ല! . ഒരാൾക്ക് കഷ്ടിച്ച് ഇരിക്കാൻ പാകത്തിൽ മുള കൊണ്ടുണ്ടാക്കിയ ചെറിയ കുടിൽ. അടുത്തിടെ കെട്ടിയതാണെന്നേ തോന്നൂ. കല്ലു കൂട്ടിയുള്ള രണ്ട് അടുപ്പ്. പാകം ചെയ്ത മാംസം. പയർ ഉൾപ്പെടെയുള്ള ഭക്ഷണാവശിഷ്ടം ചിതറിക്കിടക്കുന്നു. പാകം ചെയ്യാൻ ഉപയോഗിച്ച പാത്രങ്ങളും വെള്ളക്കുപ്പികളും പ്ലാസ്റ്റിക് ഷീറ്റുകളും...

ബുധനാഴ്ച വൈകിട്ടോടെ വി.കെ.ശ്രീകണ്ഠൻ എം.പിയുടെ നേതൃത്വത്തിൽ ഊരുനിവാസികളും മാദ്ധ്യമങ്ങളും അടങ്ങുന്ന സംഘമാണ് മൂന്നു കിലോമീറ്ററോളം നടന്ന് കോഴിമലയുടെ അടിവാരത്തെത്തി നിജസ്ഥിതി മനസിലാക്കിയത്. ഇതോടെ പൊലീസിന്റെ ഏറ്റുമുട്ടൽ കഥ പൊളിഞ്ഞു. പ്രദേശത്തെ ഒരു മരത്തിൽ മാത്രമാണ് ചെറിയതോതിലെങ്കിലും പോറലേറ്റത്. ഇത് പക്ഷേ, വെടിയുണ്ട തുളച്ചു കയറിയതാണെന്ന് ഉറപ്പിക്കാനാവില്ല.

മഞ്ചക്കണ്ടി ഊരിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറിയാണ് കോഴിക്കല്ല് മലയടിവാരം.ഇവിടേക്കെത്തിച്ചേരാൻ മൂന്ന് വഴികളാണുള്ളത്. മലമുകളിൽ നിന്ന് ധാന്യം വഴിയോ ആബ്ബനൂർ ഊര് വഴിയോ താഴെയിറങ്ങിയാൽ ഇവിടെയെത്താം. ചുരുങ്ങിയത് ഒന്നരമണിക്കൂർ സമയമെടുക്കും.

മൂന്നാമത്തേത് മഞ്ചക്കണ്ടിയിൽ നിന്ന് വനത്തിലേക്ക് പോകാൻ ആദിവാസികൾ ആശ്രയിക്കുന്ന ചെങ്കുത്തായ പാത. ഇൗ വഴിയെത്തിയാണ് തണ്ടർബോൾട്ട് ക്യാമ്പ് വളഞ്ഞതെങ്കിൽ ആ നീക്കം മാവോയിസ്റ്റുകൾ കാണാനുള്ള സാദ്ധ്യത കൂടുതലാണ്. മലമുകളിൽ നിന്നാണ് വന്നതെങ്കിൽ മാവോയിസ്റ്റുകൾക്ക് രക്ഷപ്പെടാനുള്ള സാദ്ധ്യതയാണ് അടയുന്നത്. നാല് ടീമുകളായാണ് തണ്ടർബോൾട്ട് ക്യാമ്പ് വളഞ്ഞത്. അങ്ങനെയെങ്കിൽ ആദ്യ ദിവസം മൂന്ന് പേർ രക്ഷപ്പെട്ടുവെന്ന പൊലീസിന്റെ വാദം നിലനിൽക്കില്ല. ഞായറാഴ്ച അർദ്ധരാത്രിയിലോ തിങ്കളാഴ്ച പുലർച്ചയോ ആവാം സേന വനത്തിനുള്ളിലെത്തിയത്.

രണ്ടാമത്തേത് മണിവാസകന്

നേർക്കുള്ള ഏറ്റുമുട്ടൽ

ആദ്യ ഏറ്റുമുട്ടലിൽ ശേഷം 22 മണിക്കൂർ കഴിഞ്ഞ് വനത്തിനുള്ളിൽ രണ്ടാമത് നടന്നത് മണിവാസകത്തിന് നേരെയുള്ള ഏറ്റുമുട്ടലെന്ന് സംശയം. ഡോക്ടർമാർ, ആർ.ടി.ഒ, സബ് കളക്ടർ ഉൾപ്പെടെ നാല്പതോളം ഉദ്യോഗസ്ഥർ ഇൻക്വസ്റ്റ് നടപടികൾക്കായി പോയപ്പോഴാണ് മാവോയിസ്റ്റുകൾ വെടിവച്ചതെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ, ഈ ഉദ്യോഗസ്ഥരോ സിവിലിയൻ ദൃക്സാക്ഷികളോ

മാവോയിസ്റ്റുകൾ വെടിയുതിർക്കുന്നത് കണ്ടിട്ടില്ല. വെടിയൊച്ച മാത്രമാണ് കേട്ടത്. തങ്ങളോട് താഴെ കിടക്കാൻ ആവശ്യപ്പെട്ട. ശേഷം തണ്ടർബോൾട്ട് പ്രത്യാക്രമണം നടത്തുകയായിരുന്നുവെന്നാണ് ഇവർ പറയുന്നത്. ഇതിലാണ് മണിവാസകം കൊല്ലപ്പെടുന്നത്. അപ്രതീക്ഷിത ആക്രമണത്തിൽ സേനയുടെ ഭാഗമായ ആർക്കും പരിക്കേറ്റില്ല.

പൊലീസിന്റെ തിരക്കഥ:

വി.കെ ശ്രീകണ്ഠൻ എം.പി

തിരുവനന്തപുരം: അട്ടപ്പാടിയിൽ മാവോവാദികളെ കൊലപ്പെടുത്തിയത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ ആരോപിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളായ എൻ.ഷംസുദീൻ, ഷാഫി പറമ്പിൽ എന്നിവർക്കൊപ്പം ഇന്ദിരാഭവനിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാളയാർ പെൺകുട്ടികളുടെ മരണത്തിൽനിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനായി നടപ്പാക്കിയ കൊലപാതകത്തിന് പിന്നിൽ സംസ്ഥാന പൊലീസ് മേധാവിയുടെ കുബുദ്ധിയാണ്. മാവോവാദികളെ ചർച്ചയ്‌ക്കെന്ന പേരിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവേണം കരുതാൻ. ഇക്കാര്യത്തിൽ ജൂഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.