fire-force
നായ ഓടിച്ചതിന് തുടർന്ന് എം.സി റോഡിൽ അപകടം നടന്ന സ്ഥലത്ത് കെട്ടികിടന്ന ചോര ഫയർഫോഴ്സ് സംഘം കഴുകിക്കളയുന്നു

ചെങ്ങന്നൂർ: തെരുവുനായ്ക്കൾ ക്രമാതീതമായി പെരുകുമ്പോഴും നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർക്ക് കഴിയാത്തത് ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നു. തെരുവുനായയെ പേടിച്ച് ഓടിയ കാൽനടയാത്രക്കാരന് ഇന്നലെ മുളക്കുഴയിൽ ജീവൻതന്നെ നഷ്ടമായി. ചെങ്ങന്നൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിയന്ത്രണാതീതമായാണ് നായ്ക്കകൾ പെറ്റുപെരുകുന്നത്. ഹോട്ടലുകളിലേയും തട്ടുകടകളിലേയും വഴിയോരങ്ങളിൽ കുമിളുപോലെ മുളച്ചു പെന്തുന്ന വഴിയോര മത്സ്യവ്യാപാരികളുമാണ് തെരുവുനായ്ക്കളെ വളരുന്നതിന് മുഖ്യ പങ്ക് വഹിക്കുന്നത്. ഏതാനും നാളുകൾക്ക് മുമ്പാണ് പേവിഷബാധയുളള തെരുവുനായയുടെ കടിയേറ്റ് ജില്ലാ ആസ്ഥാനത്തു തന്നെ നിരവധിപേർ ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നിട്ടും ഇവയെ നിയന്ത്രിക്കാൻ അധികൃതർ തയാറാകുന്നില്ല.

തീറ്റയും നൽകും

മാലിന്യ സംസ്ക്കരണത്തിന് ശാസ്ത്രീയ സംവിധാനങ്ങളില്ലാത്ത ചെങ്ങന്നൂർ നഗരസഭയിൽ സ്വകാര്യ വ്യക്തി ഹോട്ടൽ വേസ്റ്റ് ശേഖരിച്ച് നൽകിയാണ് തെരുവു നായ്ക്കളെ വളർത്തുന്നത്. ഇത് മുഖവിലക്കെടുക്കാനോ ഇത്തരം പ്രവർത്തനം ഇല്ലാതാക്കാനോ കഴിയാത്തത് നായ്ക്കൾ പെരുകുന്നതിന് കാരണമാകുന്നു.

നിയന്ത്രണത്തിന് 2 ലക്ഷം

തെരുവുനായ്ക്കളെ കൊല്ലാൻ കഴിയാത്തതാണ് ഇവ പെറ്റുപെരുകാൻ കാരണം. നിലവിൽ നായ്ക്കളെ വന്ധ്യംകരിക്കാൻ മാത്രമാണ് നിയമം അനുവദിക്കുന്നത്. ജില്ലാ പഞ്ചായത്താണ് ഈ പ്രവർത്തി ഏറ്റെടുത്ത് നടപ്പിലാക്കേണ്ടത്. നഗരസഭയിലെ നായ്ക്കൾ ഇത്തരത്തിൽ എണ്ണം പെരുകാതെ നിയന്ത്രിക്കാനുളള ശ്രമം നടക്കുന്നുണ്ട്. ഇതിനായി രണ്ടുലക്ഷം രൂപ നഗരസഭ ജില്ലാപഞ്ചായത്തിന് നൽകിയെങ്കിലും ഇതുവരെ നായ്ക്കളെ വന്ധ്യംകരിക്കാനുളള നടപടികൾ സ്വീകരിച്ചിട്ടില്ല.

നായ്ക്കൾ ജനങ്ങൾക്ക് ഭീഷണിയായി പെറ്റുപെരുകുന്നത് നിയന്ത്രിക്കാൻ സർക്കാർ വന്ധ്യം കരണമല്ലാതെ മറ്റ് വഴികൾ തേടണം

കെ.ഷിബുരാജൻ

(നഗരസഭാ ചെയർമാൻ)