കടമ്പനാട് : അതീവ പരിസ്ഥിതി പ്രാധാന്യമുള്ള കടമ്പനാട് പഞ്ചായത്തിലെ മണ്ണടി കന്നിമലയിൽ വീണ്ടും ക്വാറിയും ക്രഷർ യൂണിറ്റും ആരംഭിക്കാൻ ക്വാറി മാഫിയ വീണ്ടും രംഗത്ത്. ജിയോളജി ഒാഫീസിൽ സമർപ്പിക്കാനായി സർവ്വേസ്കെച്ചിനും ലൊക്കേഷൻ സ്കെച്ചിനുമായി കടമ്പനാട് വില്ലേജോഫീസിൽ അപേക്ഷ സമർപ്പിച്ചിരിക്കുകയാണ് ക്വാറി നടത്തിപ്പുകാർ. വലിയ ജനകീയ പ്രതിഷേധത്തെതുടർന്ന് 2014ൽ ഇവിടുത്തെ ക്വാറിയുടെ പ്രവർത്തനം നിറുത്തുകയായിരുന്നു.
തിരുവനന്തപുരം ,കൊല്ലം ജില്ലകളിൽ നിന്നുള്ള ഭൂമാഫിയായാണ് വീണ്ടും ക്വാറി പ്രവർത്തിപ്പിക്കാൻ നീക്കം നടത്തുന്നത്. കന്നിമലയിൽ ഭൂമി പാട്ടത്തിനെടുക്കാനും വാങ്ങാനും നീക്കം നടക്കുന്നുണ്ട്. കന്നിമലയിലെ 42 ഏക്കർ 72 സെന്റ് ഭൂമിക്ക് 75 - 82 കാലഘട്ടങ്ങളിൽ കൃഷിയ്ക്കായി പട്ടയം നൽകിയിരുന്നു. എന്നാൽ ചിലർ വ്യാജരേഖകൾ ചമച്ച് ഇൗ ഭൂമിയുടെ ഭൂരിഭാഗവും കൈക്കലാക്കുകയായിരുന്നു.
പട്ടയഭൂമിയിൽ ക്വാറിക്ക് അനുമതി നൽകാൻ പാടില്ലന്ന വ്യവസ്ഥ ലംഘിച്ച് 2010ൽ റവന്യൂവകുപ്പ് അനുമതി നൽകി. എന്നാൽ ഇൗ പട്ടയങ്ങൾ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തി.
ഖനന വകുപ്പിൽ നിന്ന് 2010 - 13 കാലഘട്ടത്തിൽ 1600 പി. ഫോം കരസ്ഥമാക്കി പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ച് പതിനായിരക്കണക്കിന് പാറയും മണ്ണുമാണ് കടത്തികൊണ്ടുപോയത്. അനധികൃത ഖനനം അളന്നു തിരിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമീപവാസികൾ നൽകിയ പരാതികൾ റവന്യൂ, ജിയോളജി ഉദ്യോഗസ്ഥർ പൂഴ്ത്തി വച്ചിരിക്കുകയാണ്. യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചില്ല. ക്വാറിയും ക്രഷർ യൂണിറ്റും പുനരാരംഭിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതിന് പിന്നാലെ സമരം ശക്തമാക്കാൻ ജനകീയസമരസമിതിയും തീരുമാനിച്ചു.
പട്ടയഭൂമിയിൽ ക്വാറി തുടങ്ങാൻ പാടില്ലെന്നാണ് വ്യവസ്ഥ. ഇതിനെതിരെ നൽകിയ പരാതികൾ അവഗണിക്കപ്പെട്ടു. പശ്ചിമഘട്ടസംക്ഷണസമിതി വിജിലൻസ് കോടതിയിൽ കേസ് ഫയൽ ചെയ്യും. കന്നിമലയിൽ സമരം ശക്തമാക്കും.
അവിനാഷ് പള്ളീനഴികത്ത്
ജില്ലാപ്രസിഡന്റ്,
പശ്ചിമഘട്ടസംക്ഷണസമിതി
ജിയോളജി ഒാഫീസിൽ നൽകാനായി ലൊക്കേഷൻ സ്കെച്ചിനായുള്ള അപേക്ഷ ലഭിച്ചിട്ടുണ്ട് . ഇതുവരെ നൽകിയിട്ടില്ല.
കടമ്പനാട് വില്ലേജ് ഒാഫീസർ
കന്നിമലയിലെ 42 ഏക്കർ 72 സെന്റ് ഭൂമി