കല്ലാറും കക്കാട്ടാറും അച്ചൻകോവിലാറുമാണ് കോന്നിയുടെ സിരകൾ. മലകളിൽ തേവർമലയ്ക്കാണ് ഉയരം കൂടുതൽ. കിഴക്കൻ ചരിവിൽ പച്ചപുതച്ച് നിത്യഹരിത വനങ്ങൾ. അണക്കെട്ടുകളും ജലവൈദ്യുത നിലയങ്ങളുമടങ്ങിയതാണ് കോന്നിയുടെ പശ്ചിമഘട്ടം. കർഷകരാണ് നാടിന്റെ നട്ടെല്ല്. റബറും ഇതര കാർഷിക വിളകളുമാണ് മലനാടിന്റെ സമ്പത്ത്. ആനത്താവളവും അടവിയും ഗവിയുമാണ് പ്രധാന വിനോദ കേന്ദ്രങ്ങൾ.
രാജഭരണത്തിൽ പന്തളം രാജാവിന്റെ അധീനതയിലായിരുന്ന കോന്നിയൂരാണ് കോന്നിയായത്. ഉപതിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ശക്തമായ ത്രികോണ പോരാട്ടത്തിന്റെ കൊടിപാറുകയാണ് കോന്നിയിൽ. പത്തനംതിട്ട പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പിൽ കോന്നിയിൽ എൻ.ഡി.എ നടത്തിയ മുന്നേറ്റമാണ് ആദ്യത്തെ ത്രികോണപ്പോരാട്ടത്തിന് നിലമൊരുക്കിയത്.
1965ൽ രൂപീകൃതമായ കോന്നി നിയമസഭാ മണ്ഡലത്തിൽ ഇതുവരെ നടന്നത് 13 തിരഞ്ഞെടുപ്പുകൾ. ഒൻപതിലും യു.ഡി.എഫിന് ജയം. നാല് തിരഞ്ഞെടുപ്പുകളിൽ മണ്ഡലം ചുവന്നു.
തുടർച്ചയായി 23വർഷം കോന്നിയെ പ്രതിനിധീകരിച്ച അടൂർ പ്രകാശ് ആറ്റിങ്ങലിൽ നിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോഴേക്കും കോന്നിയിൽ രാഷ്ട്രീയ വഴിത്തിരിവുകളും അരങ്ങേറി. 54 വർഷം കെ.എം.മാണി കൈവശം വച്ചിരുന്ന പാലയെ മോചിപ്പിക്കാമെങ്കിൽ 23 വർഷം അടൂർ പ്രകാശിന്റെ കയ്യിലിരുന്ന കോന്നിയെ പിടിച്ചെടുക്കാൻ കഴിയുമെന്ന വിശ്വാസത്തിൽ ഇടത് മുന്നണി. സ്ഥാനാർത്ഥിയായി ഡി.വൈ.എഫ്.എെ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.യു.ജനീഷ് കുമാറിനെ നിശ്ചയിച്ച് പ്രചാരണരംഗത്ത് അവർ മുന്നേറി. സി.പി.എം ജില്ലാ ഘടകം സ്ഥാനാർത്ഥിയായി നിർദേശിച്ച സെക്രട്ടറി കെ.പി. ഉദയഭാനുവിന്റെ പേര് സംസ്ഥാന സമിതി അംഗീകരിക്കാത്തതിന്റെ നീരസം നീങ്ങിയിട്ടുണ്ട്. എൽ.ഡി.എഫ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രിമാരായ എം.എം.മണി, കെ.കെ.ശൈലജ ടീച്ചർ എന്നിവർ മണ്ഡലത്തിൽ പര്യടനം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ കെ.എൻ.ബാലഗോപാലനും കെ.ജെ.തോമസിനുമാണ് പ്രചാരണത്തിന്റെ ചുമതല. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ പറഞ്ഞാണ് വോട്ടർമാരെ കാണുന്നത്. കേന്ദ്രത്തിന്റെ ജനവിരുദ്ധനയങ്ങളെ എതിർത്തും യു.ഡി.എഫിനെ അഴിമതിക്കൂട്ടിൽ നിർത്തിയും പ്രചാരണം കൊഴുപ്പിക്കുന്നു.
യു.ഡി.എഫിൽ അടൂർ പ്രകാശ് നിർദേശിച്ച പ്രമാടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്ററിനെ സ്ഥാനാർത്ഥിയാക്കാത്തതിന്റെ പേരിലുണ്ടായ പൊട്ടിത്തെറി താത്കാലികമായി കെട്ടടങ്ങി. സ്ഥാനാർത്ഥി മുൻ ഡി.സി.സി പ്രസിഡന്റ് പി. മോഹൻരാജിന്റെ പ്രചാരണം മുറുകി. മണ്ഡലത്തിൽ അടൂർ പ്രകാശ് നടത്തിയ വികസന പ്രവർത്തനങ്ങളാണ് യു.ഡി.എഫ് പ്രധാന പ്രചാരണ ആയുധമാക്കുന്നത്. പെരിയ ഇരട്ടക്കൊലയും കസ്റ്റഡി മരണങ്ങളും മാണി സി. കാപ്പന്റെ മൊഴിയും മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളും വിഷയങ്ങളാണ്.
യു.ഡി.എഫ് സ്ഥാനാർത്ഥിക്കു വേണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ, യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ തുടങ്ങിയവർ മണ്ഡലത്തിലെത്തി. കെ.പി.സി.സി അംഗം വി.പി.സജീന്ദ്രൻ എം.എൽ.എക്കാണ് പ്രചാരണ ചുമതല.
എൻ.ഡി.എ സ്ഥാനാർത്ഥിയായി കെ.സുരേന്ദ്രൻ വൈകിയെത്തിയതിന്റെ കുറവ് പ്രചാരണത്തിൽ നികത്തി. മോദി സർക്കാരിന്റെ നേട്ടങ്ങളാണ് പ്രധാന വിഷയങ്ങൾ. ഇടത് വലത് മുന്നണികളെ കടന്നാക്രമിക്കുന്നുമുണ്ട്. പ്രചാരണത്തിന് കേന്ദ്രമന്ത്രി വി.മുരളീധരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് . ശ്രീധരൻപിളള, മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം തുടങ്ങിയവർ മണ്ഡല പര്യടനം നടത്തി. ബി.ജെ.പി സംസ്ഥാന ജനറൽസെക്രട്ടറി എ.എൻ.രാധാകൃഷ്ണനാണ് പ്രചാരണം നിയന്ത്രിക്കുന്നത്.
ഇൗഴവ വോട്ടുകൾക്ക് ഗണ്യമായ സ്വാധീനമുളള മണ്ഡലമാണ് കോന്നി. എഴുപതിനായിരത്തോളം വോട്ടുകൾ സമുദായത്തിനുണ്ട്. അൻപതിനായിരത്തിലധികം വോട്ടുകൾ നായർ വിഭാഗത്തിനും നാൽപ്പത്തയ്യായിരത്തോളം വോട്ടുകൾ ക്രിസ്ത്യൻ വിഭാഗത്തിനും.
ആകെ വോട്ടർമാർ - 1,98,975.
സ്ത്രീകൾ- 1,04,457
പുരുഷന്മാർ - 94517
ട്രാൻസ്ജെൻഡർ - 1
2016 നിയമസഭ
യു.ഡി.എഫ് ഭൂരിപക്ഷം 20,748
അടൂർ പ്രകാശ് (കോൺഗ്രസ്) 72800
ആർ.സനൽകുമാർ (സി.പി.എം) 52052
ഡി.അശോക് കുമാർ (ബി.ജെ.പി) 16713.
2019 ലോക് സഭ
യു.ഡി.എഫ് ലീഡ് 2721
ആന്റോആന്റണി (കോൺഗ്രസ്) 49667
വീണാ ജോർജ് (സി.പി.എം) 46946
കെ. സുരേന്ദ്രൻ (എൻ.ഡി.എ) 46506