അരുവാപ്പുലം: വൈകിട്ട് നാലു മണി, അരുവാപ്പുലം പഞ്ചായത്താഫീസ് പടിയിലെ ചായ കട. ചൂട് ചായയ്ക്കൊപ്പം തിരഞ്ഞെടുപ്പ് ചർച്ചകൾക്കും ഇവിടെ ചൂടേറുകയാണ്. കടയിൽ എത്തുന്ന അപരിചിതർ ഏറെയാണ്. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മാദ്ധ്യമ പ്രവർത്തകർ..., എല്ലാവരും തിരഞ്ഞെടുപ്പിന്റെ ഭാഗം. ചായകടയിലെ പതിവുകാർ തുറന്നടിക്കുകയാണ്. ഒരുമടിയുമില്ലാതെ രാഷ്ട്രീയം പറയുകയാണിവർ.
23 വർഷമായി യു.ഡി.എഫ് തട്ടകമാക്കിയ കോന്നി ഇത്തവണ ഇടതു മുന്നണി തിരികെ പിടിക്കുന്ന കാര്യത്തിൽ ഒരു സംശയമില്ലെന്ന് അരുവാപ്പുലം ചരുവുകാലായിൽ ഖാലിദ് പറയുന്നു. അടൂർ പ്രകാശിന് മുൻതിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയത്തിനതീതമായി വോട്ട് കിട്ടിയിരുന്നുവെന്നും ഇത്തവണ അതുണ്ടാവില്ലെന്നും ഖാലിദ് തറപ്പിച്ച് പറയുന്നു. ഇടതു മുന്നണിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണിത്, ഇടയ്ക്ക് കാര്യങ്ങൾ മാറി മറിഞ്ഞന്നേയുള്ളൂ , ശബരിമല വിഷയം ഈ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല, രണ്ടു തവണ പ്രളയമുണ്ടായപ്പോഴും സംസ്ഥാന സർക്കാർ മികച്ച രീതിയിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയതെന്നും സംസ്ഥാനം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ഇത്തവണ ഇത് വോട്ടായി മാറുമെന്നുമാണ് ഖാലിദിന്റെ പക്ഷം.
അടൂർ പ്രകാശ് മണ്ഡലത്തിൽ വൻ വികസന പ്രവർത്തങ്ങൾ നടത്തി, കോന്നിയെ കോന്നിയാക്കിയതിന് ജനങ്ങൾ യു.ഡി.എഫിന് വോട്ട് നൽകുമെന്ന അരുവാപ്പുലം അടവിക്കുഴിക്കൽ ലിൻസൺ തിരിച്ചടിക്കുന്നു. അടൂർ പ്രകാശോ, റോബിൻ പീറ്ററോ സ്ഥാനാർത്ഥിയായിരുന്നെങ്കിൽ ഭൂരിപക്ഷം കൂട്ടാൻ കഴിയുമായിരുന്നു. മലയോര മേഖലയിലെ ജനങ്ങളുടെ പ്രതീക്ഷക്കപ്പുറം വികസനമെത്തിക്കാൻ അടൂർ പ്രകാശിന് കഴിഞ്ഞു. ഇതിനുദാഹരണമാണ് കൊക്കാത്തോടെന്ന മലയോരഗ്രാമം. അടൂർ പ്രകാശിന്റെ പിൻഗാമിയായി മോഹൻരാജ് കോന്നിയുടെ എം. എൽ. എ യാവും ഉറപ്പാണ് ലിൻസൺ തറപ്പിച്ചു പറയുന്നു.
അരുവാപ്പുലത്തെ കർഷകർ കാട്ടുപന്നി ശല്യം മൂലം പൊറുതിമുട്ടുകയാണ്, ഇതു മൂലം കർഷകർ കൃഷിയുപേക്ഷിക്കുകയാണ് അരുവാപ്പുലം ചിഞ്ചു ഭവനിൽ പ്രസാദ് നഷ്ടങ്ങൾ നിരത്തുകയാണ്. ഇതുകൂടാതെ മ്ലാവ്, കുരങ്ങ്, കാട്ടാന എന്നിവയുടെ ശല്യം. ഇതിനൊന്നും ഇരുമുന്നണിക്കും മറുപടിയില്ല. പ്രസാദ് ഇടയ്ക്ക് കയറുകയാണ്. എൻ.ഡി.എ സർക്കാർ രാജ്യത്ത് നടത്തിയ വികസന പ്രവർത്തനങ്ങൾ കോന്നിയിൽ വോട്ടായി മാറും. പ്രസാദ് വിട്ടുകൊടുക്കാൻ തയ്യാറല്ല.
പൊടിപറത്തി പാഞ്ഞുപോകുന്ന ചാനൽ വണ്ടികൾ... എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി.