തിരുവല്ല: ഇരവിപേരൂർ തരിശ് രഹിത പഞ്ചായത്താകുന്നു. 2013-14 മുതൽ ക്രമാനുഗതമായി വർദ്ധിച്ചുവന്ന നെൽക്കൃഷിക്ക് ഹരിതകേരള മിഷന്റെ വരവോടെ കൂടുതൽ ഊർജ്ജം കൈവന്നു. ഒപ്പം ഇതിൽ വകുപ്പുകളുടെ സഹകരണവും. ഈ സാഹചര്യം മുതലെടുത്താണ് പഞ്ചായത്തിലെ ഒട്ടുമിക്ക പാടശേഖരങ്ങളും ഈ വർഷത്തോടെ കതിരണിയുന്നത്.കഴിഞ്ഞ വർഷം 130 ഹെക്ടറിലെ നെൽക്കൃഷിയിലൂടെ തിരുവല്ലാ താലൂക്കിൽ കൂടുതൽ നെല്ല് ഉൽപ്പാദിപ്പിച്ച പഞ്ചായത്തുകളിൽ ഒന്നായി ഇരവിപേരൂർ മാറിയിരുന്നു. നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന പാടങ്ങളിലെ നെൽക്കൃഷിയുടെ വ്യാപ്തി വർദ്ധിപ്പിക്കുകയും പുതുതായി പുത്തേട്ട്, കോമങ്കേരി, മണ്ണേറ്റ്, മുട്ടിനുപുറം, കൈതച്ചാൽ, പേരുവ പാടങ്ങളിലെ കൃഷി ആരംഭിക്കുന്നതോടെ പഞ്ചായത്തിലെ 80 പാടങ്ങളിലും കൃഷി സാദ്ധ്യമാകും. ഇതിനായി പാടശേഖരസമിതികൾ നിലവിലുള്ളവ കൂടുന്നതും പുതിയവ വിളിച്ചുകൂട്ടി രൂപീകരിയ്ക്കുന്നതുമായ പ്രവർത്തനം പുരോഗമിക്കുന്നു. വിത്ത് സൗജന്യമായി നല്കുന്നതിനും വളം സബ്‌സീഡി നിരക്കിലും നല്കുന്നതിനും,ഒപ്പം പാടശേഖരങ്ങളിലെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പെട്ടിയും പറയും സ്ഥാപിക്കുക, ത്രീഫേസ് ലൈൻ കണക്ഷൻ, മോട്ടറുകളുടെ വിതരണം,റാമ്പ്‌മോട്ടർ പുര ഇവയുടെ നിർമ്മാണം പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി പൂർണമായി നല്കിയിട്ടുണ്ട്.ചാലുകളുടെ നവീകരണവും ലിഫ്റ്റ് ഇറിഗേഷന്റെ അറ്റകുറ്റപണികളും മൈനർ ഇറിഗേഷൻ വകുപ്പ് നിർവഹിച്ചു. നിലമൊരുക്ക് ജില്ലാബ്ലോക്ക് പഞ്ചായത്തുകളുടെ പദ്ധതി ഏകോപനത്തിലും മൂന്ന് വർഷം വരെയുള്ള പാട്ടം കൃഷി വകുപ്പും തുടർന്ന് കർഷകനും നിലമുടകൾക്ക് നല്കിവരുന്നു. തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായാണ് തോടുകളും കനാലുകളും നവീകരിക്കുന്നത്.
പഞ്ചായത്തിലെ 80
പാടങ്ങളിലും കൃഷി
തരിശുരഹിത പഞ്ചായത്താകും
നടപ്പുവർഷം തന്നെ തരിശ് രഹിത പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുവാനുള്ള പരമാവധി ശ്രമമാണ് നടത്തുന്നതെന്ന്
അനസൂയ ദേവി
പഞ്ചായത്ത് പ്രസിഡന്റ്