കോന്നി : തിരഞ്ഞെടുപ്പുകളിൽ 1996 മുതൽ തുടർച്ചയായി ഭൂരിപക്ഷം വർദ്ധിപ്പിച്ചുകൊണ്ടിരുന്ന അടൂർ പ്രകാശിനെതിരെ കരുത്തുകാട്ടിയത് എം.എസ്.രാജേന്ദ്രൻ മാത്രമാണ്. 2011 ലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാ‌ർത്ഥിയായിരുന്ന രാജേന്ദ്രൻ അടൂർ പ്രകാശിന്റെ ഭൂരിപക്ഷം കുത്തനെ കുറച്ചു. ഏറെ വിയർപ്പൊഴുക്കിയായിരുന്നു ആ പോരാട്ടം. പ്രചാരണത്തിനിടയിൽ കാട്ടാനകളെ ഭയന്ന് കഴിയേണ്ടി വന്നതുൾപ്പെടെയുള്ള അനുഭവങ്ങളുണ്ട്. രാജേന്ദ്രന്റെ ഒാർമ്മകളിലൂടെ: -

ഒരു ദിവസം രാവിലെ തുടങ്ങിയ ഗവിയിലെ സ്വീകരണ പരിപാടി അവസാനിച്ചപ്പോൾ സമയം രാത്രി 12.30. പിറ്റേന്ന് രാവിലെ സീതത്തോട് പഞ്ചായത്തിൽ സ്വീകരണ പരിപാടി തുടങ്ങണം. അതുകൊണ്ടു തന്നെ രാത്രിയിൽ വനപാതയിലൂടെ ചിറ്റാറിലേക്ക് തിരിക്കാൻ തീരുമാനിച്ചു. ഗവിയിലെ പാർട്ടി പ്രവർത്തകരായ തോട്ടം തൊഴിലാളികൾ ഇത് അപകടമാണെന്ന് പറഞ്ഞു. ഗവിയിലെ വനപാതയിൽ രാത്രിയിൽ വന്യമൃഗങ്ങൾ പതിവാണ്. എന്നിട്ടും രാത്രിയിൽ തന്നെ മടക്കയാത്രയാരംഭിച്ചു. അഞ്ചോളം വാഹനങ്ങൾ ഒരുമിച്ചാണ് മടങ്ങുന്നത്. വനപാതയിൽ പലസ്ഥലങ്ങളിലും നല്ല കോടമഞ്ഞുണ്ട് . അതിനാൽ ദൂരക്കാഴ്ച്ചകൾ അവ്യക്തമായിരുന്നു. കുറേദൂരം പിന്നിട്ടപ്പോൾ റോഡിൽ കാട്ടാനക്കൂട്ടം. എട്ടോളം ആനകളുണ്ട്. അവയെ കണ്ടപ്പോഴേ വാഹനങ്ങൾ നിറുത്തി. ലൈറ്റുകൾ ഡിം ചെയ്ത് എല്ലാവരും നിശബ്ദരായി ശ്വാസമടക്കിപ്പിടിച്ചിരുന്നു. റോഡുവക്കിലെ മരങ്ങളുടെ കൊമ്പുകളൊടിച്ചും, പുല്ലുകൾ പിഴുതും കാട്ടാനകൾ അവിടെത്തന്നെ നിൽക്കുകയാണ്. വനത്തിൽ നിന്ന് വേറെ ആനകളും റോഡിലേക്കെത്തുന്നുണ്ട്. രണ്ട് മണിക്കൂറോളം കാത്തുകിടന്നിട്ടും അവ മാറുന്നില്ല, നേരം പുലർന്നുവരുന്നു. രാവിലെ സീതത്തോട് കൊച്ചാണ്ടിയിൽ നിന്ന് സ്വീകരണ പരിപാടി തുടങ്ങണം. ആകെ മാനസിക സമ്മർദത്തിലായ ആ രാത്രി എം. എസ്. രാജേന്ദ്രന് മറക്കാനാവുന്നില്ല. ഇതോടെ സീതത്തോട് പഞ്ചായത്തിലെ സ്വീകരണ പരിപാടികളുടെ 'സമയക്രമമെല്ലാം താളംതെറ്റി. ആനകളെല്ലാം ഒഴിഞ്ഞപ്പോഴേക്കും നേരം പുലർന്നിരുന്നു. യാത്ര തുടർന്ന് സീതത്തോട്ടിലെത്തിയപ്പോഴേക്കും ഉച്ചയായി. എല്ലാ സ്വീകരണ സ്ഥലങ്ങളിലും സമയം തെറ്റി. ഉറക്കമൊഴിഞ്ഞതിനാൽ അവശനായാണ് പരിപാടിയിൽ പങ്കെടുത്തത്. മറക്കാനാവാത്ത ദിവസമാണത്.