പഴകുളം: സഞ്ജീവിനി അഗ്രിതെറാപ്പി അനുഗ്രഹമായതോടെ ആലുംമൂട് ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾ രണ്ടാംഘട്ടകൃഷിയിലേക്ക്. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി കുടുംബശ്രീ തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് തുടങ്ങിയ ബഡ്സ് സ്കൂളുകളിലാണ് അഗ്രി തെറാപ്പിയെന്ന പുതിയപരീക്ഷണത്തിന് കുടുംബശ്രീ തയാറായത്. പള്ളിക്കൽ പഞ്ചായത്തിൽ ആലുംമൂട് കേന്ദ്രമായി പ്രവർത്തിക്കുന്ന ബഡ്സ് സ്കൂളിൾ ഉദ്ദേശിച്ച ഫലം വിദ്യാർത്ഥികളിൽ ഉണ്ടായി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ രണ്ടാംഘട്ട കൃഷി നടത്തുന്നതിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു.
കുടുംബശ്രീയിൽ കാർഷിക രംഗത്ത് പ്രവർത്തിക്കുന്ന ധാരാളം കൃഷി സംഘങ്ങളുണ്ട്. കൂടാതെ കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ പ്രത്യേക ടീമും. ഇവരുടെ നേതൃത്വത്തിൽ കുടുംബശ്രീയുടെ മാസ്റ്റർ കർഷകർ, ബഡ്സ് സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്കും കുട്ടികൾക്കും കൃഷിയിൽ പരിശീലനം നൽകി. . ഇതിനായി രണ്ടു സെന്റ് സ്ഥലത്ത് അല്ലെങ്കിൽ അതിന് ആനുപാതികമായി ഗ്രോ ബാഗുകളിലാണ് പച്ചക്കറി കൃഷി നടത്തിവന്നത്. ആലൂംമൂട് സ്കൂളിൽ വാഴ, ചേന, ചേമ്പ് തുടങ്ങിയവക്കുപുറമേ പച്ചകറികളും കൃഷി ചെയ്തു.കുട്ടികൾ നട്ട് നനച്ച് വളർത്തുന്ന പച്ചക്കറികളുടെ വിളവെടുപ്പ് ഉത്സവമായിട്ടാണ് നടത്തിയത്. വിളവെടുക്കുന്ന പച്ചക്കറികൾ ബഡ്സ് സ്ഥാപനത്തിലെ ഉച്ചഭക്ഷണത്തോടൊപ്പം കുട്ടികൾക്ക് തന്നെ പാകം ചെയ്തു നൽകും
അഗ്രി തെറാപ്പി
ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികൾക്ക് കൂടുതൽ ശാരീരിക - മാനസിക ഉന്മേഷം പകരാൻ എന്തുചെയ്യണമെന്ന് ആലോചിച്ച് കുടുംബശ്രീ ടീം കണ്ടെത്തിയ പുതിയ ആശയമാണ് അഗ്രി തെറാപ്പി.
കേരളത്തിലെ 253 ബഡ്സ് സ്ഥാപനങ്ങളിൽ അഗ്രി തെറാപ്പി നടക്കുന്നു.
7000ൽ അധികം കുട്ടികൾ പദ്ധതിയുടെ ഭാഗമായി
സ്ഥാപനത്തിന് ഉണർവേകാനും കുട്ടികൾക്ക് ക്രിയാത്മകമായ പ്രവർത്തനത്തിലൂടെ സന്തോഷം നൽകാനും അഗ്രി തെറാപ്പിയിലൂടെ സാധിച്ചു.
ഷീജാ
അദ്ധ്യാപിക
ബഡ്സ്കൂൾ, ആലുംമൂട് .