ksrtc-cgnr-dippo
ജീവനക്കാരില്ലാത്തതിനെ തുടർന്ന് ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിർത്തിയിട്ടിരിക്കുന്ന ബസ്സുകൾ

ചെങ്ങന്നൂർ: ഡ്രൈവർമാരുടെ കുറവുമൂലം ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിരവധി സർവീസുകൾ മുടങ്ങി. 74 സർവീസുകൾവരെ നടത്തിയിരുന്ന ഡിപ്പോയിൽ ഇന്നലെ നടന്നത്തിയത് 38 എണ്ണം മാത്രം. കോടതി ഉത്തരവ് പ്രകാരം എംപാനൽ ജീവനക്കാരെ ഒഴിവാക്കിയതോടെ ആദ്യം സർവീസുകൾ 51ആയും പിന്നീട് 46ആയും കുറച്ചിരുന്നു. ഇന്നലെ വീണ്ടും സർവീസുകളുടെ എണ്ണം 38 ആയി ചുരുക്കിയത് യാത്രക്കാരെ വലച്ചു. ഡിപ്പോയിലെ സ്ഥിരം സർവീസുകളായ കട്ടപ്പന നെടുംകണ്ടം ഫാസ്റ്റ് പാസഞ്ചറും 7ഓർഡിനറി സർവീസുകളാണ് ഇന്നലെ മുടങ്ങിയത്. നിറുത്തലാക്കിയ സർവീസുകളിൽ ഭൂരി ഭാഗവും ഓർഡിനറി ബസുകളാണ്. പകരം യാത്രക്കായി ഫാസ്റ്റ് പാസഞ്ചറിനെയോ സൂപ്പർ ഫാസ്റ്റ് ബസുകളെയോ ആശ്രയിക്കാൻ സാധാരണക്കാർ നിർബന്ധിതരായി. ബസുകളുടെ എണ്ണം കുറയുന്നതോടെ ഉളളബസുകളിൽ ഇരട്ടി ടിക്കറ്റ് ചാർജ്ജ് നൽകി യാത്രക്കാർ തിങ്ങിനിറഞ്ഞ് നിന്ന് യാത്രചെയ്യേണ്ട ആവസ്ഥയാണ് നിലവിൽ. ഗ്രാമപ്രദേശങ്ങളിലേക്ക് ഒന്നോ രണ്ടോ ട്രിപ്പുകളായി ചുരുക്കിയതും യാത്രാക്ലേശം രൂക്ഷമാക്കി. കളക്ഷൻ കൂടുതലുളള റൂട്ടുകളിലെ സർവീസുകൾ നിറുത്തലാക്കിയത് സ്വകാര്യ ബസുകളെ സഹായിക്കാനാണെന്നുള്ള ആക്ഷേപവും ഉയർന്നിട്ടുണ്ട്. ചെങ്ങന്നൂർ പത്തനംതിട്ട ചെയിൻ സർവീസുകൾ നിറുത്തലാക്കിയതും ഗ്രാമപ്രദേശങ്ങളായ ഇരമല്ലിക്കര, കുത്തിയതോട്, ഓതറ, കൊഴുവല്ലൂർ, ആല എന്നിവിടങ്ങളിലേക്കുമുളള സർവീസുകളുടെ എണ്ണം കുറച്ചതും യാത്രാക്ലേശത്തിനിടയാക്കി.