തിരുവല്ല: നഗരത്തിലെ ബൈപ്പാസ് റോഡായി യാത്രക്കാർ ആശ്രയിക്കുന്ന ചെയർമാൻസ് റോഡ് ഇപ്പോൾ വഴിപ്പോക്കരുടെ മാലിന്യക്കുഴിയായി മാറി. കഴിഞ്ഞ നഗരസഭാ ഭരണസമിതി ശക്തമായ നടപടികൾ സ്വീകരിച്ചതിനെ തുടർന്ന് ചെയർമാൻ റോഡരുകിൽ മാലിന്യം നിക്ഷേപിക്കുന്നത് അവസാനിച്ചതാണ്. എന്നാലിപ്പോൾ വീണ്ടും ഇവിടെ പ്ലാസ്റ്റിക് കവറുകളിലാക്കി മാലിന്യം തള്ളുന്നത് പതിവായിട്ടുണ്ട്. രാപകൽ വ്യത്യാസമില്ലാതെ വാഹനങ്ങളിൽ കൊണ്ടുവന്ന് മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയെടുക്കാൻ അധികൃതർ തയ്യാറാകുന്നില്ല. നിരീക്ഷണ കാമറകളുടെ പ്രവർത്തനം ശക്തമാക്കിയാൽ ഇതവസാനിക്കും. ഇക്കാര്യത്തിൽ അധികൃതർ മൗനം പാലിക്കുകയാണ്.
റോഡിലാകെ കുഴികൾ
മഴ വീണ്ടും കനത്തതോടെ ചെറുതും വലുതുമായ ഒട്ടേറെ കുഴികൾ റോഡിലാകെ രൂപപ്പെട്ടിട്ടുണ്ട്. എം.സി റോഡിനെയും ടി.കെ റോഡിനെയും ബന്ധിപ്പിക്കുന്ന ഈ റോഡിന് 500 മീറ്റർ നീളമേയുള്ളൂ. എം.സി റോഡിലേക്കുള്ള കവാടത്തിൽ പൂർണ്ണമായും റോഡ് തകർന്നു. ഇവിടെ റോഡിന് വീതിക്കുറവുമാണ്. മണിക്കൂറുകൾ നീളുന്ന നഗരത്തിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെട്ട് പോകാൻ നൂറുകണക്കിന് യാത്രക്കാരാണ് ദിവസവും ഈ റോഡിനെ ആശ്രയിക്കുന്നത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള റോഡിൽ അറ്റകുറ്റപണികൾ നടത്തിയിട്ട് ഒരു വർഷത്തിലേറെയായി. ചെയർമാന്റെ പേരിലുള്ള ഈ റോഡിൽ നിലവാരമില്ലാത്ത വിധമാണ് മിക്കപ്പോഴും ടാറിംഗ് നടത്തുന്നതെന്നാണ് പ്രധാന ആക്ഷേപം. ടാറിംഗ് കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞാലുടൻ വീണ്ടും റോഡ് തകർച്ചയിലാകും. ഭാരം കയറ്റിയവ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ തുടർച്ചയായി കടന്നുപോകുന്നതും റോഡിന്റെ തകർച്ചയ്ക്ക് കാരണമാകുന്നു.
വീതി കൂട്ടണം
എം.സി റോഡിൽ നിന്നുള്ള തുടക്കഭാഗത്ത് അല്പമൊന്ന് വീതികൂട്ടിയാൽ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന യാത്രക്കാർക്ക് ആശ്വാസമായിരുന്നു.
ജെറി ഫിലിപ്പ്
യാത്രക്കാരൻ
ചെയർമാൻസ് റോഡ്
നീളം 500 മീറ്റർ
എം.സി റോഡിനെയും ടി.കെ റോഡിനെയും ബന്ധിപ്പിച്ച്
അറ്റകുറ്റപ്പണി നടത്തിയിട്ട് ഒരു വർഷം
മാലിന്യം തള്ളുന്നവരെ പിടികൂടാൻ കാമറ സ്ഥാപിക്കണം
വർഷങ്ങൾക്ക് മുമ്പ് കാൽനടയാത്രക്കാർ മാത്രം ആശ്രയിച്ചിരുന്ന ഇഴവഴിയായിരുന്നു ഇത്. നഗരം വികസിച്ചപ്പോൾ റോഡിനും മാറ്റമുണ്ടായി. പുഷ്പഗിരി മെഡിക്കൽ കോളേജിലേക്കുള്ളവർക്കാണ് ഇപ്പോൾ ഇൗ വഴി ഏറെ ഉപകാരപ്പെടുന്നത്. വീതി കൂട്ടിയാൽ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും കടന്നുപോകാനാകും.