അടൂർ: സംസ്ഥാനത്ത് കിഫ് ബിക്ക് കീഴിലെ നിറുത്തിവയ്ക്കുന്ന 12 പദ്ധതികളിൽ അടൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമ്മാണവും. പണിയിലെ മെല്ലപ്പോക്കാണ് വിനയായത്. തുടക്കം മുതലുള്ള മന്ദഗതിയെക്കുറിച്ച് കഴിഞ്ഞ സെപ്തം. 22ന് 'അറിയുന്നില്ലേ ഈ അനാസ്ഥ എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതായിരുന്നു കിഫ്ബിയുടെ സാങ്കേതിക പരിശോധന വിഭാഗത്തിന്റെ കണ്ടെത്തൽ. അസംബ്ളി മണ്ഡലത്തിലെ ഒരു സ്കൂൾ അന്തർ ദേശീയ നിലവാരത്തിലാക്കാൻ ഇടതു സർക്കാർ തുടങ്ങിയ പദ്ധതിയിലാണ് അടൂർ ഗവ. ബോയ്സ് എച്ച്.എസ്.എസ് ഇടം പിടിച്ചത്. 8.75 കോടി രൂപയുടെ പദ്ധതിയായിരുന്നു. പരമ്പരാഗത കെട്ടിടങ്ങൾ നിലനിറുത്തി പുതിയ ബഹുനില മന്ദിരമാണ് നിർമ്മിക്കുന്നത്. ചെന്നൈ ആസ്ഥാനമായുള്ള എം.കെ.എം.എസ് ബിൽഡേഴ്സ് ആണ് കരാർ നേടിയെടുത്തത്. ഇവർ നിർമ്മാണ ചുമതല മറ്റൊരു ഏജൻസിക്ക് കൈമാറി. സംസ്ഥാന സർക്കാരിന്റെ നേരിട്ട് നിയന്ത്രണമുള്ള കൈറ്റ് എന്ന ഏജൻസിക്കായിരുന്നു നിർവഹണ ചുമതല.
2018 ജൂണിൽ തുടങ്ങിയ നിർമ്മാണം ഒരു വർഷം കൊണ്ട് തീർക്കണമെന്നായിരുന്നു കരാർ വ്യവസ്ഥ. പ്രളയത്തെ തുടർന്ന് കരാർ കാലാവധി ആറ് മാസം കൂടി നീട്ടിയെങ്കിലും 50 ശതമാനം പണിപോലും പൂർത്തിയായില്ല. മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയുടെ കോൺക്രീറ്റു പോലും പൂർത്തിയായില്ല. ഫലത്തിൽ ഡിസംബറിലും നിർമ്മാണം പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് കിഫ്ബിയുടെ സാങ്കേതിക വിഭാഗം കണ്ടെത്തിയത്. പണി നിറുത്തിവയ്ക്കാൻ നിർദ്ദേശം നൽകിയതിനൊപ്പം വിശദീകരണവും അരാഞ്ഞിട്ടുണ്ട്. വിശദീകരണം തൃപ്തിയെന്ന് ബോദ്ധ്യപ്പെടുന്നതിനൊപ്പം എന്ന് പൂർത്തീകരിക്കും എന്ന ഉറപ്പ് നൽകിയാൽ മാത്രമേ തുടർ അനുമതി ലഭിക്കൂ.
ആകെ ചെലവ്: 8.75 കോടി.
കിഫ്ബി ഫണ്ട് - 5 കോടി
എം.എൽ.എ ഫണ്ട് - 1.50 കോടി
(ശേഷിക്കുന്ന തുക പി.ടി.എ യും ജില്ലാ പഞ്ചായത്തും കണ്ടെത്തണം)
തുടക്കം മുതൽ തികഞ്ഞ അനാസ്ഥയാണ് കരാറുകാരുടേത്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും കിഫ്ബിക്കും പരാതി നൽകിയിരുന്നു.
ചിറ്റയം ഗോപകുമാർ എം.എൽ.എ