anganvadi

ചെങ്ങന്നൂർ: ഇടിയും മിന്നലുമേറ്റ് അംഗൻവാടി കെട്ടിടം പൂർണമായി കത്തിനനശിച്ചു. മുളക്കുഴ കാരക്കാട് വല്യാകുന്നിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന സാമൂഹ്യ നീതി വകുപ്പിന്റെ 73-ാം അംഗൻവാടി കെട്ടിടമാണ് മേൽക്കുര ഉൾപ്പടെ കത്തിനശിച്ചത്. പുലർച്ചെ 5നായിരുന്നു അപകടം. കാരക്കാട് പൂവക്കാട്ടിൽ മേരിയുടെ ഉടമസ്ഥതയിലുളളതാണ് കെട്ടിടം. തീപിടുത്തത്തെ തുടർന്ന് അഞ്ച് മുറിയുളള ഓടിട്ട കെട്ടിടത്തിന്റെ അടുക്കള ഉൾപ്പടെ രണ്ടുമുറികൾ പൂർണമായി കത്തി നശിച്ചു. മിന്നലേറ്റ് കെട്ടിടത്തിന്റെ വൈദ്യുതി സ്വിച്ച് ബോർഡിന് തീ പിടിച്ചാണ് അപകട കാരണമാണ് സൂചന. 25 കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്.

തീപിടിത്തത്തെ തുടർന്ന് അംഗൻവാടിയിൽ സൂക്ഷിച്ചിരുന്ന കുട്ടികൾക്കുള്ള ഭക്ഷ്യധാന്യങ്ങൾ, മേശ, കസേര, ബഞ്ചുകൾ എന്നിവ കത്തിനശിച്ചു. ഓടിട്ടമേൽക്കൂരയിലേക്ക് തീ പടർന്നു പിടിച്ചു. കഴുക്കോൽ, പട്ടിക, കതകുകൾ, കട്ടിള എന്നിവ കത്തിനശിച്ചു. മുറിയിലെ ജനാലച്ചില്ലും തകർന്നിട്ടുണ്ട്. മുറിയിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറിലേയ്ക്ക് തീ പടർന്നു പിടിക്കാതിരുന്നത് വൻ ദുരന്തം ഒഴിവായി. സമീപവാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് ചെങ്ങന്നൂരിൽ നിന്ന് അഗ്‌നിശമനസേനയുടെ യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രണ്ട്ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ചെങ്ങന്നൂർ ഫയർഫോഴ്‌സ് പറഞ്ഞു.