പത്തനംതിട്ട: വാണംപോലെ കുതിച്ചു കയറിയ നാരങ്ങാ വില തിരിച്ചിറങ്ങുന്നു. കിലോയ്ക്ക് 330 രൂപയായിരുന്നു ഒരാഴ്ച മുമ്പുള്ള വില. ഒരു നാരങ്ങയ്ക്ക് 22മുതൽ 30രൂപ വരെ ഇൗടാക്കിയിരുന്നു. നാരങ്ങാ ക്ഷാമവും ചിങ്ങമാസത്തിലെ കല്ല്യാണ സീസണും കാരണമാണ് വില കുതിച്ചു കയറിയത്. കന്നിമാസത്തിൽ കല്ല്യാണം കുറവായതോടെ ആവശ്യക്കാരുടെ എണ്ണവും കുറഞ്ഞു. അടുത്ത മാസം പകുതിയോടെ വില വീണ്ടും കുറയുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
വില കുറഞ്ഞെങ്കിലും കടകളിൽ നാരങ്ങയ്ക്ക് ക്ഷാമം നേരിടുന്നുണ്ട്. തമിഴ്നാട്ടിൽ ഉത്പാദനം കുറവായതാണ് നാരങ്ങ വരവിനെ ബാധിച്ചത്. കടകളിൽ എത്തിയതിലധികവും വിളയാത്ത പച്ച നാരങ്ങയാണ്. കേരളത്തിൽ ചിങ്ങമാസത്തിൽ കല്ല്യാണം ഏറെയുളളതിനാൽ തമിഴ്നാട്ടിലെ തോട്ടങ്ങളിൽ വിളഞ്ഞ നാരങ്ങ മൂപ്പെത്തുന്നതിന് മുൻപേ പറിച്ചു കൊണ്ടുവന്ന് വിൽക്കുകയായിരുന്നു. തെങ്കാശിക്കടുത്ത് പുളിയംകുടിയിൽ നിന്നാണ് പത്തനംതിട്ട മാർക്കറ്റിൽ നാരങ്ങയെത്തുന്നത്. ആന്ധ്രയിൽ നിന്നുളള നാരങ്ങ കൂടിയെത്തുന്നതോടെ വില വലിയ തോതിൽ താഴും. കഴിഞ്ഞ വൃശ്ചിക മാസത്തിൽ കിലോയ്ക്ക് 30-40 രൂപയായിരുന്നു നാരങ്ങാ വില.
മഞ്ഞുകാലമാണ് നാരങ്ങയുടെ പുഷ്കല കാലം. തമിഴ്നാട്ടിലും ആന്ധ്രയിലും നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ വൻതോതിൽ നാരങ്ങ വിളയും. ഇൗ സീസണിൽ വില ഏറ്റവും താഴ്ന്ന നിലയിലേക്കെത്തും. തമിഴ്നാട് നാരങ്ങയ്ക്ക് നീരും വലിപ്പവും കൂടുതലാണ്. കല്ല്യാണ പാർട്ടികൾ കൂടുതലും തമിഴ്നാട് നാരങ്ങയാണ് വാങ്ങുന്നത്.
നാരങ്ങ വിപണയിലും ഇടനിലക്കാരുടെ ചൂഷണമുണ്ട്. തമിഴ്നാട്ടിലെ തോട്ടങ്ങളിൽ നാരങ്ങ വിളയുമ്പോഴേക്കും ഇടനിലക്കാർ തമ്പടിക്കും. ഇവർ വില പറഞ്ഞെടുക്കുന്ന നാരങ്ങ ചാക്കുകളിലാക്കി വിപണയിലെത്തിക്കുമ്പോഴേക്കും കർഷകർക്ക് ലഭിക്കുന്ന വിലയുടെ ഇരട്ടിയോളം ലാഭം കിട്ടും. ചെറുകിട വ്യാപാരികൾ തോട്ടങ്ങളിൽ നേരിട്ടു ചെന്നാൽ നാരങ്ങ ലഭിക്കില്ല. നാരങ്ങയുടെ വില കിലോയ്ക്ക് നൂറ് രൂപയിലേറെ താഴ്ന്നിട്ടും നാരങ്ങാ വെളളത്തിന് കടകളിൽ വില കുറച്ചിട്ടില്ല. നാരങ്ങ വില കിലോയ്ക്ക് 330 രൂപയായിരുന്നപ്പോൾ നാരങ്ങ വെളളത്തിന് 20 മുതൽ 25രൂപ വരെ ഇൗടാക്കിയിരുന്നു. പക്ഷേ ഇപ്പോഴും 20 രൂപ വാങ്ങുന്നവരുണ്ട്.