തിരുവല്ല: നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യ വസ്തുക്കൾ, നിരോധിത പ്ലാസ്റ്റിക് കവറുകൾ എന്നിവ പിടിച്ചെടുത്തു. തിരുവല്ല മാർക്കറ്റ് ജംഗ്‌ഷൻ, കാവുംഭാഗം എന്നിവിടങ്ങളിലെ വഴിയോര കച്ചവട കേന്ദ്രങ്ങൾ, കോഴിക്കടകൾ, പച്ചക്കറി കടകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കാവുംഭാഗം ജംഗ്‌ഷനിലെ കോഴിക്കടയിൽ നിന്ന് പഴകിയ ഇറച്ചി പിടികൂടി നശിപ്പിച്ചു. കാവുംഭാഗം ഷോപ്പിംഗ് കോംപ്ലക്‌സിലെ പച്ചക്കറി കടയിൽ നിന്ന് പഴകിയ പാൽ, ബ്രെഡ്, കേക്ക്, ദോശമാവ് എന്നിവ പിടിച്ചെടുത്തു. വഴിയോര കച്ചവടക്കാർ പഴകിയ പച്ചക്കറികളുടെ കേടായ ഭാഗം മുറിച്ചുമാറ്റി പ്ലാസ്റ്റിക് കിറ്റുകളിലാക്കി വിൽപ്പന നടത്തുന്നത് കണ്ടെത്തി. നിരവധി കടകളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് കവറുകളും പിടികൂടി. പിഴവുകൾ കണ്ടെത്തിയ കട ഉടമകളിൽ നിന്ന് പിഴ ഈടാക്കിയാതായി നഗരസഭാ സെക്രട്ടറി എസ്.ബിജു അറിയിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അജി എസ്.കുമാർ, എ.ബി.ഷാജഹാൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ദേവസേനൻ, സജിത.എ.ജി, ധന്യാ മോഹൻ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.