pullad-road
വെണ്ണിക്കുളത്ത് നടന്ന റോഡ് ഉപരോധം പി.ജെ കുര്യൻ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: പുല്ലാട് റോഡ് സഞ്ചാരയോഗ്യമാക്കാൻ സർക്കാർ വേണ്ട നടപടികൾ എടുത്തില്ലെങ്കിൽ ബഹുജനസമരം എം.എൽ.എയുടെ ഓഫീസ് പടിക്കലേക്ക് മാറ്റുമെന്ന് മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ.കുര്യൻ എം.പി.പറഞ്ഞു. തകർച്ച പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വെണ്ണിക്കുളത്ത് നടന്ന ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. പുറമറ്റം, മല്ലപ്പള്ളി, പുല്ലാട്, കല്ലൂപ്പാറ, എഴുമറ്റൂർ, തെള്ളിയൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ഉപരോധത്തിൽ നിരവധി കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു. തന്റെ ശ്രമഫലമായി കേന്ദ്ര റോഡ് ഫണ്ടിൽ നിന്നും 15 കോടി രൂപാ അനുവദിപ്പിച്ച് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള നാഷണൽ ഹൈവേ അതോറിറ്റിക്ക് നൽകിയിട്ട് രണ്ടര വർഷം പിന്നിട്ടിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്ത് എം.എൽ.എ യുടെ അനാസ്ഥയും അവഗണനയുമാണ്. കുഴികളിൽ വീണ് നിരവധി പേർക്ക് പരിക്കേറ്റിട്ടും ഉത്തരവാദപ്പെട്ടവർ അനങ്ങാപ്പാറനയമാണ് സ്വീകരിക്കുന്നത്. കളക്‌ട്രേറ്റിൽ എം.എൽ.എ.വിളിച്ചുചേർത്ത യോഗത്തിൽ ഒരാഴ്ചക്കുള്ളിൽ കുഴികളടക്കുമെന്ന് പ്രസ്താവന നടത്തിയതല്ലാതെ യാതൊരു നടപടിയുമില്ല. പൊതുമരാമത്ത് മന്ത്രി ഇക്കാര്യത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. റെജി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവി, ഡോ.സജി ചാക്കോ, അനീഷ് വരിക്കണ്ണാമല, അഡ്വ. കെ. ജയവർമ്മ, പ്രസാദ് ജോർജ്ജ്, പ്രകാശ് കുമാർ ചരളേൽ, ബോബൻ ജോൺ, സാം സജി ജോർജ്ജ്, രാജു പുളിമൂട്ടിൽ, കോശി പി. സ്‌കറിയ, ലാലു തോമസ്, കെ.ജി. സാബു, പി.ജി. അനിൽകുമാർ, എം.എസ്. സതീഷ്‌കുമാർ, വി.കെ. ഓമനക്കുട്ടപണിക്കർ, കൃഷ്ണകുമാർ തെള്ളിയൂർ എന്നിവർ പ്രസംഗിച്ചു.