കോന്നി: ശബരിമല വിഷയത്തിൽ നിയമനിർമ്മാണം നടത്താനുള്ള എല്ലാ സാഹചര്യമുണ്ടായിട്ടും കേന്ദ്രത്തിലെ എൻ.ഡി.എ സർക്കാർ ഇതിന് തയ്യാറാകുന്നില്ലെന്നും, അവർക്ക് ശബരിമല വിഷയത്തിൽ വ്യക്തതയില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കോന്നിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം. ഓർത്തഡോക്‌സ്, യാക്കോബായ സഭാതർക്കത്തിലും ശബരിമല വിഷയത്തിലും ഒരേ നയമാണ് കോൺഗ്രസിനുള്ളത്. ഏതെങ്കിലും ഒരു മത വിഭാഗത്തിന്റെ വിശ്വാസത്തിന്റെ വിഷയത്തിൽ കോൺഗ്രസ് ഇടപെടില്ല. പിണറായി വിജയൻ സി.പി.എമ്മിന്റെ രാജ്യത്തെ അവസാന മുഖ്യമന്ത്രിയായിരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫോൺ സന്ദേശങ്ങൾ ആഭ്യന്തര വകുപ്പ് ചോർത്തുന്നതായുള്ള ആരോപണത്തെ പറ്റി മറുപടി പറയാൻ മുഖ്യമന്ത്രി തയ്യറായിട്ടില്ല. ചില സി.പി.എം നേതാക്കളുടെ ഫോൺ സംഭാഷണങ്ങളും ആഭ്യന്തര വകുപ്പ് ചോർത്തുന്നതായും പറയപ്പെടുന്നു. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അഞ്ച് സ്ഥാനാർത്ഥികളും വ്യത്യസ്ഥ അഭിപ്രായങ്ങൾ പറയുന്നു. കഴിഞ്ഞ 9 മാസങ്ങൾക്കിടയിൽ 70 ബാറുകൾ തുറക്കാനാണ് സർക്കാർ അനുമതി നൽകിയത്. കോന്നിയിൽ ആദ്യഘട്ടം മുതൽ അടൂർ പ്രകാശ് സജീവമായി പ്രചാരണ രംഗത്തുണ്ടെന്നും, കഴിഞ്ഞ 23 വർഷങ്ങൾ കൊണ്ട് അടൂർ പ്രകാശ് നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഇത്തവണ വോട്ടായി മാറുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്, മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ കുര്യൻ, എം.പിമാരായ അടൂർ പ്രകാശ്, ആന്റോ ആന്റണി, കെ.സി.ജോസഫ് എം.എൽ.എ, ശൂരനാട് രാജഖേരൻ, പന്തളം സുധാകരൻ, പഴകുളം മധു എന്നിവരും ഒപ്പമുണ്ടായിരുന്നു.