മാംസാവശിഷ്ടങ്ങൾ നദിയിൽ തള്ളുന്നു
തിരുവല്ല: കുടിവെള്ളത്തിനായി ഉൾപ്പെടെ ആയിരങ്ങൾ ആശ്രയിക്കുന്ന മണിമലയാറ്റിൽ സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളുന്നത് പതിവാക്കി. എം.സി റോഡിലെ കുറ്റൂർ തോണ്ടറ പാലത്തിന്റെ ഇരുവശങ്ങളിലുമാണ് വാഹനങ്ങളിലെത്തിച്ചു കോഴിക്കടയിലെ മാലിന്യം തള്ളുന്നത്. ഇവിടെ മാലിന്യം തള്ളുന്നത് കഴിഞ്ഞദിവസം പ്രഭാത സവാരിക്കിറങ്ങിയവരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ ചാക്കിൽക്കൊണ്ടുവന്ന ഒരുലോഡ് മാലിന്യം ആറ്റിൽ തള്ളിയശേഷം വേഗത്തിൽ വാഹനം വിട്ടുപോയി. മാംസാവശിഷ്ടങ്ങൾ നിറച്ച പോളിത്തീൻ കവറുകൾ പാലത്തിന്റെ തൂണിൽ അടിഞ്ഞു കിടക്കുകയാണ്. പാലത്തിന്റെ കിഴക്കുഭാഗത്ത് ഒഴുകിയെത്തിയ മുളങ്കൂട്ടത്തിൽ കുടുങ്ങിയും മാലിന്യം നിറഞ്ഞ കവറുകൾ കിടപ്പുണ്ട്. മാംസാവശിഷ്ടങ്ങൾ ഇവിടെയാകെ വെള്ളത്തിൽ പരന്നുകിടക്കുന്നു. പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള നദിയിലെ തുരുത്തിലും അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയിട്ടുണ്ട്.
തിരുമൂലപുരം ആസാദ് നഗറിന് സമീപത്തും മണിമലയാറ്റിൽ മാംസാവശിഷ്ടങ്ങൾ തള്ളുന്നതായി പരാതി ഉയർന്നിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് വരട്ടാറിൽ മാലിന്യം തള്ളിയവരെ പൊലീസ് പിടികൂടിയ ശേഷം ഈ മേഖലയിൽ മാലിന്യം തള്ളുന്നത് കുറഞ്ഞിരുന്നു. എന്നാൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും നദിയിൽ മാലിന്യം നിക്ഷേപിക്കുന്നത് വ്യാപകമായതോടെ പ്രദേശവാസികൾ ദുരിതത്തിലായി. മിക്കദിവസങ്ങളിലും ഇരുട്ടിന്റെ മറവിൽ മണിമലയാറ്റിൽ മാലിന്യം ഒഴുക്കുന്നതായി നാട്ടുകാർ പറയുന്നു. എം.സി റോഡിൽ തിരുവല്ലയ്ക്കും ചെങ്ങന്നൂരിനും ഇടയിൽ വരട്ടാർ, മണിമലയാർ, പമ്പയാർ എന്നിവിടങ്ങളിലെല്ലാം മാലിന്യം ഒഴുക്കുന്ന സാമൂഹ്യവിരുദ്ധരെ കണ്ടെത്താൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.
നാട്ടുകാർ റെഡി, അധികൃതർ ഇടപെടുന്നില്ല
മണിമലയാറ്റിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ രാത്രി ഉറക്കമിളച്ചിരിക്കാൻ നാട്ടുകാർ തയ്യാറാണ്. ഇപ്പോഴും ചിലദിവസങ്ങളിൽ ഇവർ കാവലിരിക്കുന്നുമുണ്ട്. എന്നാൽ ആളില്ലാത്ത തക്കംനോക്കിയാണ് കഴിഞ്ഞദിവസം പുലർച്ചെ മാംസാവശിഷ്ടം തള്ളിയത്. കുറ്റൂർ പഞ്ചായത്തും തിരുവല്ല നഗരസഭയും അതിർത്തിപങ്കിടുന്ന ഭാഗമാണ് തോണ്ടറപ്പാലം.
കാമറകൾ സ്ഥാപിക്കണം
അജയകുമാർ
പ്രദേശവാസി
നിരീക്ഷണ കാമറകൾ സ്ഥാപിച്ചാൽ സാമൂഹ്യവിരുദ്ധരെ കണ്ടെത്താം. കുറ്റൂർ പഞ്ചായത്തും നഗരസഭയും നിരീക്ഷണകാമറകൾ സ്ഥാപിക്കുമെന്ന് പറയുന്നുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. പൊലീസിന്റെ പട്രോളിംഗും എം.സി റോഡിൽ ശക്തമാക്കണം.
മണിമലയാർ സംരക്ഷണ സമിതി
കൈയേറ്റത്തിന് ഇരയായി ഒഴുക്ക് നഷ്ടപ്പെട്ട് മാലിന്യകേന്ദ്രമായി മാറിയ മണിമലയാറിനെ വീണ്ടെടുക്കാനായി രണ്ട് വർഷം മുമ്പാണ് മണിമലയാർ സംരക്ഷണ സമിതിക്ക് രൂപം നൽകിയത്. തിരുവല്ല നഗരസഭയിലെയും കുറ്റൂർ, നെടുമ്പ്രം പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും നേതൃത്വത്തിലായിരുന്നു പ്രവർത്തനം. കദളിമംഗലം മുതൽ ഒാട്ടാഫീസ് കടവ് പാലം വരെ അന്ന് സമിതിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു.