നിരവധി തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനെ മുന്നിൽ നിന്ന് നയിച്ചയാളാണ് പി.മോഹൻരാജ്. കോന്നി മണ്ഡലം നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങിയ അദ്ദേഹത്തിന് വോട്ടർമാരുടെ മനസറിയാൻ പ്രത്യേകിച്ച് ഗൃഹപാഠത്തിന്റെ ആവശ്യമില്ല. മണ്ഡല പര്യടനത്തിൽ വോട്ടർമാരെ നേരിൽ കാണുന്ന അദ്ദേഹത്തിന് ജനനേതാവിന്റെ എല്ലാ മെയ് വഴക്കവുമുണ്ട്. മൂന്നാം ദിവസത്തെ പര്യടനം ഇന്നലെ കലഞ്ഞൂർ പഞ്ചായത്തിലായിരുന്നു.
ഞാൻ പിൻഗാമി
ഇടക്കോണത്തെ ഇടറോഡിൽ വച്ചാണ് സ്ഥാനാർത്ഥിയെ കണ്ടത്. തൊഴിലുറപ്പ് ജോലിയിലേർപ്പെട്ടിരിക്കുന്ന സ്ത്രീകൾക്കു മുന്നിൽ പ്രചാരണ വാഹനം നിറുത്തി. സ്ഥാനാർത്ഥിയുടെ ചിത്രത്തിന്റെ വലിപ്പത്തിൽ തന്നെ കോന്നിയുടെ മുൻ എം.എൽ.എ അടൂർ പ്രകാശിന്റെ ചിത്രവുമുണ്ട് വാഹനത്തിൽ. കോന്നിയിൽ വികസനത്തുടർച്ചയ്ക്ക് വോട്ടു തേടുമ്പോൾ യു.ഡി.എഫിന് അടൂർ പ്രകാശിനെപ്പറ്റി പറയാതിരിക്കാനാവില്ല. ''ഞാൻ അടൂർ പ്രകാശിന്റെ പിൻഗാമിയായിട്ടാണ് നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്. മണ്ഡലത്തിന്റെ വികസനത്തുടർച്ചയ്ക്ക് എന്നെ സഹായിക്കണം''- തൊഴുകൈകളോടെ സ്ഥാനാർത്ഥിയുടെ അഭ്യർത്ഥന. തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത് ഒന്നാം യു.പി.എ സർക്കാരാണെന്നും ഉമ്മൻചാണ്ടി സർക്കാർ ജോലി സമയം ക്രമപ്പെടുത്തിയെന്നും സ്ഥാനാർത്ഥി ഒാർമ്മിപ്പിച്ചു. ഗ്രാമ പഞ്ചായത്തംഗം ലക്ഷ്മി അശോകിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
വിശ്രമം ഉൗണിനൊപ്പം
രാവിലെ ഒൻപതിന് പ്രഭാത ഭക്ഷണം കഴിഞ്ഞ് മല്ലങ്കുഴ ജംഗ്ഷനിൽ നിന്ന് തുടങ്ങിയ പര്യടനം കലഞ്ഞൂർ ഡിപ്പോ ജംഗ്ഷനിലെത്തിയപ്പോൾ ഉച്ചകഴിഞ്ഞ് മൂന്ന് മണി. കോൺഗ്രസ് പ്രവർത്തകൻ എസ്.പി ശേഖരപിളളയുടെ വീട്ടിലായിരുന്നു ഉച്ചയൂണ്. ചോറും കപ്പയും മീൻകറിയും അവിയലുമായിരുന്നു വിഭവങ്ങൾ. പര്യടന വാഹനത്തിലെ നിൽപ്പിനും ഒാടിനടന്നുളള വോട്ടഭ്യർത്ഥനയ്ക്കുമിടയ്ക്ക് സ്ഥാനാർത്ഥിക്ക് കുറച്ചുനേരം ഇരിക്കാൻ കഴിയുന്നത് ഭക്ഷണം കഴിക്കുമ്പോഴാണ്. പ്രവർത്തകർക്കൊപ്പം പതിനഞ്ച് മിനിട്ടിനുളളിൽ ഭക്ഷണവും വിശ്രമവും കഴിഞ്ഞ് മണ്ണിൽ കോളനിയിലെ വോട്ടർമാരെ സന്ദർശിച്ചു. അടുത്ത സ്വീകരണകേന്ദ്രമായ പേക്കുളത്തും സ്ഥാനാർത്ഥിയെ കാത്തു നിന്നവരിലേറെയും തൊഴിലുറപ്പ് ജോലിക്കാരായിരുന്നു.
'വോട്ട് തരാം ഇവിടൊക്കെ കാണണം'
കലഞ്ഞൂർ - പാടം റോഡിലെ കുഴിക്കാട് ജംഗ്ഷനിൽ വൈകിട്ട് നാലരയോടെ സ്ഥാനാർത്ഥിയെത്തിയപ്പോഴേക്കും വലിയ ജനക്കൂട്ടം ആവേശത്തോടെ ഒാടിയെത്തി. പ്രദേശവാസികളും തൊഴിലാളികളുമായിരുന്നു ഏറെയും. സ്വീകരണം നൽകാൻ തിരക്കു കൂട്ടിയ സ്ത്രീകൾക്കിടയിൽ നിന്ന് അറുപത്തഞ്ചുകാരിയായ നബീസയെത്തി മോഹൻരാജിന്റെ കൈയിൽ പിടിച്ച് പറഞ്ഞു, '' വോട്ടു തരാം, ഇതേപോലെതന്നെ ഇവിടെ കാണണം''.
ഉറച്ച ശബ്ദത്തിൽ മോഹൻരാജിന്റെ മറുപടി, ''നിങ്ങൾ തരുന്ന സ്നേഹത്തിന് ഇരട്ടിയോടെ തിരിച്ചു തരാൻ ഞാനിവിടെയുണ്ടാകും''. തലയിൽ വിറക് ചുമന്നെത്തിയ സ്ത്രീകളോട് ഭാരം പങ്കിടാൻ ഞാനുമുണ്ടെന്ന് പറഞ്ഞ് സ്ഥാനാർത്ഥി കൈ കൊടുത്ത് വോട്ടഭ്യർത്ഥിച്ചു.
ആന്റോ ആന്റണി എം.പിയും സ്ഥലത്തെത്തി സ്ഥാനാർത്ഥിക്കൊപ്പം കൂടി. ജംഗ്ഷനിലെ തിരക്കിനിടയിൽ കുടുങ്ങിയ കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരോടും വോട്ടഭ്യർത്ഥിച്ച് മോഹൻരാജും ആന്റോ ആന്റണിയും പ്രചാരണ വാഹനത്തിൽ കയറി. വഴിയിലും വീടുകളിലും നിന്നവരെ ഇരുവരും കൈവീശി അഭിവാദ്യം ചെയ്തു.
മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുൾ മുത്തലിഫ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ശ്യാം എസ്. കോന്നി, ഹരികുമാർ പൂതങ്കര, തോപ്പിൽ ഗോപകുമാർ തുടങ്ങിയ നേതാക്കളും സ്ഥാനാർത്ഥിയെ അനുഗമിച്ചു. വൈകിട്ട് പാടം ജംഗ്ഷനിലാണ് പര്യടനം അവസാനിച്ചത്. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.മുരളീധരൻ സമാപന യോഗത്തിൽ പ്രസംഗിച്ചു.