പത്തനംതിട്ട: താൻ എന്നും വിശ്വാസികൾക്കൊപ്പമാണെന്ന് കോന്നിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.യു.ജനീഷ് കുമാർ പ്രസ് ക്ലബിൽ സ്ഥാനാർത്ഥി സംഗമത്തിൽ പറഞ്ഞു.
കുട്ടിക്കാലത്ത് തന്നെ അച്ഛൻ തോളിൽ വച്ച് ശബരിമലയിൽ കൊണ്ടു പോയിട്ടുണ്ട്. തന്നെക്കാൾ കരുതൽ ഇരുമുടിക്കെട്ടിനായിരുന്നു. അടുത്തിടെയും താൻ ശബരിമലയിൽ പോയിട്ടുണ്ട്. ശബരിമലയിൽ യുവതികളെ കയറ്റുന്നതിനെ അനുകൂലിച്ചുള്ള നവോത്ഥാനം ശബരിമലയിലൂടെ എന്ന ഫേയ്സ്ബുക്ക് കൂട്ടായ്മയ്ക്ക് ഡി.വൈ.എഫ്.ഐയുമായി ബന്ധമില്ല. താൻ യുവതി പ്രവേശത്തെ അനുകൂലിച്ച് എഴുതിയിട്ടില്ലെന്നും ജനീഷ് കുമാർ പറഞ്ഞു.
ശബരിമലയിൽ യുവതികളെ കയറ്റാൻ സർക്കാർ ശ്രമിച്ചാൽ പഴയതിനേക്കാൾ രൂക്ഷമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ പറഞ്ഞു. സുപ്രീം കോടതിയിലെ പുനപരിശോധനാ ഹർജികളിൽ വിധി പറയാനിരിക്കുന്നതിനാൽ കേന്ദ്രത്തിന് ഓർഡിനൻസ് ഇറക്കാൻ കഴിയില്ല. വിധി എതിരായാൽ കേന്ദ്രം ഓർഡിനൻസ് കൊണ്ടുവരുമെന്നതിൽ സംശയം വേണ്ടന്ന് സുരേന്ദ്രൻ പറഞ്ഞു.വിശ്വാസികളെ ബി.ജെ.പി കബളിപ്പിച്ചെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി പി.മോഹൻരാജ് പറഞ്ഞു.