പത്തനംതിട്ട : നവരാത്രി ഉത്സവത്തോടനുബന്ധിച്ച് മലയാലപ്പുഴ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ നല്ലുർ തോമ്പിൽ കൊട്ടാരത്തിൽ നടന്ന ദേവീ ഭാഗവത നവാഹ സത്ര യജ്ഞത്തിന് ഭക്തിനിർഭരമായ സമാപനമായി. സമാപന ദിവസമായ ചെവ്വാഴ്ച്ച മഹാ ഗണപതി ഹോമം, ദേവീ ഭാഗവത പരായണം ത്യക്കാല പുജ ഗായത്രീ ഹോമം തുടങ്ങിയ ചടങ്ങുകൾക്ക് ശേഷം സാംസ്‌കാരിക സമ്മേളനം നടന്നു. സാംസ്‌കാരിക സമ്മേളനം കേരളാ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പി.വി മഹാദേവൻപിള്ള ഉദ്ഘാടനം ചെയ്തു. തോമ്പിൽ കൊട്ടാരം സംരക്ഷണ സമിതി പ്രസിഡന്റ് കെ.കെ ഹരിദാസ് പടിപ്പുരക്കലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തോമ്പിൽ കൊട്ടാരം സംരക്ഷണ സമിതി ഏർപ്പെടുത്തിയ നാലാമത് ശ്രുതി പ്രബോധ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മയ്ക്കും നാലാമത് അമൃതാ നവകീർത്തി പുരസ്‌കാരം കുറ്റൂർ രാധാകൃഷ്ണനും സമ്മാനിച്ചു. ചടങ്ങിൽ ഭാരത വികാസ സംഗമം പ്രസിഡന്റ് കെ.ജി മുരളീധരൻ ഉണ്ണിത്താൻ, എം.വി ശങ്കരൻ നമ്പൂതിരി , പ്രസാദ് കുഴിക്കാല, വെട്ടുർ പങ്കജാക്ഷൻ, അനിൽ വാത്തിക്കുളം, സാഹിത്യകാരൻ ഡോ.നിബുലാൽ തുടങ്ങിയവരെ ആദരിച്ചു. ചടങ്ങുകൾക്ക് തോമ്പിൽ കൊട്ടാരം സംരക്ഷണ സമിതി ജനറൽ സെക്രട്ടറി ഉദയകുമാർ ശാന്തിയിൽ നേതൃത്വം നൽകി. തുടർന്ന് ഭക്തിനിർഭരമായ ആവഭ്യത സ്നാന ഘോഷയാത്രയോടെ സത്രത്തിന് സമാപനമായി.