road
റോഡോ അതോ തോടോ... തകർന്ന് കിടക്കുന്ന ആനന്ദപ്പള്ളി- കൊടുമൺ റോഡ്.

അടൂർ: തകർന്ന് തരിപ്പണമായ റോഡിലൂടെ യാത്ര ചെയ്ത് മടുത്ത നാട്ടുകാർ ചോദിക്കുന്നത് ഈ റോഡിന് അടുത്തെങ്ങാനും ശാപമോക്ഷം കിട്ടുമോയെന്ന്. അടൂർ- കൈപ്പട്ടൂർ, ഏഴംകുളം -കൈപ്പട്ടൂർ റോഡുകളെ ബന്ധിപ്പിക്കുന്ന ആനന്ദപ്പള്ളി - കൊടുമൺ റോഡിന്റെ അവസ്ഥയെതുടർന്നുള്ള നാട്ടുകാരുടെ ചോദ്യത്തിന് ഉത്തരം പറയാൻ ആരുമില്ലാത്ത അവസ്ഥ. പണി ഇന്നു തുടങ്ങും നാളെ തുടങ്ങും എന്ന് പറയാൻ തുടങ്ങിയിട്ട് നാളുകളായി. ഫലത്തിൽ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ യാത്ര ചെയ്ത് നടുവൊടിയാനാണ് നാട്ടുകാരുടെ വിധി.ആനന്ദപ്പള്ളി മുതൽ കൊടുമൺ വരെയുള്ള നാല് കിലോമീറ്റർ ഭാഗം തകർന്നു തരിപ്പണമായി. ഇത്രയും നാമാവിശേഷമായ ഒരു പൊതുമരാമത്ത് റോഡ് സമീപ സ്ഥലങ്ങളിലെവിടെയുമില്ല.

റോഡ് നന്നാക്കണമെന്ന് നാളുകളായുള്ള ആവശ്യം

റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്. സ്വകാര്യ ബസുകളും സ്കൂൾ ബസുകളും ഉൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. നാല് കെ.എസ്.ആർ.ടി.സി ഉൾപ്പെടെ എട്ട് ബസുകൾ ഒരു കാലത്ത് സർവീസ് നടത്തിയ ഈ റൂട്ടിൽ ഇപ്പോൾ കേവലം രണ്ട് സർവീസായി ചുരുങ്ങി.ഒരു കുഴിയിൽ നിന്നും അടുത്ത കുഴിയിൽ ചാടിയുള്ള ദുരിതയാത്ര ചെയ്ത് സഹികെട്ട നാട്ടുകാർ പ്രതിക്ഷധവുമായി രംഗത്തിറങ്ങി. ചിറ്റയം ഗോപകുമാർ എം.എൽ.എ യുടെ ശ്രമഫലമായി പൊതുമരാമത്ത് വകുപ്പ് 25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി കരാറ് നൽകിയിട്ട് രണ്ട് മാസത്തിലേറെയായി.പ്രതികൂല കാലാവസ്ഥയുടെ പേരുപറഞ്ഞ് ടാറിംഗ് തുടങ്ങുന്നത് അനിശ്ചിതമായി നീട്ടികൊണ്ടു പോവുകയാണ്.

വർഷങ്ങളായുള്ള യാത്രാദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ്.അനാസ്ഥ തുടർന്നാൽ പൊതുജനങ്ങളെ സംഘടിപ്പിച്ച് തെരുവിലിറങ്ങും.

വിനോദ് വാസുകുറുപ്പ്.

(നാട്ടുകാരൻ)

മഴ കാരണമാണ് പണി തുടങ്ങാൻ വൈകുന്നത്. ഉടൻ തന്നെ ടാറിംഗ് ആരംഭിക്കാൻ കരാറുകാരന് നിർദ്ദേശം നൽകി കഴിഞ്ഞു. മുരുകേഷ് കുമാർ,

അസി.എൻജിനിയർ

(പൊതുമരാമത്ത് വകുപ്പ്)

-25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി

കരാർ നൽകിയിട്ട് രണ്ട് മാസം