വകയാർ: കൊല്ലൻപടി ​ അതിരുങ്കൽ റോഡിലെ ഇടത്തറ ജംഗ്ഷനിൽ നിറയെ പോസ്റ്ററുകളും കൊടിതോരണങ്ങളും. അനൗൺസ്‌മെന്റ് വാഹനങ്ങൾ റോഡിലൂടെ കടന്നുപോകുന്നു. ഉച്ചവെയിലിനെ വകവയ്ക്കാതെ തൊണ്ണൂറ്റിയഞ്ചിന്റെ കരുത്തുമായി നടന്നു വരികയാണ് കോന്നിയിലെ മുതിർന്ന പൗരൻ ഇടത്തറ മണ്ണിൽ പുത്തൻവീട്ടിൽ വാസു. തോർത്തുടുത്ത്, തലയിൽ പാളത്തൊപ്പിയും , കൈയിൽ അരിവാളുമായിട്ടാണ് വരവ്. ഉപതിരഞ്ഞെടുപ്പിനെ പറ്റി ചോദിച്ചപ്പോൾ കണ്ണുകളിൽ തിരഞ്ഞെടുപ്പാവേശം, നരച്ച താടി തടവി സംസാരം തുടങ്ങി.

1957ലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ പതിവായി വോട്ട് ചെയ്യുന്നു.

വകയാറിൽ വനംവെട്ടി ആളുകൾ താമസം തുടങ്ങുമ്പോൾ വാസു ചെറിയ കുട്ടിയായിരുന്നു. പിന്നീട് കരകളെല്ലാം കണ്ടങ്ങളാക്കി നെൽക്കൃഷി വ്യാപകമാക്കി. ഇന്ന് വകയാറിൽ നെൽകൃഷി ഇല്ലാതാവുകയാണ്, ദിവസവും രാവിലെ മുതൽ സന്ധ്യവരെ സ്വന്തം കൃഷിസ്ഥലത്തും പാട്ടത്തിനെടുത്ത സ്ഥലത്തും കൃഷി പണികൾ ചെയ്യും. ഒരു ദിവസം പൊലും വെറുതെ ഇരിക്കുന്നത് ഇഷ്ടമല്ല. കപ്പ, ചേന, കാച്ചിൽ, ചീമചേമ്പ്, കണ്ണൻചേമ്പ്, ചെറുകിഴങ്ങ്, വാഴ, നെല്ല്, പച്ചക്കറികൾ തുടങ്ങി എല്ലാ കൃഷികളുമുണ്ട് വാസുവിന്റെ തോട്ടത്തിൽ​. റബ്ബറിന്റെയും കുരുമുളകിന്റെയും വിലയിടിവ് ഇവിടുത്തെ കാർഷിക മേഖലയെ പിന്നോട്ടടിച്ചതായി ഈ കർഷകൻ പറയുന്നു. ഇപ്പോൾ കാട്ടുപന്നി ശല്യവും രൂക്ഷമായി. മുമ്പ് അടിസ്ഥാന സൗകര്യങ്ങൾ തീരെ പരിമിതമായിരുന്നുവെന്ന് തന്റെ ബന്ധു പ്ലാവിളയിൽ രാമചന്ദ്രൻസ്വാമിയുടെ പേരിലുള്ള റോഡരികിൽ നിന്ന് വാസു പറഞ്ഞു.

1966 ൽ ഗതാഗത സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത് പഞ്ചായത്തംഗമായിരുന്ന രാമചന്ദ്രൻസ്വാമി വെട്ടിയ റോഡാണിത്. തന്റെ വിയർപ്പും ഇതിന്റെ പിന്നിലുണ്ടായിരുന്നു. ജൻമി കുടിയാൻ വ്യവസ്ഥ അവസാനിപ്പിക്കുന്നതിനും, കർഷക തൊഴിലാളികൾക്ക് ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും ആദ്യകാലത്ത് കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ സമരങ്ങളും ഓർമ്മയിൽ ഒളിമങ്ങാതെ കാത്തുസൂക്ഷിച്ചിരിക്കുന്നു ഈ മുതിർന്ന പൗരൻ. 1957 ലെ മന്ത്രിസഭ പാസാക്കിയ നിയമനിർമ്മാണമാണ് നാടിനെ മാറ്റിയെടുത്തത്. പഴയ കാലത്ത് രാത്രിയിൽ ഉറക്കമൊഴിഞ്ഞ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പോയിട്ടുണ്ട്:- ഒാർമ്മകൾ തെളിയുകയാണ്.

ഇപ്പോൾ വീട്ടിൽ പോയി കഞ്ഞി കുടിച്ചിട്ടു വരുന്ന വഴിയാ. പകലന്തിയോളം മണ്ണിനോട് പൊരുതുന്ന സ്വഭാവം ഈ പ്രായത്തിലുമുപേക്ഷിച്ചിട്ടില്ല. വെയിലിനെ വകവയ്ക്കാതെ യാത്ര പറഞ്ഞ് സ്വന്തം കൃഷി സ്ഥലത്തേക്ക് പോവുമ്പോഴും തന്റെ സ്ഥനാർത്ഥിയുടെ ചുവരെഴുത്തിൽ നിന്ന് കണ്ണെടുക്കുന്നില്ല നാട്ടുകാരുടെ സ്വന്തം വാസു കൊച്ചാട്ടൻ.