political-parties

പത്തനംതിട്ട: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടൻ സ്ഥാനാർത്ഥിയെ ചൊല്ലി സി.പി.എമ്മിൽ ചെറിയ പിണക്കങ്ങൾ. കോൺഗ്രസിൽ കലാപത്തിന്റെ കൊട്ടിക്കയറ്റം. പത്രികാസമർപ്പണത്തോടെ എല്ലാം ശാന്തം. എൻ.ഡി.എ സ്ഥാനാർത്ഥിയായി കെ.സുരേന്ദ്രന്റെ രംഗപ്രവേശത്തോടെ കോന്നി ത്രികോണ മത്സരച്ചൂടിലായി.

23 വർഷത്തെ യു.ഡി.എഫ് കുത്തക, പാലാ മോഡലിൽ തകർക്കാൻ എൽ.ഡി.എഫ് രംഗത്തിറക്കിയത് യുവരക്തം കെ.യു.ജനീഷ് കുമാറിനെ. ഡി.വൈ.എഫ്.എെ സംസ്ഥാന വൈസ് പ്രസിഡന്റായ ജനീഷ് മലയോര മേഖലയിലെ ജനകീയൻ. മറുപക്ഷത്ത് യു.ഡി.എഫ് കോട്ട കാക്കാൻ രംഗത്തിറക്കിയത് കരുത്തനായ നേതാവിനെ. മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജ് കോന്നിക്ക് പരിചയമുള്ളയാൾ. പിണങ്ങി നിന്ന അടൂർ പ്രകാശും അനുയായികളും ഒന്നിച്ച് പ്രചാരണം തുടങ്ങിയതോടെ യു.ഡി.എഫ് ക്യാമ്പും ആവേശഭരിതം.

തങ്ങളാവശ്യപ്പെട്ട സ്ഥാനാർത്ഥിയെ കിട്ടിയതോടെ എൻ.ഡി.എയും ചടുലമായ പ്രചാരണത്തിലേക്ക്. വൈകിയാണെങ്കിലും കെ.സുരേന്ദ്രൻ സ്ഥാനാർത്ഥിയായി വന്നതിൽ എൻ.ഡി.എ ക്യാമ്പ് ആഹ്ളാദത്തിലാണ്. പാർലമെന്റിലെ എൻ.ഡി.എ മുന്നേറ്റമാണ് കോന്നിയിൽ ചരിത്രത്തിലാദ്യമായി ശക്തമായ ത്രികോണ മത്സരത്തിന് വേദിയാക്കിയത്. കോന്നിയിലെ പ്രചാരണച്ചൂട് പങ്കുവച്ച് നേതാക്കൾ:

വികസന പ്രവർത്തനം പൊള്ള

കോന്നി ഞങ്ങളുടെ പ്രദേശമാണ്. അടൂർ പ്രകാശ് എം.എൽ.എയായ ശേഷം ജനങ്ങളെ കബളിപ്പിച്ച് നടക്കുകയായിരുന്നു. വികസന പ്രവർത്തനം പൊള്ളയാണ്. മലയോര മേഖലയിൽ വ്യാജ പട്ടയം വിതരണം ചെയ്ത് ജനങ്ങളെ പറ്റിച്ചു. കോന്നി മെഡിക്കൽ കോളേജ് എങ്ങുമെത്തിയില്ല. എൽ.ഡി.എഫ് സർക്കാരാണ് മെഡിക്കൽ കോളേജിന്റെ നിർമ്മാണം മുന്നോട്ട് കൊണ്ടുപോകുന്നത്. ഉന്നത നിലവാരത്തിൽ പണിതെന്ന് അവകാശപ്പെടുന്ന റോഡുകൾ പൊട്ടിപ്പൊളിഞ്ഞു. മലയോര മേഖലയിലെ ഹൈവേ സ്വപ്നം നടപ്പാക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയനാണ് കോന്നി - പുനലൂർ ഹൈവേ നിർമ്മാണോദ്ഘാടനം ചെയ്തത്. കോന്നിയിലെ ജനങ്ങൾ മാറ്റത്തിന്റെ വക്കിലാണ്. എൽ.ഡി.എഫിന് ശക്തമായ സംഘടനാ അ‌ടിത്തറയുള്ള മണ്ഡലമാണ് കോന്നി. ഇടത് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളാണ് ഞങ്ങൾ കോന്നിയിൽ അവതരിപ്പിക്കുന്നത്. യു.ഡി.എഫിന്റെ അഴിമതി രാഷ്ട്രീയവും കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളും ജനങ്ങളുടെ മനസിലുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി നടത്തിയ വർഗീയ പ്രചാരണം ഇത്തവണ ഏശില്ല.

കെ.പി.ഉദയഭാനു, സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി

ജനം യു.ഡി.എഫിനൊപ്പം

കോന്നിയിലെ ജനങ്ങൾക്ക് വിശ്വാസം യു.ഡി.എഫിനെയാണ്. അടൂർ പ്രകാശ് നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാകാൻ ജനം യു.ഡി.എഫിനൊപ്പം നിൽക്കും. കോന്നിയിൽ വികസനമെത്തിച്ചതുകൊണ്ടാണ് അടൂർ പ്രകാശ് തുടർച്ചയായി വിജയിച്ചത്. കോന്നിയിലെത്തുന്ന ആർക്കും എളുപ്പത്തിൽ മനസിലാകുന്നതാണ് അവിടത്തെ വികസന പ്രവർത്തനങ്ങൾ. പ്രതിപക്ഷത്തെ എം.എൽ.എയായിരുന്നപ്പോഴും മന്ത്രിയായിരുന്നപ്പോഴും അടൂർ പ്രകാശ് കോന്നിയിൽ വികസനമെത്തിച്ചു. അതിന് മോഹൻരാജിലൂടെ തുടർച്ചയുണ്ടാകും. കേന്ദ്ര - സംസ്ഥാന സർക്കാരുടെ ജനവിരുദ്ധ നയങ്ങളും സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും അക്രമ രാഷ്ട്രീയവുമാണ് കോന്നിയിലെ ജനങ്ങൾക്ക് മുന്നിലുള്ളത്. ശബരിമലയുടെ പേരിൽ അക്രമങ്ങൾ നടത്തിയ ബി.ജെ.പി വിശ്വാസികളെ വഞ്ചിച്ചു. കേന്ദ്രത്തിൽ അധികാരത്തിലുണ്ടായിരുന്നിട്ടും വിശ്വാസ സംരക്ഷണത്തിന് നിയമനിർമ്മാണം കൊണ്ടുവന്നില്ല. ബി.ജെ.പിക്ക് കോന്നിയിൽ സ്വാധീനമുണ്ടാക്കാൻ കഴിയില്ല.

ബാബു ജോർജ്, പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ്

വിജയത്തിൽ കലാശിക്കും

പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോന്നിയിൽ എൻ.ഡി.എ നടത്തിയ മുന്നേറ്റം ഇത്തവണ വിജയത്തിൽ കാലാശിക്കും. ജനകീയനായ കെ.സുരേന്ദ്രനൊപ്പമാണ് കോന്നിയിലെ വോട്ടർമാർ. ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന് ആത്മാർത്ഥതയോടെ പോരാട്ടം നടത്തിയ സുരേന്ദ്രൻ ത്യാഗങ്ങൾ സഹിച്ച നേതാവാണ്. യുവമോർച്ച നേതാവായിരുന്ന കാലം മുതൽ ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് സമരം നയിച്ചു. കോന്നിയിൽ മാറ്റത്തിന്റെ കാലമാണ്. മലയോര മേഖലയിൽ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. ഇടത്, വലത് മുന്നണികൾ മാറിമാറി ഭരിച്ചിട്ടും കർഷകർ അവഗണിക്കപ്പെട്ടു. വികസന പ്രശ്നങ്ങൾക്കാെപ്പം വിശ്വാസ സംരക്ഷണവും എൻ.ഡി.എയുടെ പ്രചാരണ വിഷയങ്ങളാണ്. കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികളുടെ ഗുണഫലങ്ങൾ അനുഭവിച്ച ഒട്ടേറെ വോട്ടർമാർ കോന്നിയിലുണ്ട്. എൻ.ഡി.എയ്ക്ക് ശക്തമായ അടിത്തറയുള്ള കോന്നിയിൽ ഇത്തവണ വിജയിക്കുക തന്നെ ചെയ്യും.

അശോകൻ കുളനട, ബി.ജെ.പി പത്തനംതിട്ട ജില്ലാ പ്രസിഡന്റ്

2016 നിയമസഭാ വോട്ടുനില

അടൂർ പ്രകാശ് (യു.ഡി.എഫ്): 72,​800

ആർ.സനൽകുമാർ (എൽ.ഡി.എഫ്): 52,​052

ഡി. അശോക് കുമാർ (ബി.ജെ.പി): 16,​713

അടൂർ പ്രകാശിന്റെ ഭൂരിപക്ഷം: 20,​748

2019 പാർലമെന്റ് തിരഞ്ഞെടുപ്പ് കോന്നിയിൽ

ആന്റോ ആന്റണി (യു.ഡി.എഫ്): 49,​667

വീണാജോർജ് (എൽ.ഡി.എഫ്): 46,​946

കെ.സുരേന്ദ്രൻ (ബി.ജെ.പി): 46,​506

ആന്റോ ആന്റണിയുടെ ലീഡ്: 2721