1-
(ചിത്രം: പറക്കോട് -കൊടുമണ്‍പാത ചിരണിക്കല്‍ കവലക്കു സമീപം തകര്‍ന്ന നിലയില്‍)

കൊടുമൺ : പറക്കോട് നിന്ന് ജില്ലാ ആസ്ഥാനത്തേക്കു പോകാൻ എളുപ്പമാർഗമായ പറക്കോട് ചിരണിക്കൽ കൊടുമൺ പാതയുടെ സ്ഥിതി തീർത്തും ദയനീയം. പാത പൂർണമായും തകർന്നിട്ട് രണ്ടു വർഷത്തിലേറെയായി. മൂന്ന് കി.മീ ദൂരമുള്ള പാത പറക്കോട് ഗവ.എൽ.പി.എസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ചിരണിക്കൽ കവല, ജല അതോറിറ്റി ശുദ്ധീകരണ പ്ലാന്റ്, എം.ജി.എംസ്‌കൂൾ എന്നിവയ്ക്കു സമീപമാണ് കൂടുതലും തകർന്നത്. പാതയിൽ ചിരണിക്കൽ ജല ശുദ്ധീകരണ പ്ലാന്റ് മുതൽ കൊടുമൺ വരെ ഡ്ര്രകയിൽ അയൺ പൈപ്പിടാൻ കുഴിച്ചത് മണ്ണിട്ടു നിരപ്പാക്കാത്തത് ഗതാഗതത്തിനും കാൽനടക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. വശങ്ങളിൽ ടാറിട്ട പാതയ്ക്കു സമാന്തരമായി മൺകൂനയാണ്.

കാൽനട യാത്രയും ദുഷ്കരം

മഴപെയ്യുമ്പോൾ ചെളി നിറഞ്ഞു കാൽ നടയാത്രയും ദുഷ്‌കരമാണ്. പറക്കോട് നിന്ന് കൊടുമൺ, ചന്ദനപ്പള്ളി, കൈപ്പട്ടൂർ, പത്തനംതിട്ട, അങ്ങാടിക്കൽ, കൂടൽ വള്ളിക്കോട്, പ്ലാന്റേഷൻ കോർപറേഷൻ കൊടുമൺ, ചന്ദനപ്പള്ളി എസ്റ്റേറ്റുകൾ, സ്‌കൂളുകൾ, അംഗൻവാടികൾ എന്നിവിടങ്ങളിലേയ്ക്കു പോകാൻ ആയിരക്കണക്കിനാളുകൾ നിത്യവും ഈ പാത ഉപയോഗിക്കുന്നുണ്ട്. കെ.എസ്.ആർ ടി.സി, സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. പൊതുമരാമത്ത് നിരത്ത് വിഭാഗം അടൂർ സബ്ഡിവിഷൻ പരിധിയിലാണ് ഈ പാത. പാത വികസിപ്പിച്ച് ശബരിമല പാതയാക്കുമെന്ന പ്രഖ്യാപനം പാലിക്കപ്പെട്ടില്ല.

പലറോഡുകൾക്കും ഫണ്ട് അനുവദിക്കുമ്പോഴും പ്രധാനപാതയായ പറക്കോട് ചിരണിക്കൽ കൊടുമൺ പാതയുടെ കാര്യത്തിൽ അവഗണന മാത്രമാണ്.

കെ.പ്രസന്നൻ

(പ്രദേശവാസി)

-റോഡ് തകരാറിലായിട്ട് 2 വർഷം

-പൊതുമരാമത്ത് നിരത്ത് വിഭാഗം അടൂർ സബ്ഡിവിഷൻ പരിധിയിൽപ്പെടുന്ന റോഡ്