നേതാവിനൊപ്പം .....അടൂർ പ്രകാശ് എം.പി
കോന്നി: നഗരത്തിലെ പ്രധാന ജംഗ്ഷനാണ് ചൈനാമുക്ക്. പേര് കേൾക്കുമ്പോൾ കമ്മ്യൂണിസ്റ്റ് ചൈനയെ ഒാർമവരും. പോരാത്തതിന് സി.പി.എെയുടെ കോന്നി നിയാേജക മണ്ഡലം കമ്മറ്റി ഒാഫീസും ഇവിടെയാണ്. ജവഹർലാൽ നെഹ്റു അതിരുങ്കലിലെ ഒരു വീട്ടിൽ എത്തി കോന്നി വഴി മടങ്ങുമ്പോൾ ഇവിടെ ചുവന്ന കൊടിതോരണങ്ങൾ കെട്ടി അലങ്കരിച്ചിരുന്നു. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന നേതാവിനോട് ഇത് ചൈനയാണോ എന്നു ചോദിച്ചുവെന്നാണ് കഥ. അങ്ങനെയാണത്രെ ചൈനാമുക്ക് ഉണ്ടായത്. ചൈന പഴയ ചൈനയല്ലെന്ന് പറയുമ്പോലെയാണ് ചൈനാമുക്കും. കോൺഗ്രസിന് നല്ല വളക്കൂറുളള സ്ഥലം. കോന്നിയുടെ മുൻ എം.എൽ.എ അടൂർ പ്രകാശിന് ചൈനാമുക്കിൽ ഗുരുമന്ദിരത്തിന് പിന്നിലുളള കോൺഗ്രസ് പ്രവർത്തകൻ അടിമുറിയിൽ പ്രദീപിന്റെ വീട്ടിലായിരുന്നു ഉച്ചയൂണ്. ചാനൽ സംഘങ്ങളുമായി ദീർഘനേരത്തെ അഭിമുഖം കഴിഞ്ഞ് ഉൗണിന് എത്തുമ്പോൾ മൂന്ന് മണി. പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുടെ വലിയ കൂട്ടം എപ്പോഴും ഇൗ നേതാവിനൊപ്പമുണ്ടാകും. അനുഭാവികളെയും പാർട്ടിക്കാരല്ലാത്തവരെയും പേര് വിളിക്കാനുളള അടുപ്പം തുടർച്ചയായി 23വർഷം എം.എൽ.എ ആയിരുന്ന അടൂർ പ്രകാശിന് മണ്ഡലത്തിലുണ്ട്. പ്ളാവിള റോഡിന് തൊട്ടടുത്താെരു പാടത്ത് പണിതുകൊണ്ടിരുന്നയാളെ കണ്ട് ''ശശിധരോ...'' എന്ന് നീട്ടിവിളിച്ചു. ശശിധരൻ കൈ പൊക്കി ഹായ് പറഞ്ഞു, രണ്ടുവിരലുകളുയർത്തി വിജയചിഹ്നം കാണിച്ചു.
സ്ഥാനാർത്ഥി നിർണയത്തിന്റെ പേരിൽ പാർട്ടിയുലാണ്ടായ പിണക്കങ്ങൾ തീർന്ന് അടൂർ പ്രകാശ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ്. അതിന്റെ ഉണർവ് കോൺഗ്രസ് പ്രവർത്തികരിലുമുണ്ട്.
ചൈനാമുക്കിൽ നിന്ന് പ്ളാവിളഭാഗത്തേക്ക് ഇടറോഡിലൂടെയായിരുന്നു അടൂർ പ്രകാശിന്റെ ഭവന സന്ദർശനം. അദ്ദേഹത്തെ കണ്ട് ഗൃഹനാഥൻമാർ അടുത്തേക്കു വരുന്നു, കുശലം ചോദിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി പി.മോഹൻരാജിന് വോട്ട് അഭ്യർത്ഥിച്ച് അടൂർ പ്രകാശ് അടുത്ത വീട്ടിലേക്ക്. പലർക്കും അടൂർ പ്രകാശ് എം.പിയോ എം.എൽ.എയോ ഒന്നുമല്ല; വീട്ടുകാരനാണ്, അയൽക്കാരനാണ്, സഹോദരനാണ്. കോന്നി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ളാവിളയുടെ വീട്ടിൽ കോൺഗ്രസിന്റെ ബൂത്ത് കമ്മറ്റി യോഗത്തിനുളള ഒരുക്കങ്ങൾ നടക്കുന്നു. അവിചാരിതമായി അടൂർ പ്രകാശ് എത്തിയപ്പോൾ പ്രവർത്തകർക്കും വീട്ടമ്മമാർക്കുമെല്ലാം സന്തോഷം. ജില്ലാ പഞ്ചായത്തംഗം വിനീത അനിൽ, മുൻ എം.എൽ.എ മാലേത്ത് സരളാദേവി തുടങ്ങി വനിതാ നേതാക്കൾ സ്ക്വാഡ് പ്രവർത്തനങ്ങളെപ്പറ്റി ആലോചിക്കുന്നു. 'മണ്ഡലം നമ്മൾ ആർക്കും വിട്ടുകൊടുക്കില്ല. ഇവിടെ ഇനിയും ജയിക്കണം'. എല്ലാവർക്കും കൈകൊടുത്ത് അടുത്ത വീട്ടിലേക്ക്. വഴിയിൽ കണ്ട കന്നിവോട്ടർമാരായ വിദ്യാർത്ഥിനികളെ കൈപ്പത്തി കാട്ടി ചിഹ്നം മറക്കരുതെന്ന് അടൂർ പ്രകാശ് ഒാർമ്മിപ്പിച്ചു. അമ്പാടിയിൽ വീട്ടിലെത്തി ബ്രഹ്മാനന്ദനെയും ഭാര്യ ഉഷാകുമാരിയെയും കണ്ട് കുടുംബകാര്യങ്ങൾ തിരക്കി മോഹൻരാജിന് കൈ ചിഹനത്തിൽ വോട്ട് അഭ്യർത്ഥിച്ചു. പ്രവീൺ പ്ളാവിളയിൽ, ഡി.സി.സി സെക്രട്ടറി എസ്.ടി.ഷാജികുമാർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്യാം എസ്.കോന്നി, ദളിത് കാേൺഗ്രസ് മണ്ഡലം പ്രസിഡന്റ് രതീഷ് മുരുപ്പേൽ, കെ.എസ്.സുരേശൻ, പ്രദീപ് കുമാർ തുടങ്ങിയവർ എം.പിക്കൊപ്പമുണ്ടായിരുന്നു. വൈകിട്ട് കലഞ്ഞൂരിലെയും ഏനാദിമംഗലത്തെയും ബൂത്ത് കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാനായി മടങ്ങി.
>>>
കേരളകൗമുദിയോട് പറഞ്ഞത്
? പാല പോലെ കോന്നിയും പിടിക്കുമെന്ന് എൽ.ഡി.എഫ് പറയുന്നു.
> ആർക്കും എന്തും പറയാം. അട്ടിമറിയിലൂടെ പിടിച്ചെടുക്കാനുളള ശ്രമം നടത്തുന്നത് തെറ്റാണ്. വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് ഒരു കാരണവുമില്ലാതെ യു.ഡി.എഫുകാരെ നീക്കം ചെയ്യുകയാണ്. നിബന്ധനകൾ ഒന്നും പലിക്കാതെയാണ് പേര് നീക്കുന്നത്. നോട്ടീസ് കൊടുക്കുകയോ ഹിയറിംഗ് നടത്തുകയോ ചെയ്തിട്ടില്ല. സി.പി.എമ്മിന്റെ ഉദ്യോഗസ്ഥരെയാണ് ഇവിടെ നിയമിച്ചിരിക്കുന്നത്. സി.പി.എമ്മിന്റെ ഇഷ്ടാനുസരണമാണ് പേര് നീക്കംചെയ്യുന്നത്. പാലയിൽ പതിമൂവായിരത്തോളം വോട്ടർമാരെയാണ് നീക്കിയത്. ഇതുതന്നെ എല്ലാ മണ്ഡലങ്ങളിലും പരീക്ഷിക്കാനാണ് സി.പി.എം ശ്രമം.
? എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടം പറഞ്ഞ് വോട്ടു തേടുന്നു. യു.ഡി.എഫിന് എന്താണ് പറയാനുളളത്.
> കോന്നിയിലെ വികസനപ്രവർത്തനമാണ് ഇവിടെ പ്രചാരണ വിഷയം. 23വർഷം മുൻപ് കോന്നി എങ്ങനെയായിരുന്നുവെന്ന് ഇവിടെ ജീവിച്ചിരിക്കുന്നവർക്ക് അറിയാം. വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. കോന്നിക്കാർ ആഗ്രഹിച്ചത് നേടിക്കൊടുത്തിട്ടുണ്ട്. ഞാനിവിടെ ആദ്യം മത്സരിക്കാൻ വരുമ്പോൾ കോന്നി താലൂക്ക് വേണമെന്നായിരുന്നു ആവശ്യം. അത് നടപ്പാക്കി. മജിസ്ട്രേറ്റ് കോടിതിയും മുൻസിഫ് കോടതിയും അനുവദിച്ചു. അതിന്റെ ഉത്തരവ് ഹൈക്കോടതിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് കൊണ്ടുവന്നു. നല്ല റോഡുകളിൽ പണിതു. കുടിവെളളം എത്തിച്ചു. ടൂറിസം പദ്ധതികൾ നടപ്പാക്കി.
? അടൂർ പ്രകാശ് പറഞ്ഞ സ്ഥാനാർത്ഥിയെ അല്ല പാർട്ടി അംഗീകരിച്ചത്. അതിന്റെ പേരിൽ കലഹവും പിണക്കവുമാണ്ടായി. പാർട്ടി നേതൃത്വവുമായി എങ്ങനെ ധാരണയിലെത്തി.
>എന്തെങ്കിലും ധാരണയുണ്ടാക്കിയെന്ന തെറ്റിദ്ധാരണ വേണ്ട. എന്നെ പാർട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ പോകുന്നുവെന്ന് വലിയ പ്രചാരണം നടക്കുന്നുണ്ട്. എനിക്ക് അതേപ്പറ്റി അറിയില്ല. ഞാൻ പാർട്ടിയുടെ സാധാരണ പ്രവർത്തകൻ മാത്രമാണ്. ഇന്നത്തെ നേതൃത്വവുമായി കെ.എസ്.യു കാലം മുതൽ പ്രവർത്തിച്ചിട്ടുണ്ട്. പക്ഷെ, എനിക്ക് രാഷ്ട്രീയമായി പലപ്പോഴും കിട്ടേണ്ട സ്ഥാനമാനങ്ങൾ കിട്ടിയിട്ടില്ല. കോന്നി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എനിക്ക് എന്തോക്കെയോ സ്ഥാനങ്ങൾ നൽകാൻ ധാരണകളുണ്ടാക്കിയെന്ന പ്രചാരണം തെറ്റാണ്.
? ത്രികോണ മത്സരത്തിന്റെ ചൂടിലാണ് മണ്ഡലം.
> പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൻ.ഡി.എ നേടിയ വോട്ടകൾ ഇത്തവണ നേടില്ല.
പാടത്ത് പണിതുകൊണ്ടിരുന്നയാളെ കണ്ട് അടൂർ പ്രകാശ് ''ശശിധരോ...'' എന്ന് നീട്ടിവിളിച്ചു. ശശിധരൻ കൈ പൊക്കി ഹായ് പറഞ്ഞു....