ഒാടിച്ചാടി നടന്ന് കണ്ണന്താനം

പൂങ്കാവ്: അൽഫോൺസ് കണ്ണന്താനം എം.പിയെ നടന്നു തോൽപ്പിക്കാനാവില്ല. നീളൻ കുർത്തായും മുണ്ടും ധരിച്ച് എത്ര വേഗത്തിലും നടക്കും. കളക്ടറും കേന്ദ്രമന്ത്രിയുമൊക്കെയായിരുന്നപ്പേൾ പ്രവർത്തിയിൽ കാണിച്ച ചടുലത അദ്ദേഹത്തിനൊപ്പമുണ്ട്. പൂങ്കാവ് ജംഗ്ഷനിൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് കണ്ണന്താനം എത്തിയത്. ഇരുപത് മിനിട്ടിനുള്ളിൽ ജംഗ്ഷനിലുണ്ടായിരുന്ന മുഴുവൻ ആളുകളെയും കണ്ട് എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചു മടങ്ങി.

ഓട്ടോറിക്ഷ സ്റ്റാൻഡിലേക്കാണ് കണ്ണന്താനം ആദ്യമെത്തിയത്. ഓടിനടന്നുള്ള ആ വരവ് കണ്ടപ്പോഴേ വണ്ടിയിലിരുന്ന ഡ്രൈവർമാർ പുറത്തേക്കിറങ്ങി. അവരോട് തൊഴുകൈകളോട് പറഞ്ഞു: ഞാൻ അൽഫോൺസ് കണ്ണന്താനം. സുരേന്ദ്രനെ ജയിപ്പിക്കണം, സഹായിക്കണം. മോദിയുടെ പ്രതിനിധിയാണ്.

എല്ലാവർക്കും കൈ കൊടുത്ത് അടുത്തുള്ള ബെസ്റ്റ് ബേക്കറിയിലേക്ക് കയറാൻ നേരം ഓടയിൽ പതിഞ്ഞു കണ്ണന്താനത്തിന്റെ കണ്ണ്. കുനിഞ്ഞിരുന്ന് ഒരു പ്ലാസ്റ്റിക് കുപ്പി ഓടയിൽ നിന്ന് എടുത്തു. പ്ലാസ്റ്റിക്ക് മാലിന്യം ഇല്ലാതാക്കാനുള്ള ശ്രമമാണ് നമ്മുടെ സർക്കാരിന്റേതെന്ന് അടുത്തുണ്ടായിരുന്നവരോട് പറഞ്ഞു. കുപ്പിയുമായി ബേക്കറിയിലേക്ക് കയറി. പ്രതീക്ഷിക്കാതെയുളള വി.എെ.പിയെ കണ്ട് കടയുടമ ഫിലിപ്പ് ഞെട്ടി. ഫിലിപ്പിന്റെ അനുവാദം ചോദിച്ച് കണ്ണന്താനം പ്ളാസ്റ്റിക് കുപ്പി വേസ്റ്റ് ബോക്സിലിട്ടു. "ഞാൻ കണ്ണന്താനം. സുരേന്ദ്രന് വേട്ടു ചെയ്യണം". തൊഴുകൈകളോടെ വോട്ട് അഭ്യർത്ഥിച്ച കണ്ണന്താനത്തോട് നാരങ്ങാവെളളം കുടിക്കാമെന്ന് ഫിലിപ്പിന്റെ ഭാര്യ ഗ്രേസിയുടെ സ്നേഹത്തോടെയുളള ക്ഷണം. സമയക്കുറവുണ്ട്, വീണ്ടും വരാമെന്ന് കണ്ണന്താനം.

"സർ, ജനമനസുകളിൽ അങ്ങ് മിടുക്കനായ ഐ.എ.എസ് ഓഫീസറാണ്"- കടയിൽ നിന്ന പ്രമാടം സ്വദേശി ബിജോയുടെ കമന്റ് കേട്ട് കണ്ണന്താനം പൊട്ടിച്ചിരിച്ചു. ഞാൻ വന്നത് മോദിയുടെ പ്രതിനിധിയായ സുരേന്ദ്രന് വോട്ടു ചോദിക്കാനാണ്. ബിജോയുടെ തോളിൽ കൈയിട്ട് സെൽഫിക്ക് പോസ് ചെയ്തു കണ്ണന്താനം.

വാഴമുട്ടം സ്വദേശി ജോളി ജെയിംസ് പൂങ്കാവിൽ റേഷൻ കട നടത്തുന്നു. " എങ്ങനെയൊക്കെയാണ് കടയിൽ നിന്ന് സാധനങ്ങൾ കൊടുക്കുന്നത്?. കണ്ണന്താനത്തിന്റെ ചോദ്യത്തിന് ജോളിയുടെ കൃത്യമായ മറുപടി. മൂന്ന് തരം കാർഡുകാർക്ക് നൽകുന്ന റേഷൻ സാധനങ്ങളെപ്പറ്റി ജോളി വിശദീകരിച്ചു. " ഒ.കെ. താങ്ക്സ്. ഞാൻ വന്നത് കെ.സുരേന്ദ്രന് വോട്ട് ചോദിക്കാനാണ്. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികളെപ്പറ്റി ചുരുക്കിപ്പറഞ്ഞ് കണ്ണന്താനം കുമ്പഴ സ്വദേശിയായ വിജയന്റെ നാടൻ ബാർബർ ഷോപ്പിൽ കയറി. " പേടിക്കണ്ട സർ, അഞ്ച് വോട്ട് എന്റെ കുടുംബത്തിലുണ്ട് " - വിജയന്റെ ഉറപ്പ്. "ഓ നമ്മുടെ ഫാമിലിയാ?. സുഖമാണോ. സുരേന്ദ്രന് വേണ്ടി ഇറങ്ങി പ്രവർത്തിക്കണം. ഞാനും ഇങ്ങനെയുളള ബാർബർ ഷോപ്പിലാ പൊയ്ക്കൊണ്ടിരുന്നത്. ഇപ്പോൾ തലയിൽ മുടിയില്ല"-ചിരിപ്പിച്ച് കണ്ണന്താനം മടങ്ങി.

പൂങ്കാവിലും പ്രമാടത്തും വീടുകൾ കയറി അദ്ദേഹം വോട്ട് അഭ്യർത്ഥിച്ചു. ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് നോബിൾ മാത്യു, ബി.ജെ.പി സംസ്ഥാന സമിതിയംഗം എ. വി.ശിവപ്രസാദ്, സംസ്ഥാന കൗൺസിൽ അംഗം വി.എസ്. ഹരീഷ് ചന്ദ്രൻ തുടങ്ങിയവർ കണ്ണന്താനത്തിനൊപ്പമുണ്ടായിരുന്നു. തുടർന്ന് കോന്നിയിലെ എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി. നേതാക്കളുമായി കൂടിയാലോചനയും ഉച്ചഭക്ഷണവും കഴിഞ്ഞ് വൈകിട്ട് തിരഞ്ഞെടുപ്പ് കൺവെൻഷനിലും പങ്കെടുത്തു.

>>

കേരളകൗമുദിയോട്

? പാർലമെന്റ് തിരഞ്ഞെടുപ്പിലേത് പോലുളള സാദ്ധ്യത ഇപ്പോഴുണ്ടോ

തീർച്ചയായും. ശബരിമല വിഷയം തന്നെ പ്രധാനമാണ്. വിശ്വാസികൾക്കു വേണ്ടി അടികൊണ്ട് ജയിലിൽ കിടന്ന് ത്യാഗം അനുഷ്ഠിച്ച നേതാവാണ് സുരേന്ദ്രൻ. ആ വിഷയം തീർന്നിട്ടില്ല. രണ്ടാമത്തെ കാര്യം വികസനമാണ്. കഴിഞ്ഞ അഞ്ചര വർഷമായിട്ട് നരേന്ദ്രമോദി രാജ്യത്ത് നടപ്പാക്കുന്ന കാര്യങ്ങൾ ചർച്ചാ വിഷയമാണ്. ഒരു അഴിമതി ആരോപണം പോലും ഉണ്ടായിട്ടില്ല.

? കോന്നിയിൽ കർഷകർക്ക് ഒട്ടേറെ പ്രശ്നങ്ങളുണ്ട്. വിളകളുടെ വിലയിടിവ്, വന്യമൃഗശല്യം. ഇതിനൊക്കെ മേലെയാണോ ശബരിമല.

റബർ കർഷകരെ സഹായിക്കാൻ കഴിഞ്ഞ ഏപ്രിലിൽ റബർ നയം കൊണ്ടുവന്നു. ഇറക്കുമതി നിയന്ത്രിക്കാൻ നടപടികളെടുത്തുവരുന്നു. കേന്ദ്ര ബഡ്ജറ്റിലെ എഴുപത് ശതമാനവും കർഷകർക്ക് നീക്കിവച്ചിരിക്കുകയാണ്.

? ബി.ജെ.പി വോട്ടുകൾ മറിക്കുമെന്ന മുന്നണികളു‌ടെ ആരോപണം.

ജയത്തിന്റെ വക്കത്തിരിക്കുന്ന പാർട്ടി അങ്ങനെ വോട്ടു മറിക്കുമോ. അങ്ങനെ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. കച്ചവടം നടത്തിയ പരിചയമില്ലാത്ത ആൾക്കാരാ ഞങ്ങൾ.

? കോന്നിയിൽ ആർക്കെതിരെയാണ് ബി.ജെ.പി മത്സരിക്കുന്നത്.

ജനാധിപത്യത്തിൽ ആരെയും ഞങ്ങൾ തളളിക്കളയുന്നില്ല. പക്ഷെ, അഞ്ചര വർഷം മോദി സർക്കാർ ചെയ്ത വികസന പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ ഞങ്ങൾക്കാണ് വിജയസാദ്ധ്യത.