arippa-malinyam
വാഴപ്പാറ അക്വടേറ്റിൽ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യം

ഇളമണ്ണൂർ : കലഞ്ഞൂർ വാഴപ്പാറ അക്വിടേറ്റിനു സമീപമുളള അനധികൃത കാശാപ്പ്‌ കേന്ദ്രം മൂലം നിരവധി കുടുംബങ്ങളാണ് പകർച്ചവ്യാധി ഭീഷണിയിൽ. രോഗം വന്നതും അല്ലാത്തതും പൂർണ ഗർഭിണികളുമായ നിരവധി പശുക്കളെയാണ് ഇവിടെ മാംസത്തിനായി എത്തിക്കുന്നത്. കനാൽ പുറംമ്പോക്കിൽ പ്രവർത്തിക്കുന്ന ഈ കശാപ്പുകേന്ദ്രം ഒരു ഗ്രാമത്തെ മുഴുവൻ രോഗികളാക്കുകയാണ്. ഈ പ്രദേശങ്ങളിൽ കാൻസർ ബാധിതരുടെ എണ്ണവും ദിനംപ്രതി വർദ്ധിക്കുന്നതും ആശങ്കകൾക്കിടയാക്കുന്നുണ്ട്.കന്നുകാലികളുടെ അറവുമാലിന്യങ്ങൾ രാത്രിയിൽ കനാലിൽ നിക്ഷേപിക്കുന്നുണ്ട്.

അറവു മാലിന്യം ചാക്കിൽകെട്ടി കനാലിൽ

വൃത്തിഹീനമായതും പുഴുക്കൾ നുരക്കുന്നതുമായ അന്തരീക്ഷത്തിൽ കശാപ്പു ചെയ്യുന്ന ഇറച്ചിയാണ് സമീപ പഞ്ചായത്തുകളിലടക്കം എത്തിക്കുന്നത്. അറവ് അവശിഷ്ടങ്ങൾ ചാക്കിൽ കെട്ടി കനാലിൽ നിക്ഷേപിക്കുന്നത് മൂലം വാഴപ്പാറയിലെ അരിപ്പയിൽ അടിഞ്ഞ് കൂടുന്നത് ടൺ കണക്കിന് മാലിന്യങ്ങളാണ്.വലതുകര കനാൽ തുറന്നുവിടുമ്പോൾ ചപ്പുചവറുകളും മറ്റും അടിഞ്ഞുകൂടുന്നതിനുള്ള സംവിധാനമാണ് ട്രാഷ് റാക്കുകൾ അഥവാ അരിപ്പ.കനാലിൽ അകപ്പെടുന്ന മനുഷ്യർക്കും മൃഗങ്ങൾക്കും രക്ഷാമാർഗം കൂടിയാണിത്.എന്നാൽ അടിഞ്ഞുകൂടിയ അറവ് മാസംങ്ങളുടെ ദുർഗന്ധം മൂലം പ്രദേശത്തേക്ക് എത്താൻകൂടി കഴിയാത്ത സ്ഥിതിയാണ്. പരിസരത്തുള്ള വീടുകളിൽ ഭക്ഷണം കഴിക്കാൻപോലും കഴിയാറില്ല. ഈച്ച ശല്യവുമുണ്ട്.

രോഗങ്ങൾ പടർന്നു പിടിക്കുന്നു

വിട്ടുമാറാത്ത പനി, ചുമ, ശ്വാസംമുട്ടൽ, ത്വക്ക്‌രോഗങ്ങൾ എന്നിവയാണ് കൂടുതലായും കണ്ടു വരുന്നത്. ഈ കനാലിലെ ജലമാണ് കുടിവെളള പദ്ധതികൾക്കും മറ്റും ഉപയോഗിക്കുന്നതും. മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിനാൽ ജലമൊഴുക്ക് തടസപ്പെടാറുണ്ട്. ഡിപ്പോ, പാലമല, കുടുത്ത, കൊല്ലമുക്ക് ,മരുതുംമൂട് വഴി അടൂർ ഏഴംകുളം ഭാഗത്തു കൂടിയാണ് ഈ കനാൽ കടന്നുപോകുന്നത്. ഈ കനാലിലെ വെള്ളമാണ് സമീപത്തെ വീട്ടുകാർ വർഷങ്ങളായി ഉപയോഗിക്കുന്നത്. തെൻമലയിൽ നിന്നും ഒഴുകി വരുന്ന ഈ കനാലിലെ വെള്ളം 37കിലോമീറ്റർ കഴിഞ്ഞുള്ള വാഴപ്പാറയിൽ മാത്രമാണ് തടഞ്ഞു നിറുത്തി മാലിന്യംശേഖരിക്കാൻ സംവിധാനമുള്ളത്.നാളുകളായി ഇത്തരം മാലിന്യങ്ങൾ കെ.ഐ.പി അധികൃതർ നീക്കം ചെയ്യുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

-കാനാലിലെ മാലിന്യം നീക്കം ചെയ്തിട്ട് നാളുകൾ

-മാലിന്യംശേഖരിക്കാൻ സംവിധാനമുള്ളത് 37 കിലോമീറ്റർ അകലെ

-ഗ്രാമത്തെ മുഴുവൻ രോഗികളാക്കും!

പരാതി നൽകിയിട്ടും ആരോഗ്യ വകുപ്പോ പഞ്ചായത്തോ തിരിഞ്ഞ്‌നോക്കിയിട്ടില്ല. അറവ് മാഫിയക്കെതിരെ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ.

തങ്കമണി ( സമീപവാസി )