അടൂർ: ഉദ്യോഗസ്ഥ വൃന്ദത്തിന്റെ പിടിപ്പുകേട് കാരണം അടൂർ- പന്തളം ഡിപ്പോകൾക്ക് ജീവവായു പകർന്നു നൽകുന്നതിനായി വകുപ്പ് മന്ത്രി വിളിച്ചതായി പറയുന്ന ഉന്നതതല യോഗം നടന്നില്ല. തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലനിൽക്കുന്ന സാഹചര്യത്തിലാണിതെന്നാണ് വിശദീകരണം. ഡിപ്പോ നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യുന്നതിനായി ചേരുന്ന ബന്ധപ്പെട്ടവരുടെ യോഗത്തിന് എന്ത് തിരഞ്ഞെടുപ്പ് വിജ്ഞാപനം എന്ന ചോദ്യത്തിന് ഉത്തരമില്ല. പുതിയ പ്രഖ്യാപനങ്ങൾ നടത്തുകയായിരുന്നില്ല ലക്ഷ്യം. അടിക്കടി സർവീസുകൾ വെട്ടിച്ചുരുക്കിയും,ചില സർവീസുകൾ നടത്താതെയും ഡിപ്പോയിലെ ഷെഡ്യൂളുകളെ തകർക്കുന്ന സമീപനം ചർച്ച ചെയ്യുകയായിരുന്നു ലക്ഷ്യം. ചിറ്റയം ഗോപകുമാർ എം.എൽ.എ വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉന്നതതല യോഗം വിളിച്ചു ചേർക്കാൻ മന്ത്രി തയാറായത്. എന്നാൽ ആ ഉറപ്പ് പാഴാകുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ശേഷമായിരുന്നു ഇന്നലെ തിരുവനന്തപുരത്ത് ചർച്ച നടക്കുമെന്ന് അറിയിച്ചത്. ചർച്ച ഉന്നതതലത്തിലേയും ഡിപ്പോ അധികൃതരുടേയും ഇടപെടലാണ് യോഗം അട്ടിമറിച്ചതിനു പിന്നിലെന്ന ആരോപണം ചില യൂണിയൻ നേതാക്കൾക്കിടയിൽ ശക്തമാണ്. സ്വകാര്യ ബസ് ലോബികളെ സഹായിക്കുകയും നിലവിലുള്ള ദീർഘദൂര സർവീസുകൾ ഒന്നൊന്നായി മറ്റ് ഡിപ്പോകളിലേക്ക് മാറ്റുകയും ചെയ്യുക എന്ന ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിൽ. ഭരണ മുന്നണി യൂണിയനിലെ ചില നേതാക്കളും കുടപിടിക്കുന്നതോടെയാണ് അടൂർ ഡിപ്പോയിൽ എ.ടി.ഒയുടെ തന്നിഷ്ടം നടക്കുന്നതെന്ന് പ്രതിപക്ഷ യൂണിയനിലെ നേതാവ് തന്നെ ആരോപിക്കുന്നു. നിറുത്തലാക്കിയ തൃശൂർ ഫാസ്റ്റ് പാസഞ്ചർ സർവീസ് പുന:രാരംഭിക്കാൻ മന്ത്രിയും കെ.എസ്.ആർ.ടി.സി എം.ഡിയും ഉറപ്പു നൽകി എന്നായിരുന്നു എം.എൽ.എയുടെ പ്രഖ്യാപനം. എന്നാൽ സർവീസ് അയയ്ക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് എ.ടി.ഒ.

ഡിപ്പോയെ സംരക്ഷിക്കാൻ പാസഞ്ചേഴ്സ് ഫോറം

ഡിപ്പോയെ സംരക്ഷിക്കാൻ പാസഞ്ചേഴ്സ് ഫോറം അടൂർ ഡിപ്പോയിൽ സ്ഥിരമായി ബസ് സർവീസുകൾ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ബസ് പാസഞ്ചേഴ്സ് ഫോറം അടൂർ എന്ന സംഘടന രൂപീകരിക്കാൻ പ്രാരംഭ പ്രവർത്തനമായി. അടൂരിലെ രാഷ്ട്രീയ, സാംസ്ക്കാരിക, സാമൂഹിക പ്രവർത്തകരെ ഉൾകൊള്ളിച്ചാണ് ഈ സംഘടന പ്രവർത്തിക്കുക.സർവീസുകൾ നഷ്ടപ്പെടാതെ നോക്കുകയും, പുതിയ റൂട്ടുകൾക്കായി പ്രവർത്തിക്കുകയും എന്നതാണ് സംഘടനയുടെ പ്രാഥമിക ലക്ഷ്യങ്ങൾ. ഗ്ലോബൽ അടൂർ എന്ന സമൂഹ മാദ്ധ്യമമാണ് ഈ സംഘടനയ്ക്ക് രൂപം നൽകുന്നത്.