scb
പത്തനംതിട്ട ജില്ലയിൽ കൂടുതൽ നിക്ഷേപ സമാഹരണവും പ്രവർത്തനമികവും കാഴ്ചവച്ച നെടുമ്പ്രം സർവ്വീസ് സഹകരണബാങ്കിനുള്ള അവാർഡ് ജില്ലാ ജോയിന്റ് രജിസ്ട്രാർ എം.ജി പ്രമീളയിൽ നിന്നും ബാങ്ക് പ്രസിഡന്റ് എ. വിനയചന്ദ്രൻ, ബോർഡ് മെമ്പർ ബിനിൽകുമാർ, സെക്രട്ടറി കെ.സി മനുഭായി എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു

തിരുവല്ല: ജില്ലയിലെ സഹകരണ സംഘങ്ങളിൽ ഏറ്റവുംകൂടുതൽ നിക്ഷേപം സമാഹരിക്കുകയും പൊതുവായ പ്രവർത്തനമികവും കാഴ്ചവച്ച നെടുമ്പ്രം സർവീസ് സഹകരണബാങ്ക് ഒന്നാംസ്ഥാനം നേടി. 30വർഷമായി പ്രവർത്തിക്കുന്ന ബാങ്ക് പഞ്ചായത്തിലെ ഭൂരിഭാഗം കുടുംബങ്ങൾക്കും ആശ്രയമാണ്. 10കോടി നിക്ഷേപം ലക്ഷ്യമിട്ട കഴിഞ്ഞവർഷം ബാങ്ക് 16കോടി സമാഹരിച്ചാണ് നേട്ടം സ്വന്തമാക്കിയത്. മഹാപ്രളയകാലത്ത് ദുരിതത്തിലായ പഞ്ചായത്തിലെ 115 കുടുംബശ്രീ യൂണിറ്റുകൾക്ക് ആർ.കെ.എൽ.എസ് പദ്ധതിയിലൂടെ 11കോടി വായ്പ നൽകി. കൂടാതെ കെയർഹോം പദ്ധതിയിലൂടെ ബാങ്ക് വീട് നിർമ്മിച്ചു നൽകിയ നാല് കുടുംബങ്ങൾക്ക് ഒരുലക്ഷം രൂപയുടെ ഗൃഹോപകരണങ്ങളും വിതരണം ചെയ്തു. സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം, കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം എന്നിവയും ബാങ്ക് നടത്തിവരുന്നു. കുടുംബശ്രീ മൈക്രോ ഫിനാൻസ് സ്‌കീം മുറ്റത്തെ മുല്ല പദ്ധതി തുടങ്ങാനുള്ള പ്രാരംഭനടപടികളും തുടങ്ങി. ഒരുകോടി രൂപവരെ വിതരണം ചെയ്യാനും ബാങ്ക് ലക്ഷ്യമിടുന്നു. ബാങ്കിലെ എല്ലാ ഇടപാടുകളും ഓൺലൈനായി ചെയ്യാനുള്ള സൗകര്യവും ബാങ്കിൽ തുടങ്ങിയിട്ടുണ്ട്. ബാങ്കിലെ അംഗങ്ങൾക്ക് മരണാനന്തര നിധി, ഇൻഷുറൻസ് പരിരക്ഷ എന്നിവ തുടങ്ങാനും പുതുതായി 50ലക്ഷം രൂപയുടെ ചിട്ടി തുടങ്ങാനും 20കോടിയുടെ നിക്ഷേപം സമാഹരിക്കാനും ബാങ്ക് ലക്ഷ്യമിടുന്നു. വളരെ വേഗത്തിൽ വായ്പ നൽകുന്ന ബാങ്കിൽ കുടിശിക രണ്ടു ശതമാനത്തിൽ താഴെയാക്കാനും സാധിച്ചിട്ടുണ്ട്. ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്കിനെ സൂപ്പർഗ്രേഡ് പദവിയിലേക്ക് ഉയർത്താൻ ലക്ഷ്യമിടുന്നതായും ബാങ്ക് പ്രസിഡന്റ് എ.വിനയചന്ദ്രൻ, സെക്രട്ടറി കെ.സി മനുഭായി, അംഗങ്ങളായ സി.ജി.കുഞ്ഞുമോൻ, ബിനിൽകുമാർ, വി.കെ.കുര്യൻ, ബാബു കല്ലുങ്കൽ, തങ്കച്ചൻ ടി.ഇടിക്കുള എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.